Wednesday, July 25, 2018

മനസാക്ഷിയുടെ ഷെയറുകൾ മാർക്കറ്റ് ചെയ്യപ്പെടുമ്പോൾ...


കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി സ്കൂൾ യൂണിഫോമിൽ മീൻവിൽക്കുന്നത്തിന്റെ ഫോട്ടോസ് സാമൂഹിക മാധ്യമങ്ങളിലും ഓൺലൈൻ പത്രങ്ങളിലും പ്രചരിച്ചുവല്ലോ. അതിനെ പിന്തുടർന്ന് കുട്ടിക്ക് സിനിമയിൽ അഭിനയിക്കുവാൻ അവസരം കിട്ടിയെന്നും കേട്ടു. ആ വാർത്ത കണ്ടപ്പോൾ ആദ്യം ഓർത്തത് വിളക്കിന്റെ കീഴിൽ പഠിച്ച എബ്രഹാം ലിങ്കന്റെ കഥയാണ് , പിന്നീട് കിലോമീറ്ററുകളോളം നടന്നു സ്കൂൾ വിദ്യാഭ്യാസം നേടി ഇന്ത്യയുടെ പ്രസിഡന്റ് പദത്തിലെത്തിയ കെ ആർ നാരായണനും. ഇപ്പോഴും ഇവരെപ്പോലെ ബുദ്ധിമുട്ടി പഠിക്കുന്നവർ ഉണ്ടല്ലോ, വിദ്യാഭ്യാസമാണ് ലോകത്തെ ഏറ്റവും വലിയ ധനം എന്ന് വിശ്വസിക്കുന്ന ഒരു സമൂഹം ഉള്ളതിലും സന്തോഷിച്ചു. എന്നാൽ അവയെല്ലാം ഞെട്ടിക്കുന്ന വിധമാണ് വൈകുന്നേരത്തെ സിനിമാ കഥ വന്നത്. മനസാക്ഷിയുടെ ഷെയറുകൾ മാർക്കറ്റ് ചെയ്യപ്പെടുകയും ആ പെൺകുട്ടി ഇന്നലെ പോസിറ്റീവ് മാർക്കറ്റിങ്ങിലൂടെ യും ഇന്ന് നെഗറ്റീവ് മാർക്കറ്റിങ്ങിലൂടെയും താരമാക്കുന്നു. പ്രശസ്തി ആഗ്രഹിക്കുന്നവർക്ക് ഏതു വിധേനയും അതുനേടി എടുക്കുവാൻ  കഴിഞ്ഞു.

കഴിഞ്ഞ ദിവസം ആഹാരം വാങ്ങുവാൻ പോയപ്പോൾ അവിടുത്തെ കടയിൽ അമ്മയെ സഹായിക്കുന്ന രണ്ടു കുട്ടികളെ കണ്ടു, അവരും സ്കൂൾ യൂണിഫോമിലാണ്, മൊബൈൽ ഫോണിൽ പാട്ടുമൊക്കെ വെച്ച്ഒരാൾ ഗോബി മഞ്ചൂരിയൻ ഉണ്ടാക്കുവാൻ കോളിഫ്ലവർ വറക്കുന്നു, ഇളയ ആൾ അമ്മയുണ്ടാക്കിയ കറി പാക്ക് ചെയ്തു കൊടുക്കുന്നു. വിദേശവാസത്തിനിടെ കണ്ടത് അവിടുത്തെ ഒട്ടുമിക്ക കുട്ടികളും ജോലി ചെയ്താണ് പോക്കറ്റ് മണി ഉണ്ടാക്കുന്നത്. ഇന്ത്യയിൽ നിന്നും മാസ്റ്റേഴ്സ് ചെയ്യുവാൻ പോകുന്നവരും ഇത് തന്നെ ചെയ്യുന്നു.  വക്കേഷൻ സമയങ്ങളിൽ ഞങ്ങളും ചെയ്തിട്ടുണ്ട്, അതിനെക്കുറിച്ച് പിന്നീട് എഴുതാം. പഠിക്കുന്നതിനിടക്ക് കുട്ടികൾക്ക് ട്യൂഷൻ എടുക്കുകയും ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കുകയും ചെയ്യുന്ന എത്രയോപേർ ഇപ്പോഴുംനാട്ടിൽ ഉണ്ട്. ഇവിടെ മണ്ടന്മാർആക്കപ്പെട്ട ഷെയർ സപ്പോർട്ട് തൊഴിലാളികളെ ഓർത്തു ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ ഊറി ചിരിക്കുന്നുണ്ടാവാം. സോഷ്യൽ മീഡിയ അങ്ങനെയാണ്. യാഥാർഥ്യത്തിന്റെ പുറകിൽ പോകാതെ ട്രെൻഡിന്റെ പുറകിൽ പോകും. ഇത്തരം നെഗറ്റീവ് മാർക്കറ്റിങ് എല്ലായ്‌പോഴും പിന്നോട്ടടിക്കുക യഥാർത്ഥ ആവശ്യക്കാരെ ആകും. ഇത്തരം വാർത്തകൾ ഷെയർ ചെയ്യുന്നവർ അതിന്റെ സത്യാവസ്ഥ മനസിലാക്കി ചെയ്യുവാൻ ശ്രമിക്കുമല്ലോ. 

Wednesday, June 20, 2018

ഡാ നീ എന്നെ പറ്റിക്കുവാരുന്നോ...

ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. പുതുതായി പണികഴിപ്പിച്ച ചുറ്റമ്പലം നനഞ്ഞു നിന്നു , അവർ വന്നത് പളനിക്കുപോകാനുള്ളകാവടി പൂജിക്കുന്നതിനും.ഒരു പക്ഷെ വര്ഷങ്ങള്ക്കു ശേഷം അവനെ കണ്ടത് അവിടെവെച്ചാണ്. അതിനു മുമ്പ് എന്നാണ് കണ്ടതെന്ന് ഓർമയില്ല. ഒരു പക്ഷെ നേരിട്ട് സംസാരിച്ചിട്ടുംപോലും ഉണ്ടാവില്ല. അവന്റെ ഇപ്പോഴുത്തെ പ്രായം 24 , ഞാൻ  നാട്ടില്നിന്നുപോകുംമ്പോൾ  അവൻ ഒരു കൗമാരക്കാരൻ പോലും ആയിട്ടുണ്ടാവില്ല. കണ്ടപാടെ അടുത്തുവന്നു. ഞാൻ അപ്പോൾ അവനോടു ചോദിച്ച വാചകം നീ എന്നെ പറ്റിക്കുവാരുന്നോ... എന്താ അണ്ണാ അങ്ങനെ ചോദിച്ചേ.. അല്ല നിന്നെ കണ്ടാൽ കുഴപ്പം ഒന്നും ഇല്ലല്ലോ... അണ്ണാ അത് ഞാൻ നേരുത്തെ പറഞ്ഞിട്ടില്ലേ.. എന്നെ കണ്ടാൽ ഒന്നും പറയില്ല. പക്ഷെ അന്ന് വയ്യാരുന്നു.. ഇപ്പൊ അതെല്ലാം മാറി.. കുറച്ചു പ്രഷർ ഇഷ്യൂ ഉണ്ട്.. ഞങ്ങൾ നാളെ പളനിക്കുപോകുന്നു.. കാറിൽ ആണ് പോകുന്നത്.. ഡ്രൈവ് ചെയ്യണം.. പ്രഷർ ഉണ്ടെങ്കിൽ രാത്രി ഉറക്ക ഒളിച്ചു ഡ്രൈവ് ചെയ്യണ്ട.. തലവേദനവരും.. കൂടാതെ തമിഴ്‌നാട്ടിൽ നല്ല റോഡ് ഉണ്ടാവും. അമിത വേഗതയും വേണ്ട... അത്രയും പറഞ്ഞു നിർത്തിയപ്പോഴേക്കും പൂജാരി പുറത്തു വന്നു... അവർ പൂജിച്ച മയില്പീലിയും വാങ്ങി ക്ഷേത്രത്തെ വലംവെച്ചു നടന്നകന്നു.

കഴിഞ്ഞ രണ്ടു മാസമായി  ഞായറാഴ്ചകൾ തിരുവനന്തപുരത്താണ്. ശ്രീകുട്ടിയുടെ നാടോടിനൃത്തത്തിന്റെ അരങ്ങേറ്റത്തിന്റെ പരിശീലനം നടക്കുന്നു. അതൊഴിവാക്കരുതെന്നു പഠിപ്പിക്കുന്നെടുത്തുനിന്നും പറഞ്ഞിട്ടുണ്ട്. വൈകുന്നേരത്തെ നടത്തം കഴിഞ്ഞു ഞാനും ചിന്നുവും എന്റെ വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ചും മറ്റുമായിരുന്നു സംസാരിച്ചിരുന്നത്. വളരെ അധികം സമയം സോഷ്യൽ മീഡിയയിൽ കളയുന്നു, ഒഴിവാക്കുവാൻ കഴിയുന്നതൊക്കെ ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. കുറെ ഒക്കെ ഒഴിവാക്കി. അപ്പോഴാണ് ഒരു ഫോട്ടോ മെസ്സേജ് ശ്രദ്ധയിൽ പെട്ടത്. ആദ്യം കണ്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല, അപ്പോൾ തന്നെ ഫോൺ എടുത്തു മഹേഷിനെ വിളിച്ചു. അണ്ണാ സത്യമാ.. ഉച്ചക്കായിരുന്നു. ആരുണ്ട് കൂടെ, ഫോൺ നമ്പർ അയക്കു.. ഞാൻ പോകാം. മഹേഷ് സുബിന്റെ നമ്പർ അയച്ചു തന്നു. വിളിച്ചപ്പോൾ അവർ അന്തപുരി ഹോസ്പിറ്റലിൽ ആണ്. ഞാൻ ഉടനെ വരാം എന്ന് പറഞ്ഞു ഫോൺ വെച്ചു. പാലുകാച്ചു കഴിഞ്ഞു കുറച്ചു കാലമായെങ്കിലും അവളുടെ ചേച്ചിയുടെ വീട്ടിൽ ഇതുവരെ പോയില്ല, ഇന്നെങ്കിലും പോകണം എന്ന് പറഞ്ഞിരുന്നു. പക്ഷെ ഇത് കേട്ടപ്പോൾത്തന്നെ ഇന്നിനി നടക്കില്ല, മറ്റൊരുദിവസം ആകാം , എന്നും പറഞ്ഞു ഞാൻ ബൈക്ക് എടുത്തു അന്തപുരിയിലേക്കു പോയി. വഴി വലിയ നിശ്ചയം ഇല്ല.. ഒന്ന് റോഡിൽ കണ്ട ഒന്നുരണ്ടുപേരോടു ചോദിച്ചു , പലതവണ വഴി തെറ്റിയെങ്കിലും ഹോസ്പിറ്റലിൽ എത്തി. അവിടെ സുബിനെ കണ്ടു.  അനുജൻ എവിടെ എന്ന് ചോദിച്ചപ്പോൾ , സ്റ്റെയറിൽ മൊബൈലിൽ ചേട്ടന്റെ ഫോട്ടോ നോക്കിയിരിക്കുന്ന വിജയകുമാറിനെ ചൂണ്ടി കാട്ടി. ഗൾഫിൽ നിന്നും വന്ന ഒരു സുഹൃത്തിനെ തപ്പി മണ്ണൂർക്കാവിൽ പോയപ്പോൾ വിജയകുമാറിനെ ഇന്നലെ കണ്ടതാണ്, അപ്പോൾ അവനെ കുറിച്ച് ചോദിച്ചു, സപ്താഹത്തിനു ഉള്ളിൽ ചോറുവിളമ്പുന്നു. പളനി പോയിട്ട് എപ്പോ വന്നു മേഞ്ഞ് ഉണ്ടായിരുന്നു യാത്ര, അടിപൊളി ആരുന്നു, അടുത്ത നിന്ന ആരോ അവർ കറങ്ങാൻ പോയപ്പോൾ പളനി വരെ കയറി എന്ന് മറുപടിയും പറഞ്ഞു. എത്ര സന്തോഷത്തെ നടന്നവർ.. അവനു ഒട്ടും ഉൾകൊള്ളാൻ കഴിയുന്നില്ല എന്ന് മനസിലായി.. ഒറ്റയ്ക്ക് ഇരിക്കേണ്ട എന്ന് കരുതി ഞാൻ കൂടെ പോയി ഇരുന്നു.. മെല്ലെ വിളിച്ചു താഴെ നടക്കാൻ കൊണ്ടുപോയി.. അപ്പോൾ മോർച്ചറിയുടെ അടുത്തേക്ക്  ചെല്ലാൻ സുബിൻ വിളിച്ചുപറഞ്ഞു. 

വിജയകുമാറെ നമുക്ക് പോകണം, അവിടെ തിരക്കുന്നു, അങ്ങനെ ചെന്നപ്പോൾ രവിയണ്ണൻ ( മൈനാഗപ്പള്ളി രവി ) ഉണ്ട് . മോർച്ചറിയും കടന്നു ഞങ്ങൾ പുറത്തു പോയിനിന്നു ,രവിയണ്ണൻ അണ്ണന്റെ കുറെ അനുഭവങ്ങൾ ഇടയ്ക്കു അണ്ണനെ ആരോ ഫോൺ ചെയ്തു ആംബുലൻസ് ന്റെ കാര്യങ്ങളും മറ്റും വ്യവസ്ഥ ചെയ്തു. അപ്പോഴും മനസ്സിൽ അവനുമായി സംസാരിച്ചവ ഒക്കെ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. ചുരുങ്ങിയ പ്രായത്തിൽ തന്നെ ഒരു യുവജന പ്രസ്ഥാനത്തിന്റെ പഞ്ചായത്തു അമരക്കാരൻ ആയതും , കുറെ സമരങ്ങൾ നയിച്ചതും , സംഘടനാ പാടവം പ്രകടിപ്പിച്ചതും പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ആശയം പ്രചരിപ്പിക്കാൻ പത്രം വേണം എന്നതിരിച്ചറിവാൽ പത്രത്തിന്റെ ഏജൻസിഎടുത്തതും .നടത്തിക്കൊണ്ടു പോകുന്നതിനായി ബുദ്ധിമുട്ടിയതുമെല്ലാം.  പലകാരണങ്ങളാൽ ഇടയ്ക്കു വീട്ടിലും പോകുമായിരുന്നു,അവിടെയും  നല്ല ബന്ധം.  ടൂട്ടോറിയലിൽ പഠിപ്പിക്കുന്നതും പി എസ് സി വർക്കും പ്രതീപ് നാട്ടിൽ ഇല്ലാത്തതിനാൽ മൈക്ക്സെറ്റുമായും നല്ല തെരക്കോടെ ജീവിച്ച വളരെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്ന അതിനുവേണ്ടി കഷ്ടപ്പെടാൻ തയ്യാറായിരുന്ന  ചെറുപ്പക്കാരൻ ജയകൃഷ്ണൻ, ഞങ്ങളുടെ ജെകെ. വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല മോർച്ചറിയിൽ നിന്നും വെള്ളത്തുണിയിൽ പൊതിഞ്ഞു അവനെ പുറത്തേക്കു കൊണ്ടുവരുന്നത്. ബോഡി ആംബുലൻസിൽ കയറ്റി ഗോപനോട് യാത്രയും പറഞ്ഞു മടങ്ങുമ്പോഴും മഴ ചാറുന്നുണ്ടായിരുന്നു. 

