Saturday, May 20, 2017

ഓലപ്പുര

മഴയുള്ളരാത്രികളിൽ വൈകിയുറങ്ങുക ഒരു ശീലമായിരുന്നു, എന്തോ എല്ലാം നിശബ്ദമാകുമ്പോൾ മഴയുടെ ശബ്ദം കേട്ടിരിക്കുക വല്ലാത്ത ഒരു സുഖവും ആശ്വാസവും  നൽകും. ഇടവപാതി മൂടിനിന്നു പെയ്യുന്ന രാത്രികൾ ഉറക്കമില്ല എന്ന് തന്നെ പറയാം. നിലക്കാത്ത ചീവീടിന്റെ ശബ്ദവും മഴയുടെ ഓരിയിടീലും എല്ലാം അവനെ പഴയകുറെ ഓർമകളിലേക്ക് കൊണ്ടുപോകും, ഗൃഹാതുരയുണർത്തുന്ന കുട്ടിക്കാലം.


വീതം വച്ചപ്പോൾ പൊളിച്ചു ഒറ്റെക്കെട്ടാക്കേണ്ടി വന്ന ഒരു പഴയ നാലുകെട്ടിന്റെ ഒരു ഭാഗത്താണ് അവരുടെ താമസം, മറ്റു മൂന്നു വീടുകൾ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നും ഉണ്ടാക്കി എന്ന് പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല, ഓലമേഞ്ഞ വീടാണ്, കാലം തെറ്റിപ്പെയ്യുന്ന വേനൽമഴയിൽ ചോർന്നൊലിക്കുമ്പോഴാണ് പുര മേയുന്നതിനെ കുറിച്ച് ചിന്തിക്കുക, മേച്ചിൽ കുട്ടികൾക്ക് ആഘോഷമാണ് , പുരയിടത്തിലെ ഓലയെല്ലാം വെട്ടി അടുക്കാക്കി മുണ്ടകൻ പാടത്തു കൊണ്ടുപോയി കുതിർക്കാനിടും, അവിടെ തന്നെയിട്ടു മെടഞ്ഞു കെട്ടുകളാക്കി കൈവണ്ടിയിൽ എടുത്തുകൊണ്ടുവരാൻ അവനും പോകും. മിക്കവാറും ഞായറാഴ്ച ആണ് മേച്ചിൽ, അന്ന് നാട്ടുകാർ എല്ലാരും ഉണ്ടാകും, പഴയ ഓല ഇറക്കുമ്പോഴാണ് ആ വര്ഷം അന്നുവരെ പുരയുടെ മുകളിൽ പോയ സാധങ്ങളെല്ലാം അവനു തിരിച്ചുകിട്ടുക, നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടുന്ന ആവേശവും , 


കിട്ടിയ സാധനങ്ങൾ എല്ലാം കൊണ്ടുപോയി എരുത്തിലിൽ വൈക്കുമ്പോഴാണ് അത് കണ്ടത്, കണ്ണടക്കുകയും തുറക്കുകയും ചെയ്യുന്ന ഒരു പാവ. ഗൾഫ്‌കാരനായ അമ്മാവനും മോളും വന്നപ്പോൾ കൊണ്ടുവന്നതാണ്, എന്തോ അതവനത്ര പിടിച്ചില്ല , അങ്ങനെയാണത്  പുരപ്പുറത്തെത്തിയതും, അപ്പോഴും അവിടെ മേച്ചിൽ തുടരുന്നു. താഴെ നിൽക്കുന്നവർ ഈരണ്ടുകീറു ഒറ ഒരുമിച്ചെടുത്തു മുകളിലേക്കെറിയുന്നു, ഇനി ഈമേച്ചിൽ ഒന്നും അധികകാലം ഉണ്ടാകില്ല, എല്ലായിടത്തും ടെറസ് വീടുകൾ വന്നു തുടങ്ങി, ഓല മെടയാനും മേയാനും ഒന്നും ആളിനെ കിട്ടില്ല, മണ്ഡരി വന്നു തെങ്ങെല്ലാം പോയി, ഓലയും ഇല്ല, ഒന്നുകിൽ ഷീറ്റിടുക അല്ലെങ്കിൽ പൊളിച്ചു പുതിയ വീട് വെയ്തുക്ക.

