Tuesday, December 22, 2020

മൈനാഗപ്പള്ളി പതിനെട്ടാം വാർഡ് തെരെഞ്ഞെടുപ്പ് അവലോകനം - 2020

മൈനാഗപ്പള്ളി പതിനെട്ടാം വാർഡ്  തെരെഞ്ഞെടുപ്പ് അവലോകനം - 2020 

മുൻവർഷത്തെ പോലെത്തന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പും കുറെ അറിവുകൾ തന്നു, വ്യക്തിപരമായി പതിറ്റാണ്ടുകൾക്ക്  ശേഷമാണ് വീണ്ടും ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയായത്. സ്ഥാനാർഥി നിർണയം മുതൽ നോട്ടീസ് എഴുതുന്നതിലും പോസ്റ്റർ ഒട്ടിക്കുന്നതിലുൾപ്പടെ പ്രചരണ വിഭാഗങ്ങളിൽ ഒക്കെ പങ്കാളിയായി. അതിലെല്ലാം ഉപരി മൈനാഗപ്പള്ളിയുടെ ഹൃദയഭാഗമായ കടപ്പാ പതിനെട്ടാം വാർഡിന്റെ അവസ്ഥകളും ആവശ്യങ്ങളും മനസിലാക്കുവാനും കഴിഞ്ഞു.  സാധാരണക്കാരിൽ സാധാരണക്കാരായ ദിവസക്കൂലി മാത്രം വരുമാന മാർഗമുള്ള ഭൂരിപക്ഷ  സമൂഹം, അത്യാവശ്യ കാര്യങ്ങൾ മാത്രം സ്വപ്നം കാണുന്ന ഒരു കൂട്ടം കുടുംബങ്ങൾ, ബിജെപി മെമ്പർ വരെയുണ്ടായിട്ടും എല്ലാവര്ക്കും കെട്ടുറപ്പുള്ള വീട് എന്ന സ്വപ്നം ഇനിയും വിദൂരം. പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട യുവത്വത്തിന് നാടിന്റെ ആവശ്യം മനസിലാക്കി പ്രവർത്തിക്കാൻ കഴിയട്ടെ,ആശംസകൾ.


എങ്കിലും കണ്ടത് ചിലതൊക്കെ പറയാതെ വയ്യ. നമ്മുടെ ജനാധിപത്യത്തിന്റെ നെടുംതൂൺ ജാതീയ സാമൂദായിക മതപരമായ വ്യവസ്ഥകൾ ആണെന്ന വസ്തുത മനസിലാക്കി കൊണ്ടാണ് ജനറൽ വിഭാഗത്തിൽ ഈ വ്യവസ്ഥകൾക്ക് വിഭിന്നമായ ഒരു സ്ഥാനാർത്ഥിയെ നിർണത്തണമെന്നു വ്യക്തിപരമായി എന്നോട് അഭിപ്രായം ചോദിച്ചവരോടൊക്കെ അറിയിച്ചത്. കഴിഞ്ഞ അഞ്ചുവർഷം ചെയ്ത പ്രവർത്തനങ്ങളുടെ ഒരു വിലയിരുത്തൽ ഉണ്ടാകണം അതിനനുസരിച്ചു മുന്നോട്ടുള്ള കാര്യങ്ങൾ വ്യവസ്ഥ ചെയ്യണം എന്നൊക്കെയായിരുന്നു കണക്കു കൂട്ടലുകൾ. ഒരു ഫെയർ പ്ലേ ആണ് പ്രതീക്ഷിച്ചത് , എന്നാൽ കിട്ടിയതോ ഒരു ഡേർട്ടി ഗെയിമും.  ചർച്ചചെയ്യപ്പെടേണ്ടത് വികസനവും ജനങ്ങളുടെ ആവശ്യങ്ങളുമായിരുന്നെങ്കിൽ ചർച്ച ചെയ്യപ്പെട്ടത് സ്ഥാനാർത്ഥികളുടെ ജാതിയും വർഗ്ഗവും വർണ്ണവുമൊക്കെയും. 


വികസനമോ ജനക്ഷേമവുമെല്ലാം മാറ്റിവെച്ചു വീട് വീടാന്തരം പൂരിപക്ഷ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുവാൻ എതിർപക്ഷം വ്യക്തമായി ശ്രമിച്ചു. ഏതൊരു മത്സരത്തിലും എതിരാളിയെ തറപറ്റിക്കുവാൻ കിട്ടുന്ന അവസരം ഉപയോഗിക്കണം എന്ന് തന്നെയാണ്, എന്നാലും അതിനു വർണ്ണവെറിയുടെ കൂട്ടുപിടിക്കുന്നത് ഞാനും കൂടെ ഉൾപ്പെടുന്ന സമൂഹത്തിൽ നിന്ന് നോക്കുമ്പോൾ വളരെ അപരിഷ്കൃതമായി തോന്നി. ഇളക്കിവിട്ട വർണ്ണവെറി കാട്ടുതീപോലെ പടർന്നുവെന്നു സൂചിപ്പിക്കുന്നതാണ് കണക്കുകൾ. വർണ്ണവും വർഗ്ഗവും പറഞ്ഞു വേർതിരിച്ചവർ തന്നെ പുറത്തേക്കു മാറിനിന്നു മാനവീയത പറയുമ്പോൾ അവർ മാനവീയതയുടെ മുഖമൂടി അണിയുമ്പോൾ അവരോടുള്ള പുച്ഛം കൂടി വരുന്നു. അവർ പിടിക്കുന്ന കോടിയുടെ നിറം ചുവപ്പാണ് പോലും, മനുഷ്യനെ ജാതീയമായി തമ്മി തല്ലിക്കുവാൻ അവർ കാട്ടിയ കുശലതക്ക് ജനാധിപത്യത്തിൽ വിജയമെന്നാണ് പോലും പേര്. 

