Friday, January 27, 2023

അമ്മുമ്മ വിടപറഞ്ഞിട്ട് ഒരു വർഷം


കഴിഞ്ഞ ദിവസം അമ്മയോട് സംസാരിച്ചപ്പോഴാണ് അമ്മുമ്മ മരിച്ചിട്ട് ഒരുവർഷം ആകുന്നു എന്നോർത്ത്. ചിലരൊക്കെ നമ്മളെ വേർപിരിഞ്ഞു എന്ന് നമുക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. ഭൗതിക ശരീരം നമ്മളിൽ നിന്നും വേർപിരിഞ്ഞു പോയാലും അവർ നമ്മളിലേക്ക് പകർന്നുതന്ന ജീവിത പാഠങ്ങൾ , ശീലങ്ങൾ നന്മകൾ വിശ്വാസ ങ്ങളൊക്കെ നമ്മൾ ഉള്ളേടത്തോളം കാലം നിലനിൽക്കും.

അമ്മുമ്മയെ കുറിച്ച് പറഞ്ഞു തുടങ്ങണമെങ്കിൽ അങ്ങ് ഡൽഹിയിൽ നിന്ന് തുടങ്ങണം. ജനനം മുതൽ ഞാൻ നാടുവിട്ടു പോകുന്നത് വരെ എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ റൂം മേറ്റ്. പനി വന്നാൽ ചുക്ക് കാപ്പി ഇട്ടുതരുന്ന അമ്മയുടെ കൂടെ വഴക്കിടുമ്പോൾ എന്റെ പക്ഷത്തു നിൽക്കുന്ന എന്നാൽ കുരുത്തക്കേടുകൾ അതിരു വിടുമ്പോൾ കൊതുബും കീറുകൊണ്ട് രണ്ടു അടി തരുന്ന കുളിക്കാൻ വെള്ളം ചൂടാക്കിത്തരുന്ന ആ തീയിൽ തന്നെ പറങ്ങേണ്ടിയും ചീനിയും ചക്കക്കുരുവുമൊക്കെ ചുട്ടു തരുന്ന പഠിച്ചു പത്താം ക്ലാസ് എങ്കിലും പാസ്സാകണം എങ്കിലേ ഒരു കടയിൽ കയറി കണക്കെങ്കിലും എഴുതാൻ പറ്റു എന്ന് പറഞ്ഞു ജോലിയുടെ ആവശ്യത്തെക്കുറിച്ചു എന്നെ പഠിപ്പിച്ച കമ്പ്യൂട്ടർ ജോലിക്കു പോകുന്നു എന്ന് പറഞ്ഞപ്പോൾ കമ്പനിയിൽ കറണ്ട് ഒക്കെ ഉണ്ടാകും സൂക്ഷിക്കണം എന്ന് എന്നെ ഓർമിപ്പിച്ച  അമ്മുമ്മ...

കഥകളിയും മണ്ണൂർക്കാവും അമ്മുമ്മ പറഞ്ഞ ഫാന്റസി കഥകളുമൊക്കെ മനസ്സിന്റെ സങ്കൽപ്പ ശക്തിയെ എത്രത്തോളം വളർത്തിയെന്നോ. ഓരോ വ്യക്തിയെയും മനസിലാക്കി മാത്രം സഹകരിക്കണമെന്നും എല്ലാവരുടെയും നല്ലവശം മാത്രം ഉൾക്കൊള്ളണമെന്നും പറഞ്ഞു പഠിപ്പിച്ചയാൾ.എല്ലാവരോടും സ്നേഹം മാത്രമുണ്ടായിരുന്ന കയ്യിലുള്ളതെല്ലാം എല്ലാവര്ക്കും  കൊടുക്കുന്ന ആരുടേയും ഒന്നും ആഗ്രഹിക്കാത്ത ഒരാൾ. എന്തിനേറെ  വിവാഹം കഴിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ കഴുത്തികിടന്ന മാല ഊരി തന്നിട്ട് ഇതിന്റെ കൂടെ കുറച്ചുകൂടി ചേർത്ത് നീ പെണ്ണിന് ഇടാൻ തന്നു. ജീവിതത്തിൽ ഒരിക്കൽ പോലും  അമ്മുമ്മയെ കുറിച്ച് ഒരാളും മോശം പറഞ്ഞു ഞാൻ കേട്ടിട്ടില്ല. 

എന്റെ അമ്മയുടെ ചെറുപ്പത്തിൽ തന്നെ അപ്പുപ്പൻ മരിച്ചു, അപ്പോൾ അമ്മുമ്മക്ക് 30 വയസ്സ് (1960 കാലഘട്ടം) ആവണം .അന്നുമുതൽ കശുവണ്ടി ആപ്പീസിൽ പോയി ജോലി ചെയ്തു മൂന്നു മക്കളെയും വളർത്തി അമ്മുമ്മക്ക് കിട്ടിയ വസ്തുക്കൾ ഒക്കെ അടുത്ത തലമുറക്കായി കൈമാറിയ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ധീരയായ വനിത , ആ അമ്മുമ്മയുടെ കൊച്ചുമോനായി പിജി കാലഘട്ടം വരെ ഒരേ റൂമിൽ കഴിയാൻ കഴിഞ്ഞത് ഭാഗ്യം. ജീവിതത്തിൽ തകർന്നു പോകുന്ന പല സന്ദര്ഭങ്ങളിലും പിടിച്ചു നിൽക്കാൻ സഹായിച്ചത്അ മ്മുമ്മ നമ്മുടെ മുന്നിൽ ജീവിച്ചു കാണിച്ചു തന്ന ജീവിത രീതിയാണ്. 

അമ്മുമ്മയെ കുറിച്ച് പറയാനും എഴുതാനും ഒന്നും ഒരു പോസ്റ്റ് പോരാ. അമ്മുമ്മ പറഞ്ഞു തന്ന കഥകൾ പകർന്നു തന്ന നന്മകൾ അടുത്ത തലമുറയിലേക്കു കൈമാറാനുള്ള ശക്തി ജഗദീശ്വരൻ നൽകട്ടെ. അമ്മുമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

ഓം ശാന്തിഃ