ഈ വീട് പൊളിക്കുകയോ, അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് 'അമ്മ അതുവഴിവന്നു അവൻ പറക്കിവെച്ച സാധനങ്ങൾ എല്ലാം നോക്കിയത്. ആഹാ ഈ പാവ എങ്ങനെയാ പുരപ്പുറത്തു പോയത്, ഇത് ഞാൻ ഇനി നോക്കാൻ ഇനി ഒരുസ്ഥലം ഇല്ല. എന്നും പറഞ്ഞു അതും എടുത്തുകൊണ്ട് പോയി. അമ്മാവന്റെ മോളും അവനും ഒരേ തരത്തിലാണ് പഠിക്കുന്നത്, അയാൾ ഇംഗ്ലീഷ് മീഡിയവും അവൻ മലയാളം മീഡിയം ഗവർമെന്റ് സ്കൂളും, എന്തോ അവർക്കു അവനെ ചതുർത്ഥികാണുന്നതു പോലെയാണ്, നാട്ടിൻ പുറത്തെ കുട്ടികൾ ഒന്നിനും കൊള്ളാത്തവരാണെന്നും മറ്റുമുള്ള ഒരു രീതിയിലാണ് പെരുമാറ്റം, ഓരോ തവണ അവർ വരുമ്പോഴും അവനു പലതും കൊണ്ടുവരുമെങ്കിലും അവനു അതിൽ ഒരു താല്പര്യവും ഉണ്ടാവാറില്ല 


ഉച്ച ആയപ്പോഴേക്കും മേച്ചിൽ കഴിഞ്ഞു, 'അമ്മ അവർക്കുള്ള ഉടച്ചുകൂട്ടാനും കഞ്ഞിയും വെച്ചിരുന്നു, എല്ലാവരും അത് കുമ്പിൽകൂട്ടി മുറ്റത്തിരുന്നു കുടിച്ചു, കൂട്ടത്തിൽ സഹായിക്കാൻ വന്നവരും ഉണ്ടായിരുന്നു.. അവനും കുഴി കുത്തിയ കുബ്‌മൈലിൽ കഞ്ഞിയും ഒടച്ചുകൂട്ടാനും കോരി കുടിക്കാൻ പ്രവില കുത്തിയും കൊടുത്തു. മേയാൻ 5 പേരോളം പുറത്തുനിന്നു വന്നെങ്കിലും കഞ്ഞികുടിക്കാൻ പത്തുപതിനഞ്ചു പേരോളം ഉണ്ടായിരുന്നു. കഞ്ഞി കുടിക്കഴിഞ്ഞു കൂലിയും വാങ്ങി അവർ യാത്ര ആയി.

മേയാനായി പുറത്തിറിക്കി വെച്ച സാധനങ്ങൾ എല്ലാം എടുത്തു അകത്തിടുകയാണ് ഇനി അടുത്ത പണി, അതിനു വീട്ടുകാർ മതിയെന്ന ഭാവത്തിൽ എല്ലാവരും പിരിഞ്ഞു. സാധനം പറക്കിവെക്കാൻ അവനെ 'അമ്മ വിളിച്ചു,  അപ്പോൾ അവൻ ചോദിക്കുന്നുണ്ടായിരുന്നു, നമ്മൾ  ഈ വീട് പൊളിക്കുമോ.. ഇല്ല, അല്ല അവർ പറയുന്നുണ്ടാരുന്നു, അത് അവർ ചുമ്മാ പറയുന്നതല്ലേ, നീ ഇതെല്ലം വേഗം പറക്കി വെച്ചേ, പടിഞ്ഞാറു കോള് കാണുന്നു , മഴ പെയ്യും.