ദൈവങ്ങളെ നിങ്ങൾ എന്തിനു ഇത്ര ക്രൂരത കാട്ടി ആ ചെറുപ്പക്കാരനോട്. തെരക്കുകളുടെ ഇടയിൽ അവൻ ശ്രദ്ധിക്കാഞ്ഞ ഒരു ചെറിയ അസുഖം , രക്സ്ത സമ്മർദം അവന്റെ ജീവൻ കവർന്നു. അവന്റെ സ്വപ്‌നങ്ങൾ... ഞങ്ങൾ കുറച്ചുപേരുടെ കടമയാണ്..... മറക്കില്ല അനുജാ മരിക്കുവോളം... 


Saturday, June 9, 2018

ഫുട്ബോൾ വസന്തത്തിന്റെ കഥ. (പാർട്ട് 2 )

ഫുട്ബോൾ കളിക്കാരുടെയും സംഘടകരുടെയും മാത്രമല്ല, കാണികളുടേതും ആരാധകരുടേതും കൂടിയാണ് . ഫുട്ബോളിനെ ആഘോഷിക്കുന്നതും അവർതന്നെ. ഫുട്ബോൾ കളി നിയന്ത്രിക്കാൻ റെഫറി എടുക്കുന്നതിനേക്കാൾ കൂടുതൽ അധ്വാനം കാണികളെയും ആരാധകരെയും നിയന്ത്രിക്കാൻ വേൾഡ് കപ്പ് സംഘടിപ്പിക്കുന്നിടത്തെ പോലീസ് സേന ചെയ്യേണ്ടതായി വരും. കാണികളെ കുറിച്ച് പറയുമ്പോൾ ഒരിക്കലും മറന്നുകൂടാത്ത പേരാണ് ജന്റിൽ മാൻ എന്നറിയപ്പെടുന്ന  ആന്ദ്രെസ് എസ്കോബാർ ( Andres Escobar ) , 94 ലെ ലോകകപ്പിൽ കൊളമ്പിയെ പ്രതിനിധീകരിച്ച മഹാനായ പ്രതിരോധനിരയിലെ മിന്നും താരം. കാൽപ്പന്തുകളിയിൽ എല്ലാം തകിടം മറിയാൻ ഒരു നിമിഷം മതി, ജൂൺ 22 നു  അമേരിക്കക്കെതിരെയുള്ള മത്സരത്തിൽ ജോൺ ഹർക്കസ്സിന്റെ (John Harkes ) ന്റെ നിരുപദ്രമായ ഒരു ക്രോസ്സ്‌ എസ്കോബാറിന്റെ കാലിൽ തട്ടി സ്വന്തം സ്വന്തം പോസ്റ്റിന്റെ വലകുലുക്കുന്നു. മത്സരത്തിൽ തോറ്റ കൊളംബിയ ലോകകപ്പിൽ നിന്നും പുറത്താകുന്നു. ആ സെൽഫ്ഗോളിന് എസ്കോബാർ നൽകേണ്ടിവന്ന വില സ്വന്തം ജീവനും. 1994 ജൂലൈ  ഒന്നാം തീയതി, ഫുട്ബോൾ ചരിത്രത്തിലെ കറുത്ത ദിവസങ്ങളിൽ ഒന്ന് അമേരിക്കയിലെ ബാറിൽ ഫുട്ബോൾ ആരാധകരിൽ ഒരുവൻ എസ്കോബാറിനെ ലക്ഷ്യമാക്കി വെടിയുണ്ടകൾ പായിക്കുമ്പോൾ ഗോൾ ഗോൾ എന്ന് അട്ടഹസിക്കുന്നുണ്ടായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ജീവൻ നഷ്ടപ്പെട്ട എസ്കോബാറിനെ ലോകം കാല്പന്തുകളിയിലെ ജന്റിൽ മാൻ എന്ന് വിശേഷിപ്പിക്കുന്നു. ആരാധകരുടെ ഇതുപോലെയുള്ള  പെരുമാറ്റങ്ങളിൽ   കുപ്രശസ്തരാണ് ഇംഗ്ലണ്ടുകാരും. അവരെക്കുറിച്ചു പിന്നീട് പറയാം.

ലോകകപ്പ് ഫുട്ബോളിലെ കാണികൾ ഇങ്ങനെയൊക്കെ എങ്കിലും പഞ്ചായത്തു ഗ്രൗണ്ടിലും സ്ഥിരം കാണികൾ ഇങ്ങനെ ഒന്നും ആയിരുന്നില്ല, ഫുട്ബോളിനെ ആജീവനാന്ത കാലം സ്നേഹിച്ച കളിപ്രേമികൾ, അവരിൽ  പ്രധാനികളാണ് നമ്മളെ വേർപിരിഞ്ഞുപോയ ദാമോദരൻ പിള്ള അമ്മാവൻ , പ്രമോദനന്റെ അച്ഛൻ നാണു സർ , ജയകുമാരണ്ണന്റെയും ശ്യാംമണ്ണന്റെയും അച്ഛൻ , കുറ്റിപ്പുറത്തുനിന്നും ചെല്ലപ്പൻ, തങ്കപ്പൻ പിള്ള അമ്മാവൻ , സീമ എന്നറിയപ്പെട്ടിരുന്ന അമ്മാവൻ. വിശ്വനാഥൻ പിള്ളഅമ്മാവനും , ബീമാ മുതലാളിയും ഒക്കെ ഇപ്പോഴും പന്തുകളിയുണ്ടെങ്കിൽ കുറച്ചുനേരമെങ്കിലും ഗ്രൗണ്ടിന്റെ അരഭിത്തിയിൽ വന്നിരിക്കും. കളി കണ്ടിട്ട് തിരിച്ചു പോകും ഇവരൊക്കെ എത്ര തലമുറയുടെ കളി കണ്ടിരിക്കുന്നു. ഓരോകളിക്കാരെ കുറിച്ചും വളരെ വ്യക്തമായ അഭിപ്രായങ്ങൾ തരുവാനും അവർക്കൊക്കെ കഴിഞ്ഞിരുന്നു. പക്ഷെ ഒരിക്കലും ആരെയും വിമർശിച്ചു കണ്ടിട്ടില്ല, അ കൊച്ചുമക്കളാവാൻ പ്രായമുള്ളവരെ മുന്നോട്ടുപോകാൻ പ്രോത്സാപ്പിച്ചതിൽ ഇവരുടെ ഭാഗം വളരെ വലുതാണ്. അവരുടെ വൈകുന്നേരങ്ങൾ നിലക്കാതെ ഉരുളുന്ന ഫുട്ബോളിന്റെ പുറകിലും.

2006 ലെ ഫുട്ബോൾ ടൂർണമെന്റിന്റെ പേര് സൂപ്പർ സോക്കർ , 1998 ലെ സംസ്ഥാന തല ഹാൻഡ്ബാൾ ചാമ്പ്യൻ ഷിപ്പിനു മുമ്പ് കെ ആർ സി നടത്തിവന്നിരുന്ന ഫുട്ബോൾ ടൂർണമെന്റിന്റെപേര്കടമെടുത്തു . ഇപ്പോൾ ഫ്രീകിക്ക് എന്നപേരിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പഴയ പെരുമാറ്റിയതിന്റെ കാരണം വ്യക്തമല്ല. ഞായറാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിക്കുന്നവിധം സമയം ക്രമീകരിച്ചു. മത്സരം തുടങ്ങി ആദ്യ പാദ മത്സരങ്ങൾ എല്ലാം സംഘാടകരുടെ നിയമപ്രകാരം നടന്നു. ഓരോ കളികളും അതി വാശിയേറിയവ, ജീവന്മരണപോരാട്ടങ്ങൾ. ഓരോ ദിവസംകഴിയുംതോറും കാണികളുടെ എണ്ണവും കൂടിവന്നു. ഇടക്ക് ഒരാൾ 19 വ്യാജ സർട്ടിഫിക്കറ്റ് കാട്ടി കളിക്കാൻ ഇറങ്ങി, കാളികാണുവാൻ വന്നവരിൽ ആർക്കോ കക്ഷിയെ പരിചയം ഉണ്ടായിരുന്നു പോലും, ചോദ്യം ചെയ്യലായി  ഉന്തും തള്ളുമായി , അങ്ങനെ 19 വയസെന്ന നിയമം എടുത്തുകളഞ്ഞു. കുട്ടികൾക്കായി തുടങ്ങിയ ടൂർണമെന്റ് വലിയവരിലേക്കു ചെന്ന് നിൽക്കുന്ന അവസ്ഥ. ഫുട്ബോളിന്  ഇത്രയുമധികം വികാരം ഉണർത്തുവാൻ കഴിയുമെന്ന് അടുത്തറിഞ്ഞ ദിവസങ്ങൾ. മറ്റുള്ള ടീമുകൾ പ്രായം കൂടിയ കളിക്കാരെ ഇറക്കുമ്പോഴും കെ ആർ സി പുതുമുഖങ്ങൾക്കു അവസരം നൽകി.  ആദ്യ രണ്ടുകളിയിലും ആധികാരികമായി കളിച്ചവർ ഫൈനലിൽഎത്തി , കൗമാരക്കാരായ അവരുടെ ആവേശം അണപൊട്ടിയൊഴുകി. ഓരോ കളിയും സ്പോൺസർ ചെയ്യാൻ സുഹൃത്തുക്കളും സ്ഥാപനങ്ങളും ഞങ്ങളെ തേടിയെത്തി. സെമിഫൈനൽ മുതൽ വരുന്ന ടീമുകൾക്ക് ചെറിയ ഒരുതുക ട്രാവൽ അലവൻസ് ആയി നൽകിത്തുടങ്ങി. ഇവിടെ കളിനടക്കുന്ന വിവരവും ചെറിയ വിഷയങ്ങൾ നടന്നകാര്യവും ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ആരോ അറിയിച്ചു. പോലീസ് വന്നു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ കളിനടക്കുമ്പോൾ അവിടെ ഒരു ജീപ്പ് പോലീസ്‌കാരും വന്നിരുന്നു.


 ഫൈനലിൽ കിങ്‌സ് സ്റ്റാർ വടക്കുംതലയും, കെ ആർ സിയും. നിനച്ചിരിക്കാതെ ക്ലബ്ബിലെ മുതിർന്നവർ  കഠിനമായ തീരുമാനം എടുത്തു.  കിങ്‌സ് വളരെ സീനിയർസ് ആയ കളിക്കാരെയാണ് ഇറക്കുന്നത്, നമ്മളും കളി പരിചയമുള്ള ടീമിനെ ഇറക്കണം. അതുകൊണ്ട് ഉദ്ദേശിച്ചതെന്നതെന്നും കേട്ടിരുന്ന കൗമാരക്കാരുടെ കണ്ണിലെ നിരാശ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. ഞാനും നിസ്സഹായനായി. പറഞ്ഞതുപോലെ കിങ്‌സ് സ്റ്റാർ എവിടെനിന്നൊക്കെയോ കുറെ ഇറക്കുമതി കളിക്കാരെ ഇറക്കി, വര്ഷങ്ങള്ക്കു മുമ്പ് ഗ്ലാസ്‌കോ തെൻകുംഭാഗത്തിനു വണ്ടികളിച്ചിരുന്ന 40 വയസിനു മുകളിൽ പ്രായമുള്ള പേരറിയാത്ത ഒരു ചേട്ടൻ ആയിരുന്നു അവരുടെ പ്രതിരോധത്തിന്റെ ചുക്കാൻ പിടിച്ചത്. കെ ആർ സി കൂട്ടത്തിലെ നല്ല ഒരുകൂട്ടം കളിക്കാരെയും തെരഞ്ഞു പിടിച്ചു ഇറക്കി. കെ ആർ സിയുടെ മുൻനിരക്കാരുടെ ഓരോ നീക്കങ്ങളും ആ പരിചയ സമ്പത്തിനു മുന്നിൽ അവസാനിച്ചു. വാശിയേറിയ മത്സരത്തിൽ രണ്ടു ടീമും ഒപ്പത്തിനൊപ്പം നിന്നു ഓരോഗോൾ വീതം നേടി, എക്സ്ട്രാ ടൈമിലേക്ക്‌ കളി നീണ്ടു. ഗ്രൗണ്ട് നിറഞ്ഞു നിന്ന കാണികളെ സാക്ഷിയാക്കി  പെനാൽറ്റി ഷൂട്ട് ഔട്ടിൽ കിങ്സ്റ്റാർ കപ്പ് നേടി. ട്രോഫി സമ്മാനിക്കാനായി വിശിഷ്ടഥിതികളെ ക്ഷെണിച്ചിരുന്നില്ലെങ്കിലും സ്ഥലം എസ് ഐ അവിടെ സന്നിദ്ധനായിരുന്നു. സുരക്ഷാപരമായ ചെറിയ വിഷയങ്ങൾ ഉണ്ടായെങ്കിലും ഫുട്ബോളിൽ മൈനാഗപ്പള്ളിക്കാരുടെ ആവേശം മനസ്സിലാക്കിയ അദ്ദേഹം ഫുട്ബോൾ പ്രേമികളെ  വളരെ പ്രോത്സാപ്പിക്കുന്ന രീതിയിൽ ചെറിയ സംഭാഷണവും നടത്തി.


പ്രാദേശികമായി കെ ആർ സി നടത്തിയ ടൂർണമെന്റ് കുന്നത്തൂരിനെ തന്നെ വലിയ ഫുട്ബോൾ ആവേശത്തിലേക്കു എത്തിച്ചു എന്നുവേണം പറയുവാൻ . പഞ്ചായത്തു മേളകൾ തിരികെ വന്നു , മുംബയിൽ അക്ബർ ട്രാവെൽസ് ഉൾപ്പെടെയുള്ളവർ മൈനാഗപ്പള്ളിയിലെത്തി, തിരുവനന്തപുരത്തുനിന്നും പൂന്തിറയിലുള്ളവരും,   പ്രതിഭ ഉള്ളൂരും , പത്തനാപുരത്തെ ടീമുകളും പത്തനംതിട്ടയിലെയും ആലപ്പുഴയിലെയും തൊടുപുഴയിലെയും ടീമുകളും കടൽ കടന്നുവന്ന ആഫ്രിക്കക്കാരും പഞ്ചായത്തു ഗ്രൗണ്ടിൽ മാറ്റുരച്ചു. 2006 ൽ മത്സരിച്ച ഒട്ടുമിക്ക ടീമുകളും ഫുട്ബോൾ ടൂർണമെന്റ് നടത്തി. 2007 ൽ  ചെറിയ വിഷമത്തോടെ ഞാൻ മറുനാട്ടിലേക്കു വണ്ടികയറി, ഇന്നും ആയാത്ര തുടരുന്നു. അപ്പോഴേക്കും ഫുട്ബോൾ ആവേശം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്നു. കെ ആർ സിക്കും വളരെ     2013 കാലഘട്ടത്തിലെ ഒരു അവധിസമയം  ശാസ്താംകോട്ട കോളേജ് ഗ്രൗണ്ടിൽ ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നുവെന്നറിഞ്ഞു കാളികാണുവാൻ പോയി. റഫറി ചെയ്യുന്നത് ഗ്രൗണ്ടിൽ കളിക്കുവാൻ വന്നിരുന്ന ദിനേശ്, അന്നാണ്  ദിനേശ് റഫറി ചെയ്യുവാനുള്ള സർട്ടിഫിക്കേഷൻ എടുത്ത വിവരം അറിയുന്നത്. കളി കഴിഞ്ഞു തിരിച്ചു പോരുവാൻ നേരം സുപരിചിത മുഖമുള്ള ഒരു ചേട്ടൻ വന്നു ചോദിക്കുന്നു, അറിയുമോ. മുഖപരിചയം ഉള്ളവരോട് എങ്ങനെ അറിയില്ല എന്ന് പറയും. 2006  ൽ നിങ്ങൾ നടത്തിയ ടൂർണമെൻറിൽ കിംഗ് ഇലവനെ ഇറക്കിയത് കക്ഷിആയിരുന്നുവെന്നു., അന്ന് നിങ്ങൾ കുറച്ചു കുട്ടികളുമായെല്ലേ വീട്ടിൽ തിരക്കിവന്നത്‌, എന്തായാലും അന്നത്തെ ഫുട്ബോൾ ആരവം ഇപ്പോൾ ഇവിടെയും, നന്ദി പ്രകടനമൊക്കെ ആയി പിരിഞ്ഞെങ്കിലും പേരറിയാത്ത ആ സുഹൃത് തിരിച്ചറിഞ്ഞ നിമിഷം എന്നും ഓർത്തുവെക്കുന്ന സ്വകാര്യ സന്തോഷവും.