ചരിത്രം നോക്കിയാൽ പോലും ആദ്യമായാണ് കഴിഞ്ഞ തവണ ഒരു താഴെത്തട്ടിലുള്ള ഒരാൾ അവിടെ ജനപ്രതിനിധി ആയതു, അതിനു മുമ്പും പിമ്പും ഇനി ഒരു പക്ഷെ മുന്നോട്ടും അവിടെ സവർണ്ണ മേധാവിത്വ൦ മാത്രമേ നിലനിൽക്കൂ , അതിനെ വിത്തുകൾ വളരെ ശക്തമായി തന്നെ  അവർ വളർത്തിയെടുത്തിട്ടുണ്ട്.ഇനി വരുന്ന തവണയെങ്കിലും പതിനെട്ടാം വാർഡ് പിന്നോക്ക റിസർവേഷൻ വാർഡ് ആകണമെന്നാണ് എന്റെ വ്യക്തിപരമായ ആഗ്രഹം. അങ്ങനെയെങ്കിലുമവരിലൊരാൾ ജനപ്രതിനിധി ആകുമല്ലോ, അപ്പോഴുണ്ടാകുന്ന വോട്ടിങ് ശതമാനത്തെ കുറിച്ച നമുക്ക് അന്ന് ചർച്ചചെയ്യാം. 


വ്യക്തികളുടെ സ്വാർത്ഥ താല്പര്യത്തിനായി അവർക്കാവശ്യം ഉള്ളെടുത്തു മതവും വർഗ്ഗവും വർണ്ണവും പറയുമ്പോൾ കഴിയുന്നെടുത്തു സാമ്പത്തികവും ലഹരിയും നൽകി വോട്ടുറപ്പിക്കുമ്പോൾ അവർ രാഷ്ട്രീയക്കാരനാകുന്നു. രാഷ്ട്രീയം രാഷ്ട്രത്തിനു വേണ്ടിയുള്ളതാണെന്നും അവിടെ രാഷ്ട്ര പുരോഗതിയും ഒരുമയും ചർച്ചചെയ്യപ്പെടണമെന്നു ആഗ്രഹിക്കുമ്പോൾ അവർ സംഘികളും കൂടെ കൂട്ടാൻ പറ്റാത്തവനും.ഡൊണാൾഡ് ട്രംഫ് എങ്ങനെ പ്രസിഡണ്ട് ആയി എന്ന ചോദ്യത്തിന് മറുപടിയായി ഒബാമ കുറിച്ചതിങ്ങനെയാണ് , ഒരു കറുത്തവർഗക്കാരൻ അമേരിക്കൻ പ്രസിഡണ്ട് ആയതിനോടുള്ള ചൊരുക്ക് അമേരിക്കയിലെ ഒരു വലിയ വിഭാഗം തീർത്തതാണ് ട്രംഫിന്റെ പ്രസിഡന്റ് സ്ഥാനം. (Americans spooked by black man in Whie House led to Donald Trumph's presidency, Barack Obama) അതുപോലെ ഒരു അഗസ്‌ഥിത വർഗ്ഗത്തിൽ പെട്ട ഒരാൾ അവരുടെ ജനപ്രതിനിധിയായപ്പോൾ ഉൾക്കൊള്ളുവാൻ കഴിയാതെ പോയതിന്റെ പ്രതിഫലനമാണ് ഇത്തവണ മൈനാഗപ്പള്ളി പതിനെട്ടാം വാർഡിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

വേണ്ട എന്ന് പലതവണ കരുതിയതാണ് എന്നിരുന്നാലും കേവലം  സ്വാർത്ഥ താല്പര്യത്തിനായി അഭ്യസ്തവിദ്യരുൾപ്പെടുന്ന സമൂഹത്തെ ബന്ധുത്വത്തിന്റെയും ജാതിയുടെയും പേരിൽ ഇത്രയും പിന്നോട്ട് വലിച്ചവരെ ഒന്നടയാളപ്പെടുത്തിയില്ലെങ്കിൽ പിന്നെ എന്തിനു ഈ പൊതു ഇടങ്ങൾ.

[കോൺഗ്രസ്സ് കാരനായ സ്ഥാനാർഥിക്കു ഇതൊന്നും ബാധകമല്ലേ എന്ന മറുചോദ്യം ഉണ്ടായേക്കാം ,  ഒരു പക്ഷെ കക്ഷി തോക്കേണ്ടിയിരുന്നത് അവരുടെ പാർട്ടിക്കാരുടെ തന്നെ ആവശ്യമായിരുന്നുവെന്നുമാണ് ഞാൻ മനസിലാക്കിയത്.  ബിജെപിക്കാരുടെ പാലം വലിയും അധികാരമോഹവും സംഘടനാ ചട്ടക്കൂടിന്റെ കഴിവുമൊക്കെ അവർ ചർച്ചചെയ്യട്ടെ.]


സവീഷ്