വെകുന്നേരം മഴപെയ്തു, കരണ്ടു പോയപ്പോൾ മണ്ണെണ്ണ വിളക്കും കത്തിച്ചു അമ്മുമ്മയുടെകൂടെ എരുത്തിലിൽ പോയി തീകാഞ്ഞു, പുതിയ ഓലയുടെ പുറത്തു മഴതുള്ളി വീഴുന്ന ശബ്ദം , ചെവി ഇരുകൈകൊണ്ടും അടച്ചും തുറന്നും കേട്ടുകൊണ്ടേയിരുന്നു. കുറെ കഴിഞ്ഞപ്പോൾ കരണ്ടു വന്നു.. മുറ്റത്തെ വിളക്കിട്ടപ്പോൾ കഴിഞ്ഞ ദിവസം തെളിച്ച തെങ്ങിൻമൂട്ടിൽ നിറയെ വെള്ളം, രാവിലെ വള്ളം ഉണ്ടാക്കി കളിക്കാം എന്നും കരുതി അവൻ ഉറങ്ങാൻ കിടന്നു, അപ്പോഴും ചെവി രണ്ടും കൈകൊണ്ടുപൊതി മഴയുടെ ഇരമ്പൽ  കേൾക്കുന്നുണ്ടായിരുന്നു.

വേനലവധികഴിഞ്ഞു , സ്കൂൾ തുറന്നു, മഴക്കാലത്തെ മീൻപിടുത്തവും പിടുത്തവും തോട്ടിൽ കളിയും വളംകടിയുമൊക്കെ കഴിഞ്ഞു ഓണപരീക്ഷയും കടന്നുപോയി, പുതിയ പുസ്തകങ്ങൾ എല്ലാം പ്രെസ്സിൽ കൊടുത്തു ബൈൻഡ് ചെയ്തു കിട്ടിയപ്പോഴേക്കും ഓണം വന്നിരുന്നു. എല്ലാ ഓണത്തിനും അമ്മുമ്മയെ കാണാൻ അമ്മാവൻ വരും, അപ്പോൾ എന്തെങ്കിലും എനിക്ക് കൊണ്ടുവരുകയും ചെയ്യും, എന്നാൽ ഇത്തവണത്തെ വരവിനു ഒറ്റക്കാണ് വന്നത്, സാധാരണ സമ്മാനം ഉള്ളതാണ്, ഇത്തവണ അതും ഉണ്ടായില്ല. അച്ഛനും അമ്മയുമായി എന്തോ ഗൗരവമായി സംസാരിക്കുന്നുണ്ടായിരുന്നു.

അമ്മാവൻ പോയി കുറെ കഴിഞ്ഞപ്പോൾ 'അമ്മ എന്നോട് പറഞ്ഞു, അടുത്ത വര്ഷം പുറമേയുന്ന സമയം നമ്മൾ ഈ വീട് പൊളിക്കും, അതിനായി കുറച്ചു സാമ്പത്തികസഹായമൊക്കെ അമ്മാവൻ ചെയ്യും , അമ്മയുടെ നാട്ടിലെ കുറച്ചു സ്ഥലം അമ്മാവന് കൊടുത്താൽ മതിയെന്ന്. എന്തോ എനിക്ക് അപ്പോഴും മനസിലാകുന്നുണ്ടായിരുന്നില്ലഞങ്ങളുടെ വീടിനെന്തു കുഴപ്പമെന്നു.
 

ഇടക്കെപ്പോഴോ വന്ന കൊള്ളിയാൻ മുഖത്തടിച്ചു, സിറ്റ് ഔട്ടിൽ അച്ഛന്റെ ചാരുകസേരയിൽ പാതിമയക്കത്തിലിരുന്ന അവൻ എണീറ്റ് കിടക്കാനായി ബെഡ് റൂമിലേക്ക് പോയി. പുതപ്പു പിടിച്ചു തലവഴിയെ ഇടുമ്പോഴും ആ പഴയ പുതു ഓലയിൽ മഴ വീണു തെറിക്കുന്ന ശബ്ദം കത്തിൽ ഇരമ്പുന്നുണ്ടായിരുന്നു.

