Monday, January 12, 2026

മൈനാഗപ്പള്ളിയിലെ മേളം.

ഇത്തവണ മണ്ണൂർക്കാവിൽ നടക്കുന്ന മേളത്തിനൊരു എൻറെ ചിന്തയിൽ  പ്രത്യേകതയുണ്ട്. അത് പതിയെ പറയാം. 

ഫ്ലാഷ്ബാക്ക് -  കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുമുമ്പ് ഇത്തവണത്തെ മേളത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളായ ആദർശ് രാജിനോട് (മിഷൻ പാണ്ടി മേള സമയത്തിലെ കുഞ്ഞനുജൻ , ഇപ്പോൾ അവൻ വളർന്നു ഒരു വലിയ  സംഘാടകൻ ആയിരിക്കുന്നു - സന്തോഷം ) ഒരു മെസ്സേജ് വഴി ചോദിച്ചു , ഡാ ഇത്തവണ മേളം ഇല്ലേ. മിക്കവാറും ഇത്തവണ ഉണ്ടാവില്ല, സാമ്പത്തികം കണ്ടെത്തുക എന്നതൊരു വലിയ ഭാരിച്ച ഉത്തരവാദിത്വവും നമ്മൾ വ്യക്തികളോട് ചോദിക്കുമ്പോൾ അവരിൽ പലർക്കും പല ബുദ്ധിമുട്ടുകളും പറയുന്നു. (ഏതൊരു സംഘാടകൻറെയും മുൻപിലുള്ള  വിഷയം ) അത് കൊണ്ട് ഇത്തവണ മിക്കവാറും മേളം ഉണ്ടാകാൻ വഴിയില്ല. ചെറിയ വിഷമത്തോടെ  ആ വിഷയം അവിടെ അവസാനിപ്പിച്ച് ഞങ്ങളുടെ ചർച്ചകൾ മറ്റു പല വിഷയങ്ങളിലേക്കും പോയി. 

ഇടയ്ക്കു എവിടെയോ അമ്പലത്തിലെ ഉത്സവത്തിന്റെ നോട്ടീസ് കണ്ടതിലും മേളത്തിന്റെ കാര്യം ഇല്ല. 2015 നു മുമ്പോ എപ്പോഴോ സിബി സാറിന്റെ വീട്ടുവരാന്തയിൽ ചർച്ച ചെയ്തു തുടങ്ങി , ആദ്യം സിബിസാർ നയിച്ച ടീമും പിന്നീട് ആദർശും ബിനുവും വേണുച്ചേട്ടനെയും പോലെയുള്ളവർ മുന്നിൽനിന്നു ചെയ്ത മേജർ സെറ്റ് മേളം പഞ്ചവാദ്യം പോലെയുള്ള മൈനാഗപ്പള്ളിയി കലാ സംഘാടനത്തിനു അവസാനമായി എന്നും ഇനി  ആ വിഷയം ആരോടും  ചർച്ച ചെയ്യണ്ട എന്ന് തീരുമാനിച്ചു. ഒരു നാടിനു വേണ്ടത് എന്താണ് എന്ന് അവർതന്നെ തീരുമാനിക്കുമെന്നാണല്ലോ ജനാധിപത്യം പോലും നമ്മളെ പഠിപ്പിക്കുന്നത് എന്ന ആപ്തവാക്യത്തിലേക്കു മേളംചിന്തകൾ അവസാനിപ്പിച്ചു. മണ്ണൂർക്കാവ്‌ മേളം അഥവാ അമ്മക്കൊരു മേളം അതുമല്ലെങ്കിൽ മൈനാഗപ്പള്ളിക്കാരുടെ മേളം. എന്ത് പേരിട്ടുവിളിച്ചാലും മണ്ണൂർക്കാവിൽ നടക്കുന്ന മേളം ഇനിയില്ല നാട്ടിൽ ഉത്സവത്തിന് പോകുമ്പോൾ  കേൾക്കാനും കഴിയില്ല , അങ്ങനെ ഇരിക്കുമ്പോഴാണ്  ആദർശ് പോസ്റ്റ്ഷെയർ ചെയ്തത്. കഴിഞ്ഞ വർഷത്തെ മെമ്മറി ആവും, എന്തായാലും ഒന്ന് ചോദിച്ചുകളയാം എന്നുകരുതി ചോദിച്ചപ്പോൾ,  ഇത്തവണയും മേളം വരുന്നു. മണ്ണൂർക്കാവ്‌ പറയുമായി ഇറങ്ങാതിയപ്പോൾ ഏറ്റവും കൂടുതൽ ചോദിച്ച ചോദ്യം ഇത്തവണ മേളം ഇല്ലേ എന്നായിരുന്നു പോലും. അതെ മണ്ണൂർക്കാവിലെ മേളം വളരെ ചുരുക്കം സമയം കൊണ്ടുതന്നെ ജന ഹൃദയത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. സംഘാടക സമിതി പോലും വേണ്ടന്നു വെച്ചിട്ടും പൊതു ജനങ്ങളുടെയും  ഭക്തരുടെയും ആവശ്യപ്രകാരം ഇത്തവണയും മണ്ണൂർക്കാവിൽ മേജര്സെറ് മേളം നടക്കുന്നു. ഇതിൽ പരം  എന്തു സന്തോഷം വേണം മൈനാഗപ്പള്ളിയിലെ മേളാസ്വാദകർക്ക്. 


വര്ഷങ്ങള്ക്കു മുൻപ് സിബി സാറും ഹരി സാറും സജു മാഷും അനിലണ്ണനും അനുവും ബോസും ഉൾപ്പടെയുള്ള  സുഹൃത്‌വലയചർച്ചയിൽ മൈനാഗപ്പള്ളിക്കാർക്കു മേളം പോലെയുള്ള ക്ലാസ്സിക്കൽ കലകൾ ഉൾക്കൊള്ളുവാൻ അവർക്കതു സംഘടിപ്പിക്കാൻ കഴിയില്ല  എന്നൊരു വാദം വരുകയും അതിനു ശേഷം നടന്നതെല്ലാം ചരിത്രമായതും , ഇത്തവണത്തെ മേളം പൊതുജന താല്പര്യപ്രകാരം നടക്കുന്നതുമൊക്കെ വിശ്വാസിയുടെ കണ്ണിൽ നിന്ന് നോക്കുമ്പോൾ ദേവി ഹിതമായിരിക്കും, കാലഘങ്ങളായി ഈ മാറ്റത്തിന്റെ ഭാഗദേയമായ എല്ലാവരും ദേവീഹിതത്തിനു വേണ്ടി പ്രവർത്തിച്ചവരും. 


കഥകളി ശീലുറങ്ങുന്ന മണ്ണൂർക്കാവിന്റെ മണ്ണിൽ അമ്മക്കൊരു മേളം നടക്കട്ടെ. ചെറുശ്ശേരി കുട്ടൻമാരാർ ഇത്തവണ കൊട്ടി കയറട്ടെ.  മേളത്തിന്റെ കാലങ്ങളും ശാസ്ത്രീയ വശവും മനസിലാക്കി ആസ്വദിക്കുവാൻ മൈനാഗപ്പള്ളിക്കാർ ശ്രമിക്കട്ടെ. ഇതിനൊരു തുടർച്ചയുണ്ടാവുകയും വരും വർഷങ്ങളിൽ മറ്റു മേളപ്രമാണിമാർക്കും മേളം അവതരിപ്പിക്കാനുള്ള അവസരം ലഭിക്കട്ടെ.  അമ്മക്കൊരു മേളത്തിന് എല്ലാവിധ ആശംസകളും