ടൂർണമെന്റിന്കെ ശേഷം  ആർ സിക്ക് വേണ്ടി കളിച്ച കൗമാരക്കാർക്കുവേണ്ടി കൊല്ലത്തുനിന്നും പരിശീലകപരിശീലകർ വന്നു  പരിശീലനകളരി സംഘടിപ്പിച്ചു , അവർ തുടർച്ചയായി 5 വർഷത്തോളം  പഞ്ചായത്തുമേളയിൽ ചാമ്പ്യൻ മാർ ആയി. മറ്റു തലങ്ങളിലും നല്ല കളിമികവ് കാഴ്ചവെച്ചു. അവരിൽ ഏഴെട്ടുപേർ ഇന്ന്  ഇന്ത്യൻ സേനാവിഭാഗത്തിൽജോലിചെയ്യുന്നു. ചില വൈകുന്നേരങ്ങളിൽ അവർവാട്ട്സ്ആപ്പ് കൂട്ടായ്മയിൽ ഒത്തുകൂടും, പഴകിയ വീഞ്ഞുപോലെ വീര്യം കൂടിയ ഓർമ്മകൾ അയവിറക്കും, വരും തലമുറയിൽ സ്വപ്‌നങ്ങൾ കാണും. ഭൂതകാല സ്മരണകൾ അതിജീവനത്തിന്റേതാണെങ്കിൽ വർത്തമാനകാലഘട്ടം അത്ര ശോഭനമല്ല. ക്യാപ്റ്റൻ സിനിമയിൽ സത്യൻ പറഞ്ഞ ഒരു ഡയലോഗ് കടമെടുക്കുകയാണെങ്കിൽ ഉള്ളിൽ തീയുള്ള കളിക്കാരെ കൊണ്ടേ കളിക്കാനും വിജയിക്കാനുമാകു. തങ്ങളുടെ ഫുട്ബോൾ ആവേശം വരുന്ന തലമുറക്കു പകർന്നു നൽകാനായി കെ ആർ സിയും പഞ്ചായത്തു ഗ്രൗണ്ടും  കാത്തിരിക്കുന്നു. കേരളഫുട്ബോളിനും ഫുട്ബോളിനും ഒരു കളിക്കാരനെ സംഭാവന നൽകണമെന്ന സ്വപ്നം ഇന്നും ബാക്കി.

ഇതൊക്കെ എങ്കിലും നാട്ടിൽനിന്നും അവസാനമായി കേട്ടത് വരുന്നദിവസങ്ങളിൽ നടക്കുവാൻപോകുന്ന മണ്ണൂർക്കാവ് ദേവി കലാകായിക വേദി സംഘടിപ്പിക്കുന്ന  ടൂര്ണമെന്റിനെക്കുറിച്ചാണ്‌. അതൊരു വലിയ വിജയം ആവട്ടെ, ഓർമകളിൽ നിലനിൽക്കുന്ന മണ്ണൂർക്കാവിന്റെ വിവൺ ആർസിയോളം വളരുവാൻ അവർക്കും ആകട്ടെ.

കടപ്പാട് : ശ്യാം മഠത്തിൽ ( പലതും ഓര്മിപ്പിച്ചതിനു ).


Thursday, June 7, 2018

ഒരു കഥ സൊല്ലട്ടുമാ.... ഫുട്ബോൾ വസന്തത്തിന്റെ കഥ. (പാർട്ട് 1 )

എല്ലാ കണ്ണുകളും കാതുകളും ഒരു പന്തിനു പുറകേ പോകുവാൻ ഇനി ദിവസങ്ങൾ മാത്രം. കായികവിനോദത്തിനപ്പുറം ഫുട്ബോളിന് രാഷ്ട്രീയ മാനങ്ങൾ കൂടിയുണ്ട്,   1942 , 1946 ലും രണ്ടാംലോക മഹായുദ്ധം കാരണം ഒഴിവാക്കപ്പെട്ട രണ്ടു ലോകകപ്പുകൾ , ഒരു വലിയ തിരിച്ചു വരവിലൂടെ  1950 ൽ ചേരിതിരിഞ്ഞു നിന്ന എല്ലാ രാജ്യങ്ങളെയും ഒരേ വേദിയിൽ കൊണ്ടുവരുവാനും ലോകകപ്പ്ഫുട്ബോളിനായി. 1930 ലെ ആദ്യചാമ്പ്യന്മാർ Uruguay  രാഷ്ട്രീയ കാരണങ്ങളാൽ 1942 നു മുമ്പുള്ള രണ്ടു ലോകകപ്പ് വിട്ടു നിന്നതിനു ശേഷം തിരിച്ചുവന്നു ആതിഥേയരായ ബ്രസീലിനെ കീഴടക്കികിരീടം നേടിയത് ചരിത്രം. അതിനു ശേഷം 2010ൽ ദക്ഷിണാഫ്രിക്കയിൽ  ഫോർലാനും കൂട്ടരും  Uruguay സെമിഫൈനലിൽ എത്തിച്ചാണ് അവരുടെ സമീപകാലത്തെ പറയത്തക്ക വേൾഡ് കപ്പ് നേട്ടം. വർത്തമാനകാലഘട്ടത്തിൽ ഫുട്ബോൾ രാഷ്ട്രീയ ആയുധമായതിന്റെ അവസാനത്തെ ഉദാഹരണമാണ്  ജറുസലേമിൽ  നടക്കേണ്ടിയിരുന്ന അർജന്റീന ഇസ്രായേൽ മത്സരവും രാഷ്ട്രീയ സമ്മർദ്ദത്താൽ ഉപേക്ഷിക്കപ്പെട്ടത് . ഇതൊക്കെ ലോക കാര്യങ്ങളെങ്കിലും മൈനാഗപ്പള്ളിയിലും ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഫുട്ബോൾ വസന്തം തിരികെ കൊണ്ടുവന്നതിൽ ഒരുകൂട്ടം ചെറുപ്പക്കാരുടെ പ്രയത്നം ഉണ്ട്. ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്നും.

ഇതൊക്കെ ലോക കാര്യങ്ങൾ , നമുക്ക് മൈനാഗപ്പള്ളിയിലേക്കു തിരികെ വരാം ,  2005 - 2006 കാലഘട്ടം, 1998 ഷാർജ കപ്പിന് ശേഷം കേരളമാകെ ക്രിക്കറ്റ് ജ്വരംപടർന്നു പന്തലിച്ചു നിൽക്കുന്നു. ഓരോ വൈകുന്നേരങ്ങളിലും മൂന്നു ക്ലബ്ബ്കൾ ( റെയിൻബോ , സെഞ്ചുറി , കെ ആർ സി )  സമയക്രമം വെച്ച് ഫുട്ബോൾകളിച്ച പഞ്ചായത്തു ഗ്രൗണ്ടിൽ എണ്ണിപറക്കി 14 പേരെ കണ്ടെത്തി കളിക്കുവാൻ കിട്ടാത്തകാലം, (വീണ്ടും അത്തരം ഒരു വരൾച്ച ഗ്രൗണ്ടിൽ അനുഭവപ്പെടുന്നുവെന്നത് വേദനയോടെ പറയുവാൻ കഴിയു. ഫുട്ബോൾ ചരിത്രംപേറുന്ന പഞ്ചായത്തു ഗ്രൗണ്ട് പന്തുരുളുവാൻ കൊതിച്ചു കിടക്കുന്ന കാഴ്ച ഹൃദയഭേദകമാണ്.)  സർക്കാർ നടത്തുന്ന പഞ്ചായത്തുമേള പോലും നിന്നുനിൽക്കുന്ന വർഷങ്ങൾ, അവിടേക്കാണ് ഒരു കൂട്ടം കൗമാരക്കാർക്കായി ഒരു പന്ത് വാങ്ങിക്കൊടുക്കാൻ ശ്യാംസാറിനോട് പറയുന്നത്. അന്ന് പന്തിനു വില 450 രൂപ , 200 രൂപ  സർ തന്നു, ബാക്കി ഞങ്ങൾ രണ്ടുമൂന്നുപേർ ചേർന്ന് കണ്ടെത്തി, കരുനാഗപ്പള്ളി സിദ്ദിക്ക് ഇക്കയുടെ കടയിൽ പോയി ( നാഷണൽ ബുക്ക്സ് ) കെ ആർ സിക്ക് വേണ്ടി ഒരു പന്ത് വേണമെന്ന് പറഞ്ഞപ്പോൾ 50 രൂപ ഡിസ്‌കൗണ്ട് ഇക്കയും തന്നു.

കാറ്റുനിറച്ച പന്തുമായി ഗ്രൗണ്ടിലേക്ക് വന്നിറങ്ങിയപ്പോൾ  അവിടെ കൂടിയ കൗമാരക്കാരുടെ ആവേശം അത്ഭുതപ്പെടുത്തുന്നതായിരുന്നു. പിന്നീടുള്ള എല്ലാ വൈകുന്നേരങ്ങളിലും അവർ അവിടെ ഒത്തുകൂടി, ഫുട്ബോൾ ആവേശം എല്ലാകാലവും കൊണ്ടുനന്ന ജയരാജ് അണ്ണനും കൂട്ടരും കൂടെആയപ്പോൾ ഗ്രൗണ്ട് നിറഞ്ഞു. കൊല്ലത്തുനിന്ന് ക്ലാസ്സുകഴിഞ്ഞു പരമാവധി നേര്ത്ത എത്തുവാൻ ഞാനും ശ്രമിച്ചു. അവരുടെ കൂട്ടത്തിൽ മികച്ചകളിക്കാരുണ്ടായി. ആവേശം അണപൊട്ടിയൊഴുകിയ ഒരുദിവസത്തെ കളികഴിഞ്ഞുള്ള സന്ധ്യാനേരം അവർ തന്നെ ചോദിച്ചു നമുക്ക് 19 വയസ്സിൽ താഴെയുള്ളവരുടെ  ഒരു പ്രാദേശിക ടൂർണമെന്റ് നടത്തിയാലോ .നമുക്ക് ശ്യാം സാറിനോട് ചോദിക്കാം, ടൂർണമെന്റ് നല്ല ആശയം ആണ്, ഇപ്പോഴുത്തെ അവസ്ഥയിൽ ടീമുകൾ ആണ് ബുദ്ധിമുട്ടു.  ഇന്നത്തെ പോലെ ഇന്റർനെറ്റ് ഉള്ള സമയം അല്ലല്ലോ, മൊബൈലും പ്രചാരം ആയിട്ടില്ല , സാധാരണ കെ ആർ സി ടൂർണമെന്റ് നടത്തുമ്പോൾ ട്രാവൽ അലവൻസ് കൊടുക്കും, ഇത് ആദ്യത്തെ തവണ ആയതു കൊണ്ട് അതും വേണ്ട , വർഷങ്ങൾക്കു മുമ്പ് കെ ആർ സി ക്കാർകളിച്ചു നേടിയ ഒരു ട്രോഫിയും സംഘടിപ്പിച്ചു ഒന്നാം സമ്മാനം 2000 രൂപ കെ ആർ സിയുടെ സ്ഥാപകരിൽ ഒരാളായ  പഴയ ക്ലബ് സെക്രട്ടറി രാജണ്ണന്റെ അച്ഛന്റെ പേരിൽ സ്പോൺസർ ചെയ്യിച്ചു. രണ്ടാം സമ്മാനം കേബിൾ  പ്രതീപ് അണ്ണന്റെ കയ്യി നിന്നും പിടിച്ചു വാങ്ങി. നോട്ടീസിന്റെ പരസ്യം പണ്ട് ജേഴ്‌സി സ്പോൺസർ ചെയ്ത ഉല്ലാസും നൽകി. വർഷങ്ങൾക്കു മുമ്പ് കൈമാറിയ ദ്രവിച്ചുതുടങ്ങിയ ജേഴ്സി ശ്യാംസർ അവർക്കു നൽകാനായി നൽകി. വീട്ടിൽ കൊണ്ടുപോയി കഴുകിയിടാൻ കിരണിനെ ഏൽപ്പിച്ചു. അന്ന് ഇന്നത്തെപോലെ കമ്പി പോസ്റ്റും ഇല്ല , പഴയ മെമ്പർ അരവിന്ദാക്ഷൻ പിള്ള ചേട്ടന്റെ വീട്ടിൽ നിന്നും അടക്കാമരംമുറിച്ചു പോസ്ടിടാനുള്ള വ്യവസ്ഥയും ആയി, ടൂർണമെന്റിന്റെ വ്യവസ്ഥകൾ ആയെങ്കിലും ടീമുകൾ തികയുന്നില്ല.

മൈനാഗപ്പള്ളിയിൽ നിന്ന് കെ ആർ സി , അപ്പു ,  സെഞ്ചറി ഇനിയും ടീമുകൾ വേണം. കല്ലേലി ബ്യൂട്ടിയിൽ   ചോദിച്ചപ്പോൾ അവിടെയും ഇപ്പോൾ കളിയില്ല, എന്നാലും അവർ ടീമിനെ ഇറക്കാം എന്ന് പറഞ്ഞു. തേവലക്കര വടക്കുംതലയിൽ ഒരു ഒരു ചേട്ടന്റെ (പേര് ഓർമയില്ല )  വീട്ടിൽപോയി കാര്യം പറഞ്ഞു, കക്ഷിയും ടീമിനെ ഇറക്കാം എന്ന് പറഞ്ഞു. അവിടെനിന്നും കിംഗ് സ്റ്റാർ വടക്കുംതല ടീം വന്നു . വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരക്കൽ ക്ഷേത്ര ഗ്രൗണ്ടിൽ കളിക്കുന്ന സർഗ്ഗചേതനയിലും ശ്യാംമുമായി  പോയി,  അവിടെയും കളിയില്ല  ഇല്ല, എന്നാലും ഇറങ്ങും എന്ന് പറഞ്ഞു. അവിടെ നിന്ന് സർഗ്ഗചേദന ഇറങ്ങി . കൂടെ സാംസ്‌കാരിക വേദി യും , കോവൂരുനിന്നു അപ്പുവിനോടൊപ്പം സാംസ്‌കാരിക വേദിയും കൂടെ ആയപ്പോൾ കോളം നിറഞ്ഞു. ഒരു ദേശത്തിന്റെ മത്സരം.മത്സരത്തിന്റെ ഫിക്സർ ആയി, . അണ്ടർ 19 എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ നോട്ടീസിൽ വെച്ചു. വൈകുന്നേരത്തെ കളികഴിഞ്ഞു പലയിടങ്ങളിലും രാത്രിയിൽ നോട്ടീസ് ഒട്ടിക്കാൻ പോയി, ഒന്നുരണ്ടു ബാനർ പ്രമോദണ്ണൻ  എഴുതിതന്നു. അതും ജംഗ്ഷനിൽ വെച്ചു. ഉറങ്ങിക്കിടന്ന ഫുട്ബോൾ ആവേശം ഉണർന്നുവരുന്നത് ആസ്വദിക്കാൻ കഴിയുന്നുണ്ടായിരുന്നു

K.R.C Mynagappally
Appu Kovoor
Century , Mynagappally
Sargachedana, North Mynagappally
Samskarika Vedi, North Mynagappally
Beauty , Kallelibhagam
Deshabhimaani , Kovoor
King Star , Vadakkumthala.