ഓർമ്മകൾക്കെന്തു സുഖന്ദം.... 


Saturday, May 13, 2017

എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ


എന്റെ അമ്മയെ ഞാൻ ഉഷയമ്മ എന്നാണ് വിളിക്കാറ്, നാട്ടിലുള്ള മറ്റുള്ള എല്ലാ അമ്മമാരെയും 'അമ്മ എന്നും. അത് കുഞ്ഞുന്നാളുമുതലെയുള്ള ശീലവും. കഴിഞ്ഞ ദിവസം നാട്ടിൽനിന്നുകേട്ട വാർത്ത ഒട്ടും സുഖകരമല്ല , നാട്ടിൽ സ്വാമി എന്ന് ഞങ്ങൾ വിളിക്കുന്ന കുതിരപ്പന്തിയിൽ തങ്കമണിപ്പിള്ള ചേട്ടന്റെ ഭാര്യ അതും ഒരു 'അമ്മ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരണപ്പെട്ടു കിടക്കുന്നതു കണ്ടു, അന്വേഷിച്ചതിൽ നിന്നും അറിയാൻ കഴിഞ്ഞത് രാവിലെ മുതൽ ആ 'അമ്മയെ കാണാൻ ഇല്ലായിരുന്നുവെന്നും ബന്ധുവീട്ടിലും മറ്റും അന്വേഷിച്ചിട്ടു ഒരു വിവരവും ഇല്ലാതെ അവസാനം കിണറ്റിൽ കിണറ്റിൽ മരണപ്പെട്ടു കിടക്കുന്നതു കണ്ടുമെന്നുമാണ് . പോലീസും വിരലടയാളവിദഗ്‌ദ്ധരും എല്ലാം സ്ഥലം സന്ദർശിക്കുകയും മരണകാരണം അന്വേഷിക്കുകയും ചെയ്യുന്നു. റൂമിൽ രക്തം കണ്ടുവെന്നും ശരീരത്തുണ്ടായിരുന്ന ആഭരണം കാണുവാനില്ല എന്നുമൊക്കെ നട്ടുവർത്തമാനം.

തങ്കമണിപ്പിള്ള ചേട്ടൻ മരിച്ചിട്ടു കാലം കുറച്ചായി, ഞങ്ങളുടെ ശബരിമലയാത്രയിൽ ഗുരുസ്വാമിയായിവന്നു കെട്ടുനിറച്ചുതരുന്നതും അമ്പലങ്ങളിലും വീടുകളിലും മറ്റും വായിക്കാൻ പോകുന്നതുമായ ഒരു സാധുമനുഷ്യൻ, അവിടെ രണ്ടു ചേച്ചിമാരാണ് ഉണ്ടായിരുന്നത് എന്നാണ് ഓര്മ, ഞങ്ങളുടെ ചെറുപ്പകാലത്തു തന്നെ അവരുടെ കല്യാണവുംകഴിഞ്ഞിരുന്നു. . തങ്കമണിപ്പിള്ള ചേട്ടന്റെ മരണശേഷം ആ 'അമ്മ ഒറ്റക്കായിരുന്നു താമസം. അവിടെ അവർക്കു ഒരു ചെറിയ മുറുക്കാൻ കടയും കച്ചവടവുമൊക്കെ ഉണ്ടായിരുന്നു. അതിനിടയിലാണ് ദാരുണമായ ഈ സംഭവം ഉണ്ടാകുന്നത്. ഒരിക്കലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ല താനും.സ്വന്തം മക്കളുടെ അടുത്തുപോലും പോകാതെ ഒറ്റയ്ക്ക് ജീവിക്കാൻ ശ്രമിച്ച ധീരായ സ്ത്രീ.വീട്ടിൽ വിളിച്ചപ്പോൾ ഇന്നലെതന്നെ ഈ വിഷയം അവതരിപ്പിച്ചു, അപ്പോഴാണ് അവർ ഇത് അറിയുന്നത്. വർഷങ്ങളായുള്ള പരിചയം , ഒട്ടും ഉൾക്കൊള്ളാൻ കഴിയാത്ത വാർത്ത, ഇത് കേട്ടതിനു ശേഷമുള്ള അവരുടെ മാനസികാവസ്ഥ  മനസിലാകുന്നുണ്ടായിരുന്നു. രാവിലെ വിളിച്ചപ്പോഴും ഒരു മാറ്റവും ഇല്ല, ആ വീട്ടിൽപോകാനുള്ള തയ്യാറെടുപ്പുകൾ, അയലത്തെ വീട്ടിൽ പോയി കാര്യം ചോദിക്കുന്നു. 

