ലോകം ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ മഞ്ഞുപെയ്തിറങ്ങുന്ന ഡിസംബർ ഓണാട്ടുകരയിൽ ഉത്സവപെയ്തു തുടങ്ങും, വേനൽ കടുക്കും വരെ എങ്ങും ഉത്സവത്തിന്റെ ആഹ്ലാദവും ഉത്സാഹത്തിമിർപ്പും നിറഞ്ഞു നിൽക്കുന്ന കാലം. ഓണം കഴിഞ്ഞു ഇരുപത്തിയെട്ടാം ഓണത്തിന്ഓച്ചിറയിൽ തുടങ്ങുന്ന ഉത്സവമേളം മാസങ്ങളോളം മണ്ണിലും മനസ്സിലും നിറഞ്ഞുനിൽക്കും. മൈനാഗപ്പള്ളിയിലും ഇപ്പോൾ ഉത്സവക്കാലമാണ്. കഥകളിക്ക് പുകൾപെറ്റ, ദിനേനയെന്നോണം കഥകളിയരങ്ങേറുന്ന മണ്ണൂർകാവിലമ്മയുടെ മണ്ണിൽ, ഉത്സവമേളപ്പെരുക്കം മുഴങ്ങിക്കേൾക്കാൻ പോവുകയാണ്, വീണ്ടും.
എല്ലാവർഷവും ഉത്സവത്തോടനുബന്ധിച്ച് നാട്ടിലൊരു മത്സരം നടക്കാറുണ്ട്. മനുഷ്യന്മാരാലാണ് നടക്കുന്നതെങ്കിലും മനുഷ്യന്മാർ തമ്മിലല്ല ഈ മത്സരം. തങ്ങളുടെ ഇടങ്ങളിലേക്ക്ദേ വിയെ ഏറ്റവും സുന്ദരമായി വരവേൽക്കണം എന്നുള്ള ഓരോരുത്തരുടെയും മനസ്സിലെ ആഗ്രഹങ്ങൾ പ്രാവർത്തികമാക്കാൻ എല്ലാവരും ഒറ്റ മനസ്സോടെ നിൽക്കുന്നു. അതിനു നാട്ടിൽ നിൽക്കുന്നവരെന്നോ പുറം നാട്ടിൽ പോയവരെന്നോ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിന്ന് അവർ ഓരോ ദിവസത്തെയും പറയിടീൽ ഉത്സവം ആഘോഷമാക്കുന്നു. ഓരോ വർഷവും കഴിഞ്ഞവർഷത്തെക്കാൾ എങ്ങനെ വ്യത്യസ്തവും മികച്ചതുമാകാം എന്നതാണ് ചിന്തയും മത്സരവും.
അങ്ങനെയൊരു ചിന്തയുടെ ഫലമായാണ്, തൃശൂരിലെ പൂരപ്പറമ്പിൽ മാത്രം മുഴങ്ങിക്കേട്ട, ഇലഞ്ഞിത്തറമേളം മൈനാഗപ്പള്ളിയുടെ മണ്ണിൽ പെയ്തിറങ്ങിയത്. മേളത്തിന്റെ ചൂരും ചൂടും ആസ്വദിക്കാൻ പറ്റണമെന്ന ചിന്തയിൽ, അത് മൈനാഗപ്പള്ളിയുടെ മണ്ണിൽ ചവിട്ടി നിന്നാകണമെന്ന ചിന്തയിൽ 2018 ലെ ഉത്സവത്തെ മണ്ണൂർക്കാവ് മേളപെരുക്കം കൊണ്ട് സുന്ദരമാക്കുന്നത്. അതിന്റെ തുടർച്ച ഈ വർഷവും അരങ്ങേറുകയാണ്. കുട്ടേട്ടൻ മൈനാഗപ്പള്ളിയിലേക്കു വീണ്ടും എത്തുന്നു. മണ്ണൂർക്കാവിൽ അമ്മയുടെ മണ്ണിൽ അമ്മക്ക് ഒരു മേളം എന്ന പേരിൽ.
ഇതേ സമയം തന്നെ മൈനാഗപ്പള്ളിയിൽ മറ്റൊരുത്സവം കൂടി കൊടിയേറുകയാണ്. സിക ഫിലിം സൊസൈറ്റി എന്ന പേരിൽ. അതേ. സിനിമയെ സ്നേഹിക്കുന്ന ഒരുപറ്റം ചെറുപ്പക്കാർ ചേർന്ന് രൂപം നൽകിയ സികയുടെ ഉത്ഘാടനം വരുന്ന 22-23 തീയതികളിലായി നടക്കുകയാണ്. സികയും, അതിന്റെ ഭാഗമായ സിക ചിൽഡ്രൻസ് സൊസൈറ്റിയും ഉത്ഘാടനം ചെയ്യപ്പെടുന്നതിനൊപ്പം മൈനാഗപ്പള്ളിയിൽ ആദ്യമായി ഒരു അന്തർദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവലും നടക്കുന്നുണ്ട്. കൂടാതെ കുഞ്ഞുങ്ങളെ, ചെറിയ ചെറിയ മത്സരങ്ങളിലൂടെ അവരുടെ ഉള്ളിലുള്ള കഴിവുകൾ പുറത്തു കൊണ്ടുവരാൻ സഹായിക്കുകയെന്ന ദൗത്യവും സിക ഏറ്റെടുത്തു ചെയ്യുന്നുണ്ട്. മൊത്തത്തിൽ, മൈനാഗപ്പള്ളിയിലെ കാറ്റിനു പോലും ഇപ്പോൾ ഉത്സവങ്ങളുടെ, ഉത്സാഹത്തിമിർപ്പാണ്.
ഇങ്ങു ദൂരെ, ഭൂമിയുടെ മറ്റൊരുകോണിൽ ഫോണിന്റെ ഇങ്ങേ തലയിൽ ഇരുന്നു നാടിന്റെ ചൂടും വികാരവുംകേട്ടും കണ്ടുമറിയുമ്പോൾ അവിടെയുണ്ടാകാൻ കഴിയുന്നില്ലല്ലോയെന്നോർത്ത് ഉള്ളിലൊരു നീറ്റലുണ്ടെങ്കിലും നിറഞ്ഞ മനസ്സോടെ, എല്ലാവിധ ആശംസകളും.