(തുടരും... )

Monday, June 4, 2018

കാൽപന്തുകളിയുടെ ലോകവും ക്യാപ്റ്റനും

മലയാളിക്കും മൈനാഗപ്പള്ളിക്കാർക്കും ഫുട്ബോൾ എന്നും ആവേശമാണ്. കാൽപ്പന്തു പരിചയപ്പെടുന്നത് കുഞ്ഞുന്നാളിൽ തെക്കേ വീട്ടിലെ ഒഴിഞ്ഞുകിടക്കുന്ന വസ്തുവിൽ ഉണ്ണിയേട്ടനും കൂട്ടരും കെട്ടുപന്തിൽ കളിക്കുന്നത്  കണ്ടാണ് , ആകാലത്തു ഇന്നത്തെ മൈനാഗപ്പള്ളി പഞ്ചായത്തു ഗ്രൗണ്ട് നെല്ലുവിളയുന്ന കരപ്പാടവും. അന്ന് കളിക്കാൻ വരുന്നവരിൽ പ്രമുഖർ രാജേന്ദ്രണ്ണൻ  , ജയകുമാറണ്ണൻ  , ശ്യാം സാറും , അനിലണ്ണൻ , സജിയണ്ണൻ , അശോകൻ സർ ( സജിയണ്ണൻ നമ്മളെ വിട്ടുപോയി)  താളവട്ടം അനിലണ്ണൻ .. .അങ്ങനെ എത്ര പേർ . ഇതിൽ  പലരും ഇപ്പോൾ അന്പതിനോട് അടുക്കുന്നുണ്ടാവും അന്നൊക്ക അവരുടെ  ഇടയിൽ പറഞ്ഞുകേട്ട മിന്നും താരങ്ങളായിരുന്നു സത്യനും പാപ്പച്ചനും വിജയനും ഷെറഫ്അലിയും അഞ്ചേരിയുമൊക്കെ. അതിൽ സത്യന്റെ കഥ സിനിമ ആയി , കാണുവാൻ കഴിഞ്ഞത് കഴിഞ്ഞ ദിവസവും.ഒരുകാലത്തു സന്തോഷ് ട്രോഫി ഇന്ത്യൻ ഫുട്ബോളിൽ എത്ര വിലപ്പെട്ടതായിരുന്നുവെന്നും ഓരോ സംസ്ഥാനങ്ങളും എത്രത്തോളം സന്തോഷ് ട്രോഫിക്ക് വേണ്ടി മത്സരിവെന്നും രാഷ്ട്രീയ നേതാക്കൾ പോലും ഫുട്ബോളിൻറെ ആവേശം ഉൾക്കൊണ്ടതിന്റെ സാക്ഷ്യ പത്രമാണ് ക്യാപ്റ്റൻ. 

80 കളികളിലധികം ഇന്ത്യക്കുവേണ്ടി ബൂട്ട് കെട്ടുകയും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായി പല വിജയങ്ങളും നേടിയെടുക്കുകയും ചെയ്ത സത്യന്റെ കഥ കഴിഞ്ഞ കാലം വരെയുള്ള ഇന്ത്യൻ ഫുട്ബോളിന്റെ മുഖമാണ് തുറന്നുകാട്ടുന്നത്. ഫുട്ബോളിൽ എല്ലാകാലത്തും അറിയപ്പെടുന്നവർ മുനിരക്കാരാണ്‌ , അവരുടെ പിന്നിൽ നിന്ന് മുനിരയിലുള്ളവർക്കായി പന്തുകളെത്തിക്കുകയും അതിലുപരി എതിർ ടീമിന്റെ മുന്നേറ്റത്തിന്റെ മുനയൊടിക്കുകയും ചെയ്യുന്ന വളരെ കുറച്ചുപേരെ മാത്രമേ ചരിത്രം രേഖപ്പെടുത്താറുള്ളു.സത്യൻ കളിയിൽ മാത്രമായിരുന്നില്ല ഡിഫൻഡർ, ജീവിതത്തിൽ മുഴുവൻ സമയ ഡിഫെൻഡറായിരുന്ന സത്യൻ ഇനി ഒരിക്കലും കളിക്കുവാൻ കഴിയില്ലെന്ന് മനസ്സിലാക്കുകയും തന്റെ എല്ലാമായിരുന്നു ഇടതുകാൽ തന്നിൽനിന്നും വിഛേദിക്കപ്പെടേണ്ടി വരുകയും ചെയ്യുമെന്ന് മനസിലാക്കിയപ്പോൾ ജീവിതം അവസാനിപ്പിക്കുന്നു. ഈ വർഷത്തെ (2018 )  സന്തോഷ് ട്രോഫി നേടിയത് കേരളമാണ്, അവരിൽ എത്രപേരെ നമ്മൾ അറിയുന്നു. പരിമിതമായ സൗകര്യങ്ങൾക്കിടയിലും ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റിലെ കിരീടം നേടിയവരെ സർക്കാരും വേണ്ടപോലെ പരിഗണിച്ചതായി ഓർക്കുന്നില്ല. സത്യൻ ഭൂതകാല ഫുട്ബോളിന്റെ മറക്കാത്ത ഓർമ്മയാണ്, ക്യാപ്റ്റൻ ചരിത്രത്തിന്റെ രേഖപ്പെടുത്തലും, ചരിത്രം അവർത്തിക്കപ്പെടാതിരിക്കട്ടെ, താമസിയാതെ ലോകം ഒരു പന്തിനു പുറകിൽ ഓടുവാൻ തുടങ്ങും, അപ്പോൾ നമ്മുടെ താരങ്ങളെയും നമുക്ക് മറക്കാതിരിക്കാം, അവർക്കുവേണ്ട പിന്തുണ നൽകാം..

 ഇന്റർനെറ്റിലാണ് സിനിമ കണ്ടതെങ്കിലും സിനിമയുടെ DVD വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യ എന്നെങ്കിലുംവേൾഡ് കപ്പിൽ  യോഗ്യത നേടുകയോ വേൾഡ് കപ്പ് നേടുകയോ ചെയ്താൽ ഫുട്ബോളിനോട് വിടപയേണ്ടിവന്ന നേരം ജീവിതത്തോട് തന്നെ വിടപറഞ്ഞ ഒരു ക്യാപ്റ്റന്റെ ( വി പി സത്യന്റെ) നാടാണ് കേരളമെന്നു  നമ്മൾ മലയാളികൾ അഭിമാത്തോടെ തന്നെ പറയണം. 

Saturday, June 2, 2018

ഫേസ് ബുക്ക് ഫ്രണ്ട്‌സ്



കഴിഞ്ഞ കുറച്ചു ദിവസമായി പലരുമായും ചർച്ചചെയ്യുന്ന വിഷയമാണ് ഫേസ്ബുക് ഫ്രണ്ട്‌സ് ന്റെ എണ്ണത്തെ കുറിച്ച . 2004  കാലഘട്ടത്തിൽ ഗ്രൂപ്പ് മെയിൽഇൽ കൂടിയാണ് എന്റെ കാലഘട്ടത്തിലെ ആളുകൾ സോഷ്യൽ മീഡിയയായിലേക്കു കാലുവെക്കുന്നതു. അതിനു ശേഷം യാഹൂ ഗ്രൂപ്സും ഓർകുട്ടും ഫേസ്ബുക്കും ട്വിറ്റെർ whatsaap യാമർ ടെലിഗ്രാം അങ്ങനെ എന്തെല്ലാം കടന്നുവന്നു. അതിൽ മലയാളികളുടെ ഇടയിൽ ഏറ്റവുകൂടുതൽ ജനപ്രിയമായതു ഫേസ്ബുക് whats aap ആണല്ലോ. ഞാൻ ഫേസ്ബുക്കിൽ ചേരുന്നത് 2010 ഇൽ  ആണെന്ന് തോന്നുന്നു. അതിനു മുമ്പ് വരെ ഓർക്കുട്ട് യുഗവും

നമുക്ക് പലർക്കും പല ഫേസ്ബുക് അക്കൗണ്ടും ഉണ്ടാകും, ഉദാഹരണത്തിന് കെ ആർ സി ക്ലബ്ബിനായി ഉണ്ടാക്കിയ അക്കൗണ്ട് , മണ്ണൂർക്കാവ്‌ ക്ഷേത്രത്തിന്റെ അക്കൗണ്ട് പേജ് അതുപോലെ രാഷ്ട്രീയപരമായിട്ടുള്ള ചില് പേജുകളിൽ അക്സസ്സ് അങ്ങനെ പലർക്കും പലതാവാം ഇന്റെരെസ്റ്റ്.. ഇതൊക്കെ ആണെങ്കിലും പേർസണൽ പ്രൊഫൈൽ ആണല്ലോ എല്ലാവരും സൂക്ഷമായി കൈകാര്യം ചെയ്യുന്നത്.  അങ്ങനെയുള്ളടുത്തെക്ക് വ്യക്തിപരമായി അടുത്തറിയാത്തവരെ കൂട്ടുന്നത് വലിയ റിസ്ക് ഉണ്ടാക്കും എന്നാണ് എന്റെ പക്ഷം. ഇടയ്ക്കിടയ്ക്ക് കിട്ടുന്ന ബ്ലോക്ക് റിപോർട്ടുകൾ ചെറിയ അനുഭവം. ഒരുപക്ഷെ രാഷ്ട്രീയമായി ഞാൻ കുറിക്കുന്നത് താല്പര്യം ഇല്ലാത്തവർ ചെയ്യുന്ന റിപ്പോർട്ട് ആവാം അതിനു കാരണം. എന്റെ ആശയത്തോട് അവർ യോജിക്കുന്നില്ല അല്ലെങ്കിൽ അവർ റിപ്പോർട്ട് ചെയ്യുന്നു എന്നവിഷയത്തിനപ്പുറം എന്നാൽ അതിനു എന്ത് ചെയ്യാൻ പറ്റും എന്നാണ് ഞാൻ ചിന്തിക്കാറ് , ഒരു അക്കൗണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ റിക്കവർ ചെയ്യണമെങ്കിൽ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള 5 പേരെ ഐഡന്റിഫൈ ചെയ്യുക അല്ലെങ്കിൽ അക്കൗണ്ട് ഓണർ  കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ ഇട്ട ഏതെങ്കിലും 5 comments identify  ചെയ്യുക അതുമല്ലെങ്കിൽ ഫോണിൽ വരുന്ന OTP ഉപയോഗിക്കുക ഇതൊന്നും നടക്കുന്നില്ലെങ്കിൽ നിങ്ങളുടെ ID കാർഡ് അപ്‌ലോഡ് ചെയ്യുക

https://www.facebook.com/help/159096464162185

അക്കൗണ്ട് ലോക്ക് റെഗുലർ ആയി സംഭവിക്കുന്നതിനാൽ എന്നെ സംബന്ധിച്ചെടുത്തോളം ഏറ്റവും എളുപ്പ മാർഗം അടുത്തറിയാവുന്ന സുഹൃത്തുക്കളെയും പണ്ട് ഓട്ടിച്ചിട്ടുപിടിച്ച സെലിബ്രിറ്റികളെയും മാത്രം ഫ്രണ്ട്ലിസ്റ്റിൽ നിർത്തുക മറ്റുള്ളവരെ ഒഴിവാക്കുക എന്നതായിരുന്നു. അങ്ങനെയാണ് 2500 ഫ്രണ്ട്സിൽ നിന്നും 1300 ഫ്രണ്ട്സിലേക്കു എത്തുന്നത്. ഇനിയും അത് കുറഞ്ഞുകൊണ്ടേ ഇരിക്കും.. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും ചിലപ്പോൾ ചില വ്യക്തികൾ വന്നു ഇൻബോക്സിൽ റിമൂവ് ചെയ്തതിനെ കുറിച്ച് ചോദിക്കും. അപ്പോൾ അവരോടു ഈ വിവരം ഇത്ര വിശദമായി കുറിക്കാൻ പറ്റണമെന്നില്ല.

ഈ വിവരങ്ങൾ  ഒരിക്കൽ ഒരു സുഹൃത്തിനോട് സംസാരിക്കുമ്പോൾ നമ്മുടെ ഒരു അക്കൗണ്ട് പോയാൽ മറ്റൊന്ന് ഉണ്ടാക്കി കൂടെ എന്നൊരു മറുചോദ്യം വന്നു. അക്കൗണ്ട് ഉണ്ടാകാമെങ്കിലും പരമാവധി ഫ്രണ്ട്സനെ തിരിച്ചു കൊണ്ടുവരുവാൻ കഴിയുമെങ്കിലും ഇത്രയും കാലം കുറച്ച കുറിപ്പുകളും അപ്‌ലോഡ് ചെയ്ത ഫോട്ടോകളും അതിലെല്ലാം ഉപരി നമ്മളെ വായിച്ചു നമ്മളിലേക്ക് വന്ന സുഹൃത്തുക്കളുമൊക്കെ നഷ്ടമാവുകയല്ലേ...ഇതൊക്കെ ആണ് കഥ എങ്കിലും എന്നെ അടുത്തറിയാവുന്ന ആരെങ്കിലും എന്റെ ഫ്രണ്ട് ലിസ്റ്റിൽ നിന്ന് പോയിട്ടുണ്ടെങ്കിൽ ഒരു മെസ്സേജ് അല്ലെങ്കിൽ ഒരു റിക്വസ്റ്റ് അയക്കാൻ മറക്കില്ലല്ലോ... കൂടാതെ ഇത് വായിക്കുന്ന സുഹൃത്തുക്കൾ ഫേസ്ബുക് അക്കൗണ്ട് നിങ്ങള്ക്ക് സീരിയസ് ആയി ഉപയോഗിക്കുന്നതാണെകിൽ സ്വന്തം ഫ്രണ്ട്ലിസ്റ്റിലേക്കു ഒന്ന് കണ്ണോടിക്കുന്നതു നന്നായിരിക്കും.  നിയമം നിസ്‌കർഷിക്കുന്നതും അതുതന്നെ.

സവീഷ്.