അവർക്കു ഇങ്ങനെ ഒരു അന്ദ്യം ഉണ്ടാകുമ്പോൾ ഈ  കാലഘട്ടത്തിൽ നമുക്ക് പലതും ചിന്തിക്കേണ്ടിവരുന്നു. നാട്ടിൽ ഇങ്ങനെ ഒരു വാർത്ത പുതിയതാണ്,കൂടാതെ എന്റെ ഉൾപ്പടെ പല കുടുംബങ്ങളിലും പ്രായമായവർ ഒറ്റക്കാണ് താമസവും. അവരുടെ സുരക്ഷ പുറം ലോകത്തു താമസിക്കുന്ന മക്കൾക്ക് വളരെ പ്രധാനം നാട്ടിൻപുറങ്ങളിലും  ഇങ്ങനെ ഒക്കെ സംഭവിക്കുമ്പോൾ എന്ത് വിശ്വസിച്ചു മക്കൾ കുടുംബം വിട്ടു നിൽക്കും, ഇത് എന്റെ മാത്രംചിന്തയല്ല , ഇന്നലെ whatsaap ഗ്രൂപ്പിൽ ഈ മെസ്സേജ് വന്നതിനുശേഷം പുറത്തു എല്ലാവരുടെയും ചിന്ത ഇത് തന്നെ. ആരോട് ചോദിയ്ക്കാൻ , എന്ത് ചെയ്യാൻ.

ഈ മാതൃ ദിനത്തിൽ വലിയ കാര്യങ്ങൾ ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിലും ഒറ്റക്കുതാമസിക്കുന്ന അച്ഛനമ്മമാരുടെ സുരക്ഷയെകുറിച്ചു നമുക്ക് ചിന്തിക്കാം, അതിനു വേണ്ടതൊക്കെ ചെയ്യാൻ ശ്രമിക്കാം.

സവീഷ്.





Friday, May 5, 2017

ലോണുകൾ എഴുതിത്തള്ളുമ്പോൾ

കുറച്ചു ദിവസങ്ങൾക്കുമുമ്പ് ആദിത്യനാഥ് കർഷകരുടെ ലോണുകൾ എഴുതിത്തള്ളിയത് കേരളത്തിലെ എല്ലാ മാധ്യമങ്ങളും ചർച്ചചെയ്തു, എന്നാൽ അതിനു കുറച്ചു ദിവസത്തിന് ശേഷം പിണറായി സർക്കാരും കേരളത്തിന്റെ കൃഷി എന്ന് വിശേഷിപ്പിക്കാവുന്ന പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ ലോണുകളിൽ വലിയ എഴുതിത്തള്ളൽ പ്രഖ്യാപിച്ചു. രണ്ടും അനുഭവസ്ഥർക്കു ഒരേപോലെ സന്തോഷം നൽകുന്നകാര്യം. നെഗറ്റീവ് ന്യൂസ് മാത്രം പ്രചരിപ്പിക്കുന്നു എന്നപ്രചാരണത്തിനിടയിൽ ഒരു നല്ലകാര്യം പ്രചരിപ്പിക്കുവാൻ എല്ലാവരും ശ്രമിക്കുകയും ചെയ്തു.