Tuesday, May 29, 2018

My India , The India Eternal

My India , The India  Eternal (എന്റെ ഇന്ത്യ , സനാതന ഭാരതം.
സ്വാമി വിവേകാന്ദ)

കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഈ പുസ്തകത്തിനോടൊപ്പമാണ് , സാധാരണ ഒരു ബുക്ക് കിട്ടിയാൽ ആദ്യ രണ്ടു പേജ് വായിച്ചതിനു ശേഷം മടക്കി വൈക്കലാണ് പതിവ്. എന്നാൽ ഇവിടെ വായിച്ച പലഭാഗങ്ങളും പലതവണ വായിച്ചു അർദ്ധം മനസിലാക്കുവാൻ ശ്രമിക്കുന്നു, കൂടാതെ വളരെ സ്വാധീനിച്ച ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ കോപ്പി ചെയ്യുന്നു, അത്രത്തോളം സ്വാധീനിക്കുവാൻ കഴിഞ്ഞ ബുക്കുകളിൽ ഒന്ന്. പുസ്തകം അവസാനിക്കുന്നത് ഇങ്ങനെയാണ് രവീന്ദ്രനാഥ ടാഗോർ റോമൈൻ  റോളണ്ടിനോട് പറഞ്ഞു ഭാരതത്തെ അറിയണമെങ്കിൽ നിങ്ങൾ വിവേകാനന്ദനെ വായിക്കണം.

കർമ്മം ചെയ്യുക പ്രതിഫലം ഇച്ഛിക്കാതെയെന്നു ഗീതയുടെ പരാമർദ്ധവും ആശ വെടിഞ്ഞു സന്തോഷം നേടുവാൻ പറയുന്ന ബുധനെയും ബുദ്ധിസത്തിലെ നിരീശ്വര വാദത്തെയും ലോകം ഒരു മതത്തിന്റേതു മാത്രമല്ല എല്ലാത്തിനെയും ഉൾക്കൊള്ളുവാൻ പഠിപ്പിക്കുന്ന mother of religion ആയ ഹിന്ദുവിസത്തെയും നില നിൽക്കുന്ന ജാതി വ്യവസ്ഥയെയും ബ്രാഹ്മണ അധിപത്യത്തെയും ചോദ്യം ചെയ്യുവാനും സ്വാമിജി മറക്കുന്നില്ല.  ശ്രീരാമനെ പോലെ പലരുണ്ടാവാം എന്നാൽ സീതയെ പോലെ പരിശുദ്ധയും നന്മവതിയുമായ ഒരാളെ ഉണ്ടാകു എന്ന് ഉദ്ധരിച്ചു കൊണ്ട് ഭാരത സ്ത്രീത്വത്തെയും പരിചയപ്പെടുത്തുന്നു. ശ്രീകൃഷ്ണന്റെ അനാഥമായ പ്രണയവും നിസ്വാർഥതയും ഗീതവചനകളും ഉദ്ധരിക്കപ്പെടുന്നു.


അതിലെല്ലാം ഉപരി നീ കണ്ടെത്തുവാൻ ശ്രമിക്കുന്ന ദൈവം നിന്റെ നിന്നിലാണെന്നും മറ്റുള്ളവർക്ക് സേവനം ചെയ്യുകയാണ് ജീവിതലക്ഷ്യമാകേണ്ടതെന്നും സ്വാമി ഓർമിപ്പിക്കുന്നു. നിന്നിലെ ദൈവിക അംശത്തെ കണ്ടെത്തുക വഴി  നീ സമ്പർക്കം പുലർത്തുന്ന ഏതൊന്നിലും ദൈവീക അംശം ഉള്ളതായി മനസ്സിലാക്കുകയും അതിലൂടെ രാജ്യ നന്മക്കായും ലോകനന്മക്കായും പ്രവർത്തിക്കുവാൻ സ്വാമി ആവശ്യപ്പെടുന്നു. മാനവരാശിയുടെ വിശപ്പകറ്റാതെ പുരോഹിതവർഗം പറയുന്നകേട്ടു ഗോ സംരക്ഷണത്തിനായി ഇറങ്ങുന്നവരെ വിമർശിക്കുവാനും സ്വാമിജി മറന്നില്ല. പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി വിദ്യാഭാസവും സാങ്കേതിക വിദ്യയും ഉപയോഗിക്കുവാൻ പറയുമ്പോഴും ഭാരത സംസ്കാരം കാത്തുസൂക്ഷിക്കുവാനും ഓർമ്മിപ്പിക്കുന്നു.

പറയുവാനും എഴുതുവാനും ഏറെയുണ്ട്.നവഭാരതം കെട്ടിപ്പടുക്കുവാൻ ശ്രമിക്കുന്നവരും രാജ്യനന്മ ആഗ്രഹിക്കുന്നവരും ഭാരതമെന്തെന്നും ഭാരത സംസ്കാരമെന്തെന്നും മനസ്സിലാക്കുവാൻ ശ്രമിക്കുന്നവരും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്ന്.

My India , The India  Eternal

[മലയാളം വേർഷൻ ഉണ്ടോ എന്നറിയില്ല, അറിയുന്നവർ ഡീറ്റെയിൽസ് ഷെയർ ചെയ്യുമല്ലോ. ]


ദുരഭിമാന കൊലകൾ

ദുരഭിമാന കൊലകൾ, സദാചാര കൊലകൾ കള്ളനെന്നു മുദ്രകുത്തി തല്ലി കൊല്ലുന്നു ആളുമാറി കസ്റ്റഡിയിൽ എടുത്തു കൊല്ലുന്നു പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി കൊല്ലുന്നു  ട്രെയിനിൽ സീറ്റിനായി തർക്കിച്ചുള്ള കൊലപാതകങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ... ഇരകൾ പൂരിപക്ഷവും സാധാരണക്കാരിൽ സാധാരണക്കാരായ പാവപ്പെട്ടവർ. 

പാവപ്പെട്ടവന് വേണ്ടി പ്രവർത്തിക്കേണ്ട നിയമവ്യവസ്ഥയും നിയമ പാലകരും ആരുടെയൊക്കെയോ ആജ്ഞാ വർത്തികളാകുന്നു. പരിഷ്കൃത സമൂഹം എന്ന് പറയുമ്പോഴും ശുദ്ധ പ്രണയത്തിലും ജാതീയതയും മതവും കടന്നുവരുന്നു. പാവത്തുങ്ങളെ ഉദ്ധരിക്കുവാനായി പ്രവർത്തിക്കുന്ന വ്യവസ്ഥിതി എന്തുമാറ്റമാണ് സമൂഹത്തിൽ ഉണ്ടാക്കിയത്.

നമുക്ക് എല്ലാത്തിലും രാഷ്ട്രീയം കാണാം. ചൂഷണം ചെയ്യപ്പെടുന്നവർ എല്ലാകാലത്തും ഒരു വിഭാഗം തന്നെ , പാവപ്പെട്ടവൻ . അവർക്കു ജാതിയും മതവുമൊക്കെ നമ്മൾ ചാർത്തികൊടുക്കുന്നു. സാമൂഹികമായി അവർ അനുഭവിക്കുന്ന ചൂഷണങ്ങൾക്കും അവഗണനക്കും എന്തുമാറ്റമാണ് സ്വതന്ത്ര ഇന്ത്യ നൽകിയത്. ആരാണിവിടുത്തെ കുറ്റക്കാർ. 

എങ്ങനെ ഇതിനൊരു മാറ്റം ഉണ്ടാകും. 
മനസ്സ് പ്രണയവും ജീവിതവും നഷ്ടപെട്ട കെവിനോടും നീനുവിനോടുമൊപ്പം.

Tuesday, May 8, 2018

ശ്രീരാമ സന്ധ്യാനാമം.

രാമ രാമ രാമ രാമ രാമ രാമ രാമ രാമ
രാമ രാമ രാമ രാമ രാമ രാമ രാമ രാമ
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദമോടു ചെന്നു ചേരുകെന്റെ മാനസം

അഞ്ചുഭൂതരഞ്ചുമുള്ളിലൻപത്തൊന്നൊരക്ഷരം
അംബികാ ഗണേശനും വിളങ്ങി  നില്ക്കുമാദിയിൽ
ആദികാശിതൻ പുരേ വസിക്കുമീശ്വരൻ പദം
പൂജ ചെയ്തു ചൊല്ലിനേൻ മുകുന്ദരാമ പാഹിമാം

ആത്മമന്ത്രമോടു ചേർന്ന രാമനാമ മന്ത്രവും
ആത്മനാലയിച്ചുകൊണ്ടു സ്വാത്മനാ ജപിക്കലോ
ആത്മരാമനായ്  ഭവിക്കുമാത്മ ദോഷമത്രയും
വേർപെടുന്നു നിർണ്ണയം മുകുന്ദ രാമ പാഹിമാം

ഇല്ലമൊടും ചെല്ലവും കളത്രപുത്രജാലവും
വല്ലതും കണക്കുകൾ പറഞ്ഞു കൊണ്ടിരിക്കിലും
ഇല്ല ചേതമിന്നു രാമനാമ മന്ത്രമോതിയാൽ
നല്ലതേ വരുത്തുവോൻ മുകുന്ദ രാമാ പാഹിമാം

ഈശ്വരൻ വസിച്ചിടുന്നതേതൊരമ്പലങ്ങളോ
നിശ്ചയിച്ചറിഞ്ഞിടാതുഴന്നിടേണ്ടയാരുമേ
ശാശ്വതൻ വസിച്ചിടുന്ന ദേഹമായൊരമ്പലം
വിശ്വസിക്ക സന്തതം മുകുന്ദ രാമ പാഹിമാം

ഉള്ളതൊന്നു മുള്ളതല്ല ഉള്ളതിനു നാശമില്ല
കള്ളമല്ല തള്ളലായ് നടന്നിടേണ്ടയാരുമേ
ഉള്ളിലുറ്റുണർന്നിരിയ്ക്കു മീശ്വരൻ പദാംബുജം
ഉള്ളിലുറ്റു നോക്കുവിൻ മുകുന്ദ രാമ പാഹിമാം

ഊടെ രണ്ടു മന്ത്രമുണ്ട് ഓടി നിൽക്കുമങ്ങതിൽ
ശുദ്ധമായ് വസിപ്പുസത്യസന്ധനായൊരീശ്വരൻ
തേടി നാഡിയൂടെ ചെന്നുകണ്ടുകൊൾകസന്തതം
കൂടുമീശ്വരൻപദം മുകുന്ദ രാമ പാഹിമാം

എന്തിനുൾഭ്രമങ്ങൾ കൊണ്ടു മായ മോഹ വാരിധൗ
അന്ധരായി വീണുഴന്നു കെണിടേണ്ടയാരുമേ
ഹന്ത രാമാ ദേവ പാദ ചിന്തനങ്ങൾ ചെയ്കിലോ
അന്ത്യകാലമന്തകാഭയത്തിൽനിന്നു  വേറിടും

എഴുവാതിൽ മുകളിലുണ്ട് കീഴിൽ രണ്ടു നില്പതും
വാഴുമങ്ങതിൽ ജനങ്ങൾ മണ്ഡലങ്ങൾ രണ്ടിലും
ഉത്തമഗുരുവതിലിരിപ്പതുണ്ടു ലോകരെ
ശ്രദ്ധയോടു നോക്കുവിൻ മുകുന്ദ രാമ പാഹിമാം

ഐയ്യമോടു ഭൂമിയിൽ വസിപ്പതെന്തു ചേതവും
മെയ്യകത്തു വാഴുമങ്ങോരീശനെ  വണങ്ങുവിൻ
പൊയ്യക്കറ്റി മാനസം ഭജിക്കുമാകിലോ ദൃഢ൦   
പയ്യവേ സമീപനായ്  മുകുന്ദ രാമ പാഹിമാം

ഒത്തനല്ല ജാതിയെന്നു ഭോഷരായവർകളും
ചൊൽകിലും ഭ്രമിയ്ക്കയില്ല മാനുഷാദിയെ  ദൃഢ൦
പത്തു ദിക്കിലും നിറഞ്ഞ തമ്പുരാൻ പാദാംബുജം
ചിത്തേ വാഴ്‌ക സന്തതം മുകുന്ദ രാമ പാഹിമാം

ഓടിയോടിയെങ്ങുമേ നടന്നിടേണ്ടയാരുമേ
ശുദ്ധമായ് വസിപ്പു ദേഹമായൊരുത്തമാലയെ
ഉത്തമാംഗമാം ശിരസ്സിൽ നാസികാഗ്രമാം സ്ഥലേ
ഉറ്റുനോക്കി സേവചെയ്തു തുഷ്ടരായ് വസിക്കുവിൻ

ഔവ്വനങ്ങളാകുമീ പ്രപഞ്ചവും നശിച്ചുപോം
ദൈവമെന്നതോർത്തുകൊൾക മാനുഷാദിയെ ദൃഢ൦
ഔവ്വഴി ഭവാനൊഴിഞ്ഞു കണ്ടതില്ലയാരുമേ
നേർവഴിവരുത്തണേ മുകുന്ദ രാമ പാഹിമാം

അംബയോടു തുല്യമായ അംബുജാക്ഷിമാർകളേ
ആരുമേ ഗ്രഹിച്ചിടാതെ മാനസം ഭ്രമിക്കൊലോ
മാനഡംഭു ദൂരെ നീക്കി മാനസേ ഭജിക്കലോ
മുക്തിവന്നിതപ്പോഴേ മുകുന്ദ രാമ പാഹിമാം 

Saturday, May 5, 2018

ഫഗത് ഫാസിലിന്റെ സിനിമ

ഫഗത് ഫാസിലിന്റെ സിനിമ കാണരുത് എന്നൊരു ക്യാമ്പയ്‌ഗൻ നടക്കുന്നുണ്ടല്ലോ... ഒരിക്കലും ഫഗത് ഫാസിലിന്റെ സിനിമ കാണാതിരിക്കില്ല, സിനിമ കാണുവാൻ പ്രേരിപ്പിക്കുന്ന ഘടകം അതിന്റെ സംവിധായകനും തിരക്കഥയുമുൾപ്പെടെയുള്ള പലതുമാണ്. ഫഗത് ഫാസിൽ കേന്ദ്ര കഥാപാത്രം ആകുന്നു എന്ന് കരുതി ഒരു സിനിമ അയാളുടേത് മാത്രം ആകുന്നില്ല, ചാപ്പ കുരിശും മഹേഷിന്റെ പ്രതികാരവും ഒക്കെ എല്ലാ കാലഘട്ടത്തിലും ഇഷ്ടപെട്ട സിനിമകളുടെ കൂട്ടത്തിൽ തന്നെ...

ഇതൊക്കെ സിനിമയുടെ കാര്യമെങ്കിലും ഫഗത് പാർവതിയും കൂടി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തോട് വിയോജിപ്പുണ്ട്. കഴിഞ്ഞ കുറെ കാലമായി കേന്ദ്ര ഗവർമെന്റിനെതിരെ പ്രതിരോധത്തിലാകുംവിധം നടന്ന ഏറ്റവും വലിയ പ്രതിക്ഷേധങ്ങൾ ആണെല്ലോ  തിരികെ നൽകുക എന്നത്. അതിനെതിരെ അവർ നോക്കിയിരുന്നു നൽകിയ പണിതന്നെയാണ് ഈ അവാർഡ് ദാന ചടങ്ങു വിവാദം. അതുകൊണ്ടു അവർ ഉദേശിച്ചത്‌ നേടിയെടുത്തു എന്ന് തന്നെയാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ ഭരണഘടനപ്രകാരം ഒറ്റയ്ക്ക് തീരുമാനം എടുക്കുവാൻ കഴിയുന്ന ചുരുക്കം ചില സ്ഥാനങ്ങളിൽ ഒന്നാണ് പ്രസിഡന്റ് പദവി. പ്രസിഡന്റ് പദവിയെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ചതുവഴി അവാർഡ് വരുന്ന അവാർഡ് ദാന ചടങ്ങിൽ നിന്നുതന്നെ വിട്ടുനിൽക്കുവാൻ പ്രെസിഡന്റിനു തീരുമാനിക്കാം കാരണം ഈ ചടങ്ങു സംഘടിപ്പിക്കുന്നത് Directorate of Film festival ആണ്, അത് Ministry of Information broadcasting ലെ ഒരു സബ് വിഭാഗം മാത്രവും. ആയതിനാൽ പ്രസിഡന്റ് പങ്കെടുക്കണം എന്ന കീഴ്വഴക്കങ്ങൾ മാറ്റുവാനുള്ള പരമാധികാരം പ്രെസിഡന്റിനു തന്നെ.

രാഷ്‌ട്രപതി ഭവൻ നേര്ത്ത അറിയിച്ചിട്ടും ഒരു കൂട്ടം നടൻമാരും പ്രോഗ്രാം ഓർഗനൈസിങ് കമ്മിറ്റിയും കൂടെ തുടങ്ങിവെച്ച ഈവിവാദം 1954 സിനിമയെ പ്രോത്സാഹിപ്പിക്കാനായി തുടങ്ങിയ നാഷണൽ അവാർഡിന്റെ മേന്മ കുറക്കും വിധം എത്തിയിരിക്കുന്നു. ഇനി നമുക്ക് ഫാൽക്കെ അവാർഡിന്റെ പുറകെ പോകാം.

http://www.asianetnews.com/video/the-president-of-india-is-deeply-disappointed-for-the-issues-happened-in-national-film-award-function

https://en.wikipedia.org/wiki/National_Film_Awards

കമന്റ് ചെയ്യുമ്പോൾ പരസ്പര ബഹുമാനം നല്കകഴിയത്തവർ ദയവുചെയ്ത് ഒഴിവായി നിൽക്കണം. ഒരു പൗരൻ എന്ന നിലയിൽ എന്റെ നിലപാടുകളും കാഴ്ചപ്പാടുകളും ഞാൻ പങ്കുവെച്ചെന്നിരിക്കും. അതിൽ സഭ്യമായ ഭാഷയിൽ പ്രതികരിക്കാൻ കഴിയുമെങ്കിൽം മാത്രം പ്രതികരിക്കുക.. അല്ലെങ്കിൽ ഞാൻ എന്റെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും പുറത്താക്കും. . ചിലപ്പോ ബ്ലോക്കി എന്നും ഇരിക്കും... സഹകരിക്കുമല്ലോ...

ഇന്നലെ ഇട്ട പോസ്റ്റും അതിലെ ചില വാക്കുകളുടെ ഉപയോഗവും ആണ് ആധാരം.


Wednesday, April 18, 2018

ചങ്ക് ബസ്...

ചങ്ക് ബസ്...

കാറും കോളുംകൊണ്ട് പ്രെഷുബ്ധമായിരിക്കുന്ന അന്തരീക്ഷത്തിൽ കാറെല്ലാം മാറി കുറച്ചു നേരം വെയിൽ തെളിഞ്ഞ പ്രതീതിയായിരുന്നു ആ പെൺകുട്ടിയുടെ ശബ്ദത്തിനു.. ആലുവ ഡിപ്പോയല്ലേ , ഇവിടെനിന്നും കൊണ്ടുപോയ ഞങ്ങളുടെ ചങ്ക് ബസ്സിനെ തിരിച്ചു തരു സർ, എവിടെയാണ് പരാതിപ്പെടേണ്ടത് , ആ ആത്മാർത്ഥതയുടെ മുൻപിൽ ഉദ്യോഗസ്ഥർ കനിഞ്ഞുവെന്നും താമസിയാതെ തന്നെ അവരുടെ ചങ്കു ബസ് തിരിച്ചു ഈരാറ്റുപേട്ടയിലേക്കു എത്തുമെന്നും വായിച്ചു. സന്തോഷം

ഡിഗ്രി കാലഘട്ടം അടൂർ ആയിരുന്നു, മൈനാഗപ്പള്ളിയിൽ നിന്നും ഏകദേശം 26 കിലോമീറ്റർ ദൂരം. രാവിലത്തെ ബാഡ്മിന്റൺ  കളി കഴിഞ്ഞു എട്ടു അപ്പു ബസിനു ശാസ്താംകോട്ട ഇറങ്ങിയാൽ അനിയൻ അല്ലെങ്കിൽ MKK കിട്ടും. അനിയൻ പഴയ ലൈലാൻഡ് , MKK പുതിയ ടാറ്റാ. അഞ്ചു മിനിട്ടു ഇടവേളയിൽ വിടുന്ന വണ്ടികൾ തമ്മിലുള്ള മത്സരം ഒരു ആവേശം തന്നെ ആയിരുന്നു. ആദ്യം പോകുന്ന MKK യെ കല്ലുകുഴിയിലോ  കടമ്പനാടോ  വെച്ച് ഓർവെർട്ടക്ക് ചെയ്തിട്ട് ഡ്രൈവർ പുറകിലേക്ക്  ഞങ്ങളെ നോക്കി ചിരിക്കുന്നതൊക്കെ ഇപ്പോഴും ഓര്മ. വർഷങ്ങൾക്കിപ്പുറം ഹരീഷ്  കുമാർ എന്നപേരിൽ ഒരു  ഫിബ് ഫ്രണ്ട് റിക്വസ്റ്റ്, അടുത്തറിയാവുന്നവരെ മാത്രമേ ഫ്രണ്ട് ലിസ്റ്റിൽ ഉൾപ്പെടുത്തൂ എന്നതിനാൽ മുഖപരിചയം കാരണം എവിടെവെച്ചാണ് പരിചയം  എന്ന് ചോദിക്കുമ്പോൾ അനിയൻ ബസ് ഓർമയില്ലേ എന്നായിരുന്നു മറുചോദ്യം. മിക്ക ദിവസങ്ങളിലും നാല് കോളേജ് കഴിഞ്ഞു കലാപരുപാടികൾക്കെല്ലാം ശേഷം  വൈകുന്നേരം അഞ്ചരക്ക് അവസാനമായി കോൺസെഷൻ കിട്ടുന്ന അനിയനിൽ തന്നെ ആയിരിക്കും മടക്കവും. വൈകുന്നേരത്തെ യാത്രയിൽ അധികം ആളുണ്ടാവില്ല റോഡിലെ തിരക്കും കുറഞ്ഞിരിക്കും.... അതിവേഗത്തിൽ ഓടുന്ന   ബസ്സിൽ ഇരമ്പിക്കൽക്കുന്ന ഷട്ടറുകളുടെ ശബ്ദത്തിനിടയിലും തൊണ്ണൂറുകളിലെ പാട്ടുകൾ  പാടുന്നുണ്ടാവും.... ആ പാട്ടും ദൂരേയ്ക്ക് നോക്കിയിരുന്നു കണ്ട എത്രയോ  സ്വപ്‌നങ്ങൾ....

 പിന്നീട് പിജി  ചെയ്തത് കൊല്ലത്താണ്...  അവിടേക്കുള്ള യാത്ര 364 പാസഞ്ചർ ട്രെയിനിലും... ഇതെല്ലം ഗൃഹാതുരതകളാണെങ്കിലും നമ്മുടെ tax കൊടുത്തു വാങ്ങുന്ന പൊതുമുതൽ നശിപ്പിക്കുന്നത് \കാണുമ്പോഴുള്ള വേദന മറുവശത്തും....











Sunday, April 1, 2018

കരുനാഗപ്പള്ളിയും കാൻസറും

ക്യാൻസർ , ഭീതിയോടെ മാത്രം മനുഷ്യസമൂഹം നോക്കിക്കാണുന്ന അസുഖം ,  ഒരിക്കൽ വന്നാൽ  മനുഷ്യന്റെ ജീവനെ കവരുവാൻതക്ക ശക്തനായ നിശബ്ദ കൊലയാളി. ആധുനിക ശാസ്ത്രം മറ്റൊന്നിനോടും ഇത്ര അധികം തൊട്ടിട്ടുണ്ടാകില്ല,  എന്നാൽ ധീരമായി ക്യാന്സറിനെതിരെ പോരാടി സാധാരണജീവിതം ജീവിക്കുന്ന വ്യക്തികൾ സമൂഹത്തിന്റെ മുഖ്യധാരയിൽ ഉള്ളത് സാധാരണക്കാർക്ക് വളരെ അധികം ആത്മവിശ്വാസം നൽകുന്നു. കാൻസർ എപ്പോൾ നിർണയിക്കപ്പെടുന്നു എന്നതാണല്ലോ ആവ്യകതിയുടെ ഭാഗ്യമായി നമ്മൾ കാണുക. ക്യാന്സറിനെ കുറിച്ച് പറഞ്ഞു പേടിപ്പിക്കുവാനല്ല ഈ കുറിപ്പ്.

കാൻസർ വരാനുള്ള കാരണങ്ങൾ പലതാണ്. കുറച്ചു കാലം മുമ്പ് പത്രങ്ങളിൽ 'ലോകത്തിലെ തന്നെ ഏറ്റവും അധികം റേഡിയോആക്റ്റിവായുള്ള സ്ഥലം കരുനാഗപ്പള്ളി, എന്ന തലക്കെട്ടോടെ വന്ന വാർത്ത  ഞെട്ടിക്കുന്നതായിരുന്നു.  (ലിങ്കുകൾ താഴെ കൊടുക്കുന്നു ). അതിനേക്കാളും ഞെട്ടിക്കുന്നത് കഴിഞ്ഞ കുറച്ചു കാലമായി നാട്ടിൽകേൾക്കുന്ന മരണങ്ങളിൽ പലതിനും കാൻസർ കാരണമാകുന്നുവെന്നതും. (വീടിനടുത്തു അധികം പ്രായമാകാതെ മരിച്ച രണ്ടുപേർ ഉദാഹരണം,  കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമായ ഓഡിറ്റിംഗ് നടക്കേണ്ടതുണ്ട്. ) റേഡിയോആക്റ്റിവിറ്റി കരുനാഗപ്പള്ളി മേഖലെയെ - നീണ്ടകരചവറ , തേവലക്കര, , മൈനാഗപ്പള്ളി ,  കരുനാഗപ്പള്ളി മുതൽ ഓച്ചിറ വരെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമായി പഠനം നടത്തേണ്ടതായുണ്ട് . പഞ്ചായത്തുകളും വാർഡുകളും തിരിച്ചു കണക്കെടുക്കുകയും കരുനാഗപ്പള്ളിയുടെ കടലോരമേഖലയിൽ പ്രവർത്തിക്കുന്ന കേരള മിനറൽസ് ആൻഡ് മെറ്റീരിയൽസ് ലിമിറ്റഡിൽ പ്രോസസ്സ് ചെയ്യുന്ന കരിമണലിൽ നിന്നും റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ ഉണ്ടാകുന്നുണ്ടോ കൂടാതെ IRE യുടെ പ്രവർത്തന മേഖല എന്താണ് , ഈ സ്ഥാപനങ്ങൾ സുരക്ഷക്കായി ആഗോളതലത്തിൽ നിസ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ , എല്ലാവർഷവും വ്യക്തമായ ഓഡിറ്റിംഗ് നടക്കുന്നുണ്ടോ , അവിടെനിന്നും പുറത്തുവിടുന്ന റേഡിയോ ആക്റ്റീവ് കിരങ്ങങ്ങളുടെ തോത് എന്താണ്,  എന്തുമുന്കരുതലാണു് ജനങ്ങൾ എടുക്കേണ്ടത് എന്നൊക്കെ വ്യക്തമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


വാർത്തകളും മരണങ്ങളും ഉണ്ടായിട്ടും ലോകം കരുനാഗപ്പള്ളിയെ തിരിച്ചറിഞ്ഞിട്ടുകൂടി  നമ്മുടെ സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഇതിനെക്കുറിച്ചൊരു പഠനം നടത്തുന്നതിനോ ജനങ്ങളുടെ ആശങ്ക അകറ്റുവാനോ തയ്യാറായിട്ടില്ല എന്നത് ഗൗരവകരമായ അനാസ്ഥയാണ്. ജനങ്ങളും ബോധവാന്മാർ അല്ല എന്നത് മറ്റൊരുകാര്യം. പ്രത്യക്ഷത്തിൽ റേഡിയോ കിരങ്ങൾ ഒരു മാറ്റവും നമ്മളിൽ ഉണ്ടാക്കുന്നെന്നു തോന്നില്ലെങ്കിലും ഇത്രയും അധികം കാൻസർ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനെക്കുറിച്ചു ചർച്ചചെയ്യപ്പെടേണ്ടതും പഠനങ്ങൾ നടന്നു മുൻകരുതൽ എടുക്കേണ്ടതായുമുണ്ട്. ഇതിനായി രാഷ്ട്രീയ ജാതി മത ചിന്താഗതികൾ മാറ്റിവെച്ചു കൊല്ലം ജില്ലയിലെ ജനങ്ങൾ ഒരുമിച്ചുനിൽക്കേണ്ട സമയം ആഗതമായിരിക്കുന്നു. പൊതുപ്രവർത്തകരായ സുഹൃത്തുക്കൾ ഈവിഷയം ഗൗരവമായി എടുക്കുമെന്നും അടിയന്തരമായി സർക്കാരുകളുടെയും ആരോഗ്യ സംഘടനകളുടെയും ശ്രദ്ധ ഈവിഷയത്തിൽ എത്തിക്കുമെന്നും പ്രത്യാശിക്കുന്നു.

Reference Links :
https://www.scoopwhoop.com/This-Small-Town-In-Gods-Own-Country-Is-One-Of-The-Most-Radioactive-Places-On-The-Planet/#.k8swtcb89
https://list25.com/25-most-radioactive-places-on-the-face-of-the-earth/

#സവീഷ് 

Wednesday, March 28, 2018

കേരളം ഭ്രാന്താലയം.

കേരളം ഭ്രാന്താലയം.

സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഇങ്ങനെയാണ്...

"മലബാറിൽ ഞാൻ കണ്ടതിനേക്കാൾ  കവിഞ്ഞ ഒരു വിഡ്ഡിത്തം ഇതിനു മുമ്പ് ലോകത്തെവിടെങ്കിലും ഉണ്ടായിട്ടുണ്ടോ ? സവർണ്ണർ സഞ്ചരിക്കുന്ന ഒരു തെരുവിൽ കൂടി പാവപ്പെട്ട പറയനു നടന്നുകൂടാ , പക്ഷെ വ്യത്യസ്തമായ ഒരു ഇംഗ്ലീഷ് നാമ സ്വീകരിച്ചാൽ മതി എല്ലാം ഭദ്രമായി. ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ് ,  അവരുടെ വീടുകളിത്രയും ഭ്രാന്താലയങ്ങളും. അത്തരം നീചവും പൈശാചികവുമായ ആചാരങ്ങൾ  അക്കൂട്ടർക്കു ലജ്ജയില്ലേ ?  സ്വന്തം സന്തതികളെ  പട്ടിണികിടന്നു മരിക്കുവാൻ വിടുന്നു . അവർ അവർ മറ്റൊരു മതം സ്വീകരിച്ചാലോ അവരെ വെടിപ്പായി തീറ്റിപ്പോറ്റുന്നു. ജാതികൾ തമ്മിൽ ഇനിയും പോരാട്ടം ഉണ്ടായിക്കൂടാ. ഉയർന്നവരെ വലിച്ചു താഴ്ത്തുകയല്ല ഉയർന്നവരുടെ നിലവാരത്തിലേക്ക് താഴ്ന്നവർ ഉയർത്തുകയാണ് പരിഹാരം"
   
കൂടാതെ കേരളത്തിൽ കണ്ട ജാതിയുടെ കരാളനൃത്യത്തെക്കുറിച്ചു വിവേകാന്ദ സ്വാമികൾ ഖത്രിയിലെ പണ്ഡിറ്റ് ശങ്കാലിന് 1892 സെപ്തംബർ 20 നു എഴുതി , " Come and see what the Pardes( Christian Missionaries ) are doing in Dakshin( South). They are converting by lakhs of lower classes of Travancore - the most priest ridden country in India , nearly one forth of the population has become Christians ( Complete Works of Swamy Vivekanda Vol.V P.5).