എന്നാൽ ആദിത്യനാഥ് ലോൺ എഴുതിത്തള്ളിയതിനുശേഷം, തമിഴ്നാട്ടിലെ കർഷകർ ട്രെയിൻ പിടിച്ചു ഡൽഹിയിൽ പോയി തലമുണ്ഡനം ചെയ്തും നഗ്നത പ്രചരിപ്പിച്ചും ആത്മഹത്യാഭീഷണിമുഴക്കിയും അവരുടെ ലോണിനും ഒരു തീരുമാനം ഉണ്ടാക്കിയെടുത്തു. കേരളത്തിലെ ഗവർമെന്റ് വലിയ സമരകോലാഹലങ്ങൾ ഒന്നും ഇല്ലാതെ വിദ്യാഭ്യാസവായിപ്പയിൽ എഴുതിത്തള്ളൽ പ്രഖ്യാപിച്ചു. ലോൺ എഴുതിത്തള്ളൽ ഒരു നല്ലകാര്യം ആണ് അത് അർഹതപ്പെട്ടവർക്ക് കിട്ടുമ്പോൾ, ഈ എഴുതിത്തള്ളൽ പ്രതീക്ഷിച്ചുകൊണ്ട് ഉണ്ടായിട്ടും വർഷങ്ങളായി സാമ്പത്തികം ഉണ്ടായിട്ടും ലോൺ അടക്കാത്തവരും അനർഹമായി BPL കാർഡ് സമ്പാദിച്ചവരും ഇതിന്റെ ഗുണഗണങ്ങൾ കയ്യടക്കുമ്പോൾ വിപരീത ഫലം ഉണ്ടാകുന്നു . നാലുശതമാനം സബ്‌സിഡി ഇനത്തിൽ സ്വർണം പണയം വെച്ച് കാർലോണടക്കുകയും  ഇല്ലെങ്കിൽ അവിടെത്തന്നെ ഡെപ്പോസിറ് ചെയ്തു കൂടിയപലിശ വാങ്ങിക്കുന്നവനാണ് മലയാളി.

ലോൺ എഴുതിത്തള്ളാനുള്ള തീരുമാനം ഇന്ത്യയിലെ തന്നെ ബാങ്കിങ് മേഖലയിൽ ഉണ്ടാക്കിയ അനിച്ചതിതത്വത്തെ കുറിച്ച് ഒരു ബാങ്ക് ഉദ്യോഗസ്ഥൻപറയുന്നത്കേട്ടു . കേരളത്തിലെ ഒരു പ്രധാന വ്യവസായമായി പ്രൊഫഷണൽ കോളേജുകൾ ഒരു നിബന്ധനയും കൂടാതെ കോഴ്സ് കളും അവിടേക്കുള്ള പ്രവേശനവും നടത്തുമ്പോൾ ഈ ലോൺ എഴുതിത്തള്ളൽ സഹായിക്കുക വിദ്യഭ്യാസ കച്ചവടത്തെയാണ്. അതിനുപകരം സബ്‌സിഡി നൽകി പുതിയ സംരഭങ്ങൾ തുടങ്ങുവാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പ്രൊഫഷണൽ കോളേജുകളിൽനിന്നും പഠിച്ചിറങ്ങുന്നവർക്കു തൊഴിലവസരമാണ് ഒരു ക്രിയാത്മകമായ സർക്കാർ നൽകേണ്ടത്, അവരുടെ കഴിവുകൾ ഉപയോഗിക്കുവാനുള്ള അവസരം , അല്ലാതെ അവരെ സാമ്പത്തിക സഹായം നൽകി അപമാനിക്കലല്ല, അതുപോലെ തന്നെ കർഷകർക്ക് പുതിയ വിളകൾ ഉത്പ്പാദിപ്പിക്കുവാനും അതുവിപണനം നടത്തുവാനുമുള്ള സഹായം നൽകണം അതുവഴി ഒരു പുതിയ ഭാരതം നമുക്ക് കെട്ടിപ്പടുക്കുവാൻ കഴിയും.