സ്വാമിജി കേരളത്തെ ഭ്രാന്താലയം  വിശേഷിപ്പിച്ചപ്പോൾ സനാതന ധർമ്മത്തിലെ ജാതീകൃതമായ വൈകൃതങ്ങളോടൊപ്പം അവയെ ചൂഷണം ചെയ്തു വർധമാനായിക്കൊണ്ടിരിക്കുന്ന മത പരിവർത്തനത്തെയും കണക്കിലെടുത്തിട്ടുണ്ട്. "മദിരാശികളെ നിങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ പകുതിപേരും കൃസ്ത്യാനികളാകും" എന്ന സ്വാമിജിയുടെ വാക്കുകൾ സനാതന ധർമം നേരിടുവാൻ പോകുന്ന   വലിയ വിപത്തിനെ കുറിച്ചുള്ള താക്കിതും ആഹ്വാനവുമായിരുന്നു...

കടപ്പാട് - സ്വാമി വിവേകാനന്ദനും കേരളവും ( രാജീവ് ഇരിങ്ങാലക്കുട)
പബ്ലിഷേഴ്സ് - കേരളം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് , തിരുവനതപുരം 
ISBN 978-81-200-4287-2

മറുപുറം : പൈതൃകം മറക്കാതെ മതം ഒഴിവാക്കാതെ ജാതി ഒഴിവാക്കി  കുട്ടികളെ സ്കൂളിൽ ചേർത്ത എല്ലാ രക്ഷിതാക്കൾക്കും അഭിനനന്ദനങ്ങൾ.

Saturday, January 20, 2018

മണ്ണൂർക്കാവിൽ പൊങ്കാല കഴിഞ്ഞെല്ലാവരും വീടണഞ്ഞു

മണ്ണൂർക്കാവിൽ പൊങ്കാല കഴിഞ്ഞെല്ലാവരും വീടണഞ്ഞു...  മേളം സംഘാടകർക്ക്‌ ഇനിയുള്ള കുറച്ചു മണിക്കൂറുകൾ വളരെ പ്രധാനം,  തട്ടിന്റെ പണി പുരോഗമിക്കുന്നു...

പെരുവനവും കൂട്ടരുടെയും മണ്ണൂർക്കാവിലേക്കു യാത്ര പകുതിപിന്നിട്ടുകാണും... രണ്ടു വർഷങ്ങൾക്കു ബാംഗ്ലൂരിൽ നിന്നും അവധിക്കുവന്ന സമയം മണ്ണൂർക്കാവിൽപോയിവരുന്ന വഴി നവമിയിൽ ബോംബയിൽ നിന്നും വന്ന മുതിയണ്ണനെ കാണാൻ കയറിയപ്പോൾ അവിടെകൂടിയിരുന്ന  അനിലണ്ണനും സജു സാറും ഹരി സാറും ബോസും അനുവുമെല്ലാം എന്തോ പറയുന്നതിനിടയിലാണ് തൃശൂർപ്പൂരത്തെ കുറിച്ചുള്ള ചർച്ചകൾ വന്നത്.. പൂരം മേളത്തിലേക്കും മണ്ണൂർക്കാവിൽ മേളം എന്ന ആശയത്തിലേക്കും വഴിമാറി... സോഷ്യൽ മീഡിയയുടെ സഹായത്താൽ നമുക്ക് നോക്കാം എന്നും പറഞ്ഞു പിരിയുമ്പോൾ ഇന്നിവിടെ ഇങ്ങനെ എത്തി നിൽക്കുമെന്ന് ഒരുധാരണയും ഉണ്ടായിരുന്നില്ല...

നാട്ടിലെ ക്ലബ്ബായ കെ ആർ സിയുടെ ഭാഗമായി നിന്നുള്ള ഫുട്ബോൾ ടൂർണമെന്റുകൾ, ഓണപരിപാടികൾ ശ്രമദാനങ്ങൾ വാട്സ്ആപ് പ്രചാരത്തിൽ വന്നതിനുശേഷം സുഹൃത്തുക്കൾ അടങ്ങിയ ഒന്നുരണ്ടു ഗ്രൂപ്പുകളിലൂടെയുള്ള സാമ്പത്തിക സഹായങ്ങൾ. അതായിരുന്നു അതുവരെയുള്ള പ്രവർത്തി പരിചയം. 60 പേരിൽ കൂടുതൽ അടങ്ങുന്നവരുടെ മേളം അതിന്റെ സാമ്പത്തികം മുഴുവൻ മൈനാഗപ്പള്ളിക്കാരായ  സോഷ്യൽ മീഡിയ സുഹൃത്തുക്കളിൽ നിന്നും കണ്ടെത്തുക,  ആദ്യപടി മേളത്തെ കുറിച്ചൊരു അഞ്ചുമിനിറ്റ്  ഓഡിയോ റെക്കോർഡ് ചെയ്തു സുഹൃത്തുക്കൾക്കയച്ചു...ചിലർ വിമർശിച്ചു.. ചിലർ മറ്റുള്ള സുഹൃത്തുക്കൾക്ക് കൈമാറി... അങ്ങനെ മുപ്പതു പേരിൽ താഴെയുള്ള ഒരു ഗ്രൂപ്പ് ഉണ്ടായി. ഉദയ ജംഗ്ഷൻ , കടപ്പ, തെങ്ങുംതടത്തിൽ മുക്ക് , സൊസൈറ്റി മുക്ക് , തൊട്ടുമുഖം കൂടാതെ ആശാരിമുക്ക് ഭാഗത്തുനിന്നുള്ള സുഹൃത്തുക്കളെ കണ്ടെത്തി കൂടെകൂട്ടി... അവരിലൂടെ മറ്റുപലരും ഞങ്ങളിലേക്കെത്തി ഫോർവേഡുകളും രാഷ്ട്രീയവും ആദ്യമേ നിരോധിച്ചതിനാൽ ഗ്രൂപ്പിലെ മെസ്സേജുകൾ വിരളം.

ഇടയ്ക്കു ശ്രീകുമാർ സാറിനെ വിളിച്ചു കാര്യം പറഞ്ഞു , സാറിന്റെ മേളത്തോടുള്ള കാഴ്ചപ്പാട് ആവേശം കൊള്ളിക്കുന്നതായിരുന്നു.സിബി സാറിനെക്കൊണ്ട് ശ്രീകുമാർ സാറുമായി സംസാരിപ്പിക്കുകയും സാറിന്റെ സ്വകാര്യ ആവശ്യത്തിനുണ്ടാക്കിയ ബാങ്കക്കൗണ്ട് മേളത്തിനായി മാത്രം സർ നൽകി..അക്കൗണ്ട് നമ്പർ നൽകി ദിവസത്തിനുള്ളിൽ സുഹൃത്തിന്റെ റെഫെറൻസ് വഴി കൂടെ കൂടിയ രാധാകൃഷ്ണൻ ചേട്ടൻ ആദ്യതുക അക്കൗണ്ടിൽ തന്നു.. മേളം ഇത്തവണ യാഥാർഥ്യമാക്കണമെന്ന ഭരിച്ച ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുത്തു.  സിബി സാറിന്റെ നേതൃത്വത്തിൽ വലിയ ഒരു ക്യാമ്പയിൻ തന്നെ നടന്നു... അവരവരാൽ കഴിയുന്നത്ഓരോരുത്തരും ചെയ്തു...ഇതിനിടയിലുണ്ടായ പലപ്രതിസന്ധികളും കൂട്ടായ്‌നിന്നു പ്രതിരോധിച്ചു... ഒരു ദേശത്തെ  ഒന്നിപ്പിക്കാൻ ഒരു ക്ഷേത്രത്തിനു മാത്രമേ കഴിയുകയുള്ളു എന്നചോല്ലിന്റെ നേർക്കാഴ്ചയാണ് മണ്ണൂർക്കാവ്‌ മേളം. വ്യവസ്ഥാപിതമായ ചട്ടക്കൂടുകളിൽ ഇളവുനൽകി മേളം യാഥാർഥ്യമാക്കുവാൻ സഹായിച്ച ക്ഷേത്രം ഭരണസമതിക്കും കരക്കാർക്കും എല്ലാ പ്രതിസന്ധിയും തരണം ചെയ്യുവാൻ മേളംസംഘാടകരെ സഹായിച്ച സെക്രട്ടറി രവിയണ്ണനും കൂടെ നിന്ന എല്ലാവര്ക്കും നന്ദി.

അതിലെല്ലാം ഉപരി ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതൽ വീട്ടിൽനിന്നും വിവാഹ ശേഷം ഭാര്യയിൽനിന്നും വന്നുവന്ന് ശ്രീകുട്ടിയിൽനിന്നും കേട്ടുതുടങ്ങിയ ആരോപണമാണ് സോഷ്യൽ മീഡിയ ഉപയോഗവും മൊബൈൽ അഡിക്ഷനും... മണ്ണൂർക്കാവ്‌ മേളം അതിനുള്ള ഉത്തരങ്ങളിൽ ഒന്നാവും എന്നാണ് പ്രതീക്ഷ.  വെട്ടിക്കാട്ടും മേളം ഏന്നൊരു ആശയം ഉരുത്തിരിഞ്ഞു വരുന്നുണ്ട്... അതിനെ കുറിച്ച് വഴിയേ പറയാം.

മൈനാഗപ്പള്ളിക്കാർക്കെല്ലാം  സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐശ്വര്യപൂർണ്ണമായ മകരപൊങ്കൽ ഉത്സവാശംസകൾ..

ഉച്ചക്ക് മൂന്നുമണിക്ക് തുടങ്ങുന്ന മേളം എല്ലാവരും കൂടുമല്ലോ..

Tuesday, January 16, 2018

കൊല്ലം ജില്ലയിലെ മേളപ്രേമികളെ സംബന്ധിച്ചെടുത്തോളം ഇനിയുള്ള നാല് ദിനങ്ങൾ കാത്തിരുപ്പിന്റെതാണ് , കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് നാലാം ദിനം സന്ധ്യമയങ്ങുമ്പോൾ മണ്ണൂർക്കാവിൽ കേളികൊട്ടുയരും തുടർന്ന് കഥകളിയുടെ ഈറ്റില്ലത്തിൽ തന്നെ വിരളമായിക്കൊണ്ടിരിക്കുന്ന മുഴുനീളൻ കഥകളി , കഥകൾ കിരാതവും ദുര്യോധനവധവും. കഥകളി അവസാനിക്കുമ്പോഴേക്കും ക്ഷേത്ര പറമ്പിൽ പൊങ്കാല അടുപ്പുകൾ നിരന്നിരിക്കും , ഞായറാഴ്ച സൂര്യനുദിക്കുന്നതു മകരപൊങ്കലിന്റെ ചൂടറിഞ്ഞാവും ,  ദേവിയുടെ പൊങ്കാലനൈവേദ്യവും കഴിഞ്ഞു ഭക്തർ വീടുകളിലേക്ക് പോയിത്തുടങ്ങുന്നതിനു മുൻപുതന്നെ പൂരങ്ങളുടെ നാട്ടിൽനിന്നും മണ്ണൂർക്കാവിനെ ലക്ഷ്യമാക്കി പെരുവനവും കൂട്ടരും  യാത്ര തുടങ്ങും...

ഇനിയുള്ള  നാലുദിനങ്ങളിൽ സംഘാടകർക്ക്‌ ചെയ്തുതീർക്കുവാൻ ജോലിയേറെ, പത്രസമ്മേളനം മുതൽ മേളം കാണാൻ എത്തുന്നവരുടെ പാർക്കിംഗ് , മേളക്കാർക്കു ഭക്ഷണമുൾപ്പെടെയുള്ള കാര്യങ്ങൾ. മേളം നടത്തിപ്പുകാർക്ക് പിടിപ്പതു ജോലി. മനസ്സുകൊണ്ട് ഞാനവരോടൊപ്പവും ... .

മേളത്തിനായിബാങ്ക് അക്കൗണ്ടിന്റെ ആവശ്യം വന്നപ്പോൾ ഞങ്ങളെ വിശ്വസിച്ചു മേളം നടത്തിപ്പിനായി മാത്രം ഒരു അക്കൗണ്ട് തുടങ്ങുകയും അതിന്റെ ഡീറ്റെയിൽസ് ഞങ്ങൾക്കായി തന്ന കുരുംബേലിൽ ശ്രീകുമാർ സർ, അക്കൗണ്ട് നമ്പർ ഗ്രൂപ്പിൽ നൽകി ഒരാഴ്ചക്കുള്ളിൽ (ഈ വർഷത്തിന്റെ ആദ്യം) സാമ്പത്തികം നൽികിയ ഇതുവരെ ഞങ്ങളെ ആരെയും കണ്ടിട്ടില്ലാത്ത ഇരുപത്തി അഞ്ചു വർഷമായി പ്രവാസജീവിതം ജീവിതം നയിക്കുന്ന രാധാകൃഷ്ണൻ ചേട്ടൻ , ഒരു follow up ഉം കൂടാതെ സാമ്പത്തികമെത്തിച്ച കൂട്ടായ്മയിൽ അംഗമായ  ഗുരുനാഥന്മാർ  സുഹൃത്തുക്കൾ  ചേട്ടനനുജന്മാർ ... വളരെയധികം പേരുടെ ഒരുവർഷത്തെ അധ്വാനഫലം, ഇതിനെ എല്ലാം മുന്നിൽ നിന്ന് നയിച്ച ഞങ്ങളുടെ മുത്തിയണ്ണൻ ( സിബി സർ )  ..  അതെ, സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ വിശ്വാസത്തിന്റെ പ്രതീകമായി മണ്ണൂർക്കാവ്‌ മേളം യാഥാർഥ്യമാകുന്നു.. കൂടെനിന്നവർക്കും സഹായിച്ചവർക്കും വിമർശിച്ചവർക്കും സ്നേഹാഞ്ജലികൾ  ...
.
ഇന്ന് ജനുവരി 16  , നാടുവിട്ടുവന്നിട്ടു രണ്ടു വർഷങ്ങൾ  , ഒരുപക്ഷെ ഇന്നുതന്നെ തന്നെ ഇങ്ങനെ കുറിക്കേണ്ടിവരുന്നത് ആകസ്മികമാകാം. ഇത്തവണ മേളം കൂടാനാകുന്നില്ല... മനസ്സുകൊണ്ട് അവിടെ ഉണ്ടാവും.. അടുത്ത വര്ഷം മേളവും ഉത്സവവും  കൂടണം.. വേഗം നാടുപിടിക്കണം......ഇപ്പോഴും ആറാട്ടുപുഴ മേളത്തിന്റെ വീഡിയോ TV യിൽ... പെരുവനവും കൂട്ടരും പെരുക്ക് തുടരുന്നു.... ഇടനെഞ്ചിൽ എവിടെയോ ചെറിയ ഒരു വേദനയും... ഇതൊക്കെ ആവും പ്രവാസം അല്ലെ...

സവീഷ്  

Monday, January 15, 2018

പ്രമുഖാരല്ലാത്തവർക്കൊപ്പം


ശ്രീജിത്തിന്റെ അനുജന്റെ കൊലപാതകവും അതിനു കാരണക്കാരായ പൊലീസുകാരെ ഭരണകൂടവും നീതിന്യായ വ്യവസ്ഥിതിയും സംരക്ഷിച്ചതും അതിനെതിരെ 760 ദിവസമായി ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സമരമിരിക്കുന്നതും കേരളസമൂഹം ചർച്ചചെയ്യുമ്പോൾ ഈ സമരത്തിന് പിന്തുണ നൽകുകയും ഒരു ചോദ്യം കൊണ്ട് പ്രതിപക്ഷത്തെ തന്നെ അപ്രസക്തമാക്കിയ ആൻഡേഴ്സൺ എഡ്‌വേർഡ് എന്ന ശാസ്താംകോട്ടക്കാരനെ കുറിച്ചാണ് പറയുവാനുള്ളത്.

ആൻഡേഴ്സണെ ആദ്യമായി കേൾക്കുന്നത് മലയാളം വായനശാല എന്ന നവമാധ്യമകൂട്ടായ്മയിൽ അംഗമാകുമ്പോഴാണ്, ചെയ്യുന്ന ജോലിയെക്കുറിച്ചും ചെയ്ത ഷോർട്ഫിലുമുകളെക്കുറിച്ചുമൊക്കെ സ്പുടതമായി സംസാരിച്ചപ്പോൾ ആ കക്ഷിയെ കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നു , അങ്ങനെയാണ് സുഹൃത്ത് റെജിയുമായി സംസാരിക്കുന്നതും ബിജു നൈനാൻ എന്ന സിനിമ പ്രവർത്തകനെ സഹായിച്ച ആൻഡേഴ്‌സനെ കുറിച്ച് കേട്ടത്. വായനശാല കൂട്ടായ്മ കഥയെയും കവിതയെയും പ്രോത്സാഹിപ്പിച്ചപ്പോൾ സാധാരണക്കാരെ സഹായിക്കുവാനായി പുതിയ ഒരു കൂട്ടായ്മ ഉണ്ടാവുകയും അവിടെ ആൻഡേഴ്സൺ ബിജു നൈനാൻറെ കഥ പറയുകയും ചെയ്തു. 

ജോലിക്കുപോകുന്നതിനിടെ ബൈക്കിൽ കൊല്ലത്തിനു ലിഫ്റ്റ് ചോദിച്ച അപരിചിതന് വഴിമധ്യേ ഹാർട്ട്  അറ്റാക്ക് വരുകയും കൊല്ലം ജില്ലാ ആശുപത്രിയിൽനിന്നും മെഡിക്കൽകോളേജിൽ കൊണ്ടുപോവുകയും അവിടെ വച്ച് കക്ഷി  മരണപ്പെടുമ്പോൾ ബന്ധുക്കൾ പോലും സഹായിക്കാനില്ലാത്ത ബിജു നൈനാൻറെ മരണാനന്തര കർമ്മങ്ങൾ ചെയ്ത ആൻഡേഴ്സൺ, ആംബുലൻസ് ചെലവുൾപ്പടെ എല്ലാം സുഹൃത്തുക്കളിൽ നിന്നും കടംവാങ്ങി നടത്തിയതിനെക്കുറിച്ചും  സിനിമാക്കാരിൽ പരാജിതർ അനുഭവിക്കേണ്ടി അതിന്റെ നേരനുഭവവും പങ്കുവെച്ചു. മെഡിക്കൽ കോളേജിൽ ബിജു നൈനാനെ സഹായിക്കാൻ നിന്നസമയം അവിടുത്തെ രോഗികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകണ്ടു കഴിയുമെകിൽ മെഡിക്കൽകോളേജിൽ കുറച്ചു വീൽ ചെയർ വാങ്ങികൊടുക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോൾ  അന്ന് ആൻഡേഴ്സൺ ന്റെ ബാങ്ക് ഡീറ്റൈൽ വാങ്ങിയതാണ്. നിർഭാഗ്യവശാൽ ഒന്നും ചെയ്യാൻ പറ്റിയതുമില്ല , ഫോൺ കേടാവുകയും ആ കൂട്ടായ്മകളിൽ നിന്നെല്ലാം വിടപറയെടി വരുകയും ചെയ്തു.

അന്ന് സേവ് ചെയ്ത ആൻഡേഴ്‌സന്റെ കോണ്ടാക്ട് നമ്പറിൽ കഴിഞ്ഞ ദിവസം മെസ്സേജ് അയക്കുകയും ശ്രീജിത്തിന്റെ കൂടെയുള്ളത് കഷിതന്നെ എന്ന് ഉറപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും ആൻഡേഴ്സൺ 5 ദിവസത്തോളം നിരാഹാരം പിന്നിട്ടുകഴിഞ്ഞിരുന്നു, ആഹാരം കഴിക്കാതെ ടിവി ചാനൽ ചർച്ചകളിലും മറ്റും പങ്കെടുക്കുന്നതിനാൽ നല്ല ആരോഗ്യ ബുദ്ധിമുട്ടും അനുഭവപ്പെടുന്നു. ശാസ്താംകോട്ട കോളേജിൽ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ വക്താവായി പ്രവർത്തിക്കുകയും മുതിർന്നപ്പോൾ മനുഷ്യനന്മയുടെ പാത രാഷ്ട്രീയമല്ല ജനസേവനവും കാരുണ്യപ്രവർത്തനവുമാണെന്നു തിരിച്ചറിഞ്ഞു പ്രവർത്തിച്ചു പോരുന്ന ആൻഡേഴ്സൺ ,  ശ്രീജിത്തിന്റെ സമരത്തിന്റെ ആദ്യപാദം മുതൽ കൂടെ കൂടെ നിൽക്കുകയും മുമ്പും ഈ വിഷയവുമായി ബന്ധപ്പെട്ടു രമേശ് ചെന്നിത്തല ഉൾപ്പടെ ഉള്ളവരെ കാണുകയും ചെയ്തു.  എന്നാൽ നിസ്വാർത്ഥമായി സേവനം നടത്തുന്ന ചെറുപ്പക്കാർക്കെതിരെ  കേവലം രാഷ്ട്രീയമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് എത്രത്തോളം മനസാക്ഷിക്ക് നിരക്കുന്നതെന്നു നിങ്ങൾ ഓരോ രാഷ്ട്രീയക്കാരും ചിന്തിക്കു. ആൻഡേഴ്സന്റെ വാക്കുകടമെടുത്താൽ ശ്രീജിത്തിനൊപ്പം നിൽക്കുന്നവർ പൊതുജനമാണ്, അവർ ചോദിക്കുന്നതിനു മറുപടിപറയേണ്ടത് ജനാധിപത്യത്താൽ തെരെഞ്ഞെടുക്കപ്പെട്ടവരുടെ ഉത്തരവാദിത്വവും. ചോദ്യം അരോചകമാകുമ്പോൾ അതുചോദിക്കാൻ നിങ്ങൾ ആര് എന്ന് മറുചോദ്യം ഉന്നയിക്കുന്നവർ കാത്തിരിക്കുക...

ശ്രീജിത്തിനൊപ്പം ആൻഡേഴ്സണും നിരാഹാരം അഞ്ചാം ദിവസം തുടരുകയാണ്..നാളത്തെ ദിനം പുലരുന്നത് ആ ഏട്ടനും പൊതുജനത്തിനും നീതിലഭിച്ചുകൊണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം.

അതെ പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം , ആന്ഡേഴ്സനൊപ്പം. 

സവീഷ്

PS : ഒരുപക്ഷെ ആൻഡേഴ്സൺ പറഞ്ഞിട്ടാണ് ഞാൻ ഇത് കുറിക്കുന്നതെന്നു ചിന്തിക്കുന്നവർക്കായി എന്റെ പേർസണൽ ചാറ്റിനെ ഒരു ഭാഗം ചേർക്കുന്നു. കൂടാതെ ഞാൻ ചോദിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ ഷെയർ ചെയ്ത ബിജു നൈനാനെ സഹായിച്ചപ്പോൾ FB യിൽ ഇട്ട പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും കൂടെ ചേർക്കുന്നു. എന്റെ വിഷമം അന്ന് ആൻഡേഴ്സൺ ന്റെ ബാങ്ക് അക്കൗണ്ട് നമ്പർ സേവ് ചെയ്യുവാൻ  പറ്റിയില്ല എന്നതാണ്, ഇന്ന് ഈ സമരത്തിന്റെ നടത്തിപ്പിനായും മറ്റും സാമ്പത്തികമായി എന്നാൽ ഒരു സഹായം ചെയ്യാം എന്നുപറഞ്ഞപ്പോൾ സ്നേഹപൂർവ്വം അത് നിരസിച്ച ആൻഡേഴ്സൺ ഈ പറയുന്നവരേക്കാൾ ഒക്കെ എത്രയോ വലിയവനാണ്.

Saturday, January 13, 2018

മണ്ണൂർക്കാവ്‌ മേളം

മുഖം മനസ്സിൻ കണ്ണാടിയെന്നു കവി പാടുമ്പോൾ ഒരു പക്ഷെ സോഷ്യൽ മീഡിയയെ കുറിച്ച് ആരും തന്നെ ചിന്തിച്ചിട്ടുണ്ടാവില്ല, ഈ വന്ന കാലഘട്ടത്തിൽ  മനസ്സിന്റെ കണ്ണാടി ആണല്ലോ സോഷ്യൽ മീഡിയ, കഴിഞ്ഞ ഒരു വർഷക്കാലമായി നാടിൻറെ മുഖം തന്നെ മാറ്റുവാൻ ശ്രമിക്കുന്ന ഒരു കൂട്ടായ്മയുടെ ഭാഗമാണ്. വർഷങ്ങൾക്കു മുൻപ് ഗ്രൂപ്പ് മെയിലിലൂടെയും യാഹൂ ഗ്രൂപിലൂടെയും തുടങ്ങിവെച്ച സോഷ്യൽ മീഡിയ ഉപയോഗം ഇന്ന് വാട്ട്സ് ആപ് ഗ്രൂപികളിലും മറ്റും സജീവമാകുന്നതും സമൂഹത്തിന്റെ എല്ലാതലത്തിലുള്ളവരുമായി സഹകരിക്കുവാൻ കഴിയുന്നതും ടെക്നോളജിയുടെ കുതിച്ചുചാട്ടവും സാധാരണക്കാർക്ക്  . ഈ രീതിയിൽ എല്ലാമേഖലയിലും ടെക്നോളജിയുടെ ഉപയോഗം കടന്നുവരികയും വ്യക്തിജീവിതം കൂടുതൽ സുഗമമാക്കുവാൻ ടെക്നോളജിക്ക്‌ ആവട്ടെ. അതിനെതിരെ മുഖം തിരുവാതിരിക്കുവാൻ പൊതുജങ്ങളും ശ്രദ്ധിക്കട്ടെ.

പറഞ്ഞു വരുന്നത് മണ്ണൂർക്കാവ്‌ മേളത്തെക്കുറിച്ചാണ് , കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ മൈനാഗപ്പള്ളിയുടെ വിവിധഭാഗങ്ങളിലുള്ള വിദേശങ്ങളിലും നാട്ടിലും ജീവിക്കുന്ന  സമാനമനസ്കരായ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത ഒരു കൂട്ടം സുഹൃത്തുക്കളെ രാഷ്ട്രീയ ജാതിമത വ്യതാസങ്ങളില്ല്ലാതെ  നവമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി ഒരു കൂട്ടായ്മയിലേക്ക് ക്ഷണിക്കുകയും അതിലൂടെ മേളം സാധ്യവുമാകുമ്പോൾ അവ പറയാതെ പറയുന്ന ചില സന്ദേശങ്ങൾ വലുതാണ്. നവമാധ്യമങ്ങളുടെ വിജയവും അതിനായി പരിശ്രമിച്ച ഒരു കൂട്ടം വ്യക്തികളുടെ സാംസ്‌കാരിക കാഴ്ചപ്പാടുകളും നമ്മൾ ഉദ്ദേശിക്കുന്നതിലും എത്രയോ വലുതാണ്. 

ഉറക്കമൊഴിച്ചിരുന്നു ചർച്ചചെയ്ത എത്രയോദിനരാത്രങ്ങൾ , മണലാരണ്യങ്ങളിൽ പ്രവാസമാനുവദിക്കുമ്പോഴും നാടിൻറെ ഉയർച്ചക്കും സാംസ്‌കാരിക ചുറ്റുപാടിനും വളർച്ചയുണ്ടാകണമെന്ന കരുതലോടെ അധ്വാനത്തിന്റെ ഒരു ഭാഗം ഞങ്ങളെ ഏൽപ്പിച്ച സുമനസ്സുകൾ , . പ്രവാസജീവിതത്തിൽ കുടുംബത്തോട് ചെലവഴിക്കാൻ  കിട്ടിയ ചെറിയ ഇടവേളപോലും മേളത്തിന്റെ പ്രചാരണത്തിനായി പ്രവർത്തിക്കുവാൻ മാറ്റിവെക്കുന്നവർ  , മേളംകൂടാനായി സ്വന്തം യാത്ര ചെലവ് വഹിച്ചു വിദേശത്തുനിന്നും നാട്ടിലെത്തുന്നവർ.... അതിലെല്ലാം ഉപരി ഒരുദേശത്തെ ഒന്നിപ്പിക്കാൻ എല്ലാവരെയും പ്രചോദിപ്പിച്ച മണ്ണൂർക്കാവ്‌ ദേവീക്ഷേത്രവും വിശ്വാസങ്ങളും...

അതെ മേളത്തെപ്പോലെ പോലെ മേളം സംഘടനത്തിലും പലതലങ്ങൾ,  വിവിധ ചിന്താതലങ്ങളിൽ  നിന്നുവന്നവർ മേളമെന്ന ഏകബിന്ദുവിൽ കേന്ദ്രീകരിക്കുമ്പോൾ മണ്ണൂർക്കാവ്‌ മേളം മൈനാഗപ്പള്ളിയുടെ  ചരിത്രത്തിൽ ഒരു വേറിട്ടഅനുഭവമാകുന്നു. മേളാസ്വാദനത്തിനും മറ്റൊരു തലം മൈനാഗപ്പള്ളിക്ക് സ്വന്തമാക്കട്ടേ...

നോട്ട് : മേളം പത്താം ഉത്സവസത്തിനു സംഘടിപ്പിച്ചതും സമയത്തെക്കുറിച്ചും ചില ആവലാതികൾ ഉണ്ടെന്നു പറഞ്ഞു കേട്ടു,  അതിനെക്കുറിച്ച് മറ്റൊരവസരത്തിൽ കുറിക്കാം.