Monday, December 29, 2025

മൈനാഗപ്പള്ളിയിലെ പറയിടീൽ കാലം.



നിങ്ങൾ എത്ര പേര് മൈനാഗപ്പള്ളിയെ കുറിച്ച് കേട്ടിട്ടുണ്ട് എന്നറിയില്ല. മൈനാഗപ്പള്ളിയെ തൊട്ടറിഞ്ഞവർ ആദ്യത്തെ കുറച്ചു ഭാഗം സ്കിപ് ചെയ്തു വായിക്കുവാൻ ശ്രമിക്കുമല്ലോ. 

കൊല്ലം ജില്ലയുടെ വടക്കു ഭാഗത്തു കരുനാഗപ്പള്ളിക്കും ശാസ്താങ്കോട്ടക്കും ഇടയിലായി കിടക്കുന്ന ഭൂപ്രദേശം മൈനാഗപ്പള്ളി.  കൊല്ലം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്ന്, ഏകദേശം 21 വാർഡ്‌കൾ ഉള്ള കുറെ അധികം ഹിന്ദു കൃസ്തീയ ഇസ്ലാം ആരാധനാലയങ്ങൾ ഉള്ള വളരെ ഉന്നതിയിൽ മതസൗഹാർദം കാത്തു സൂക്ഷിക്കുന്ന എല്ലാ രാഷ്‌ടീയകഷികളുമുള്ള ഒരിടം. മത സൗഹാർദത്തിനപ്പുറം ഒരു രാഷ്ട്രീയ സൗഹാർദവും നിലനിൽക്കുന്ന പച്ചയായ മനുഷ്യർ ജീവിക്കുന്ന ഗ്രാമപ്രദേശം. ജനസംഖ്യയിൽ കൂടുതലും ഗവർമെന്റ് ഉദ്യോഗസ്ഥരും ഉദ്യോഗാര്ഥികളും, നല്ല ഒരു ശതമാനം പ്രവാസികളും , പട്ടാളക്കാരുമൊക്കെയുള്ള കർഷകരും കശുവണ്ടി തൊഴിലാളികളും കൂലിവേലക്കാരും കച്ചവടക്കാരുമടങ്ങുന്ന സമൂഹം. അവിടുത്തെ മേജർ ഫെസ്റിവലുകളിൽ ഒന്നാണ് മണ്ണൂർക്കാവ്‌ ദേവിക്ഷേത്രത്തിലെ ഉത്സവം. ക്ഷേത്രത്തെക്കുറിച്ചും അതിന്റെ ഉല്പത്തിയെക്കുറിച്ചും വളരെ വിശാലമായ ഐദീഹ്യങ്ങൾ നിലവിൽ ഉണ്ടെകിലും അതിലേക്കൊന്നും ഈ കുറിപ്പ് പോകുവാൻ ശ്രമിക്കുന്നില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ മുഴുനീളൻ കഥകളിൽ നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് മണ്ണൂർക്കാവ്‌ ഭഗവതി ക്ഷേത്രം. 

ഓണാട്ടുകരയിലും കേരളത്തിലാകെയും ഉത്സവങ്ങളുടെ തുടക്കം ഓണത്തോടെ ആണെങ്കിലും ഓണാട്ടുകരയിലെ ആദ്യത്തെ ഉത്സവംഇരുപത്തിയെട്ടാമോണം എന്നപേരിൽ അറിയപ്പെടുന്ന ഓച്ചിറയിലെ കാളകെട്ടു മഹോത്സവമായിരിക്കും. അതിന്റെ തുടർച്ച എന്നപോലെ ഓണാട്ടുകരയിലെ ക്ഷേത്രങ്ങളിൽ കേട്ട് ഉത്സവങ്ങൾ തുടങ്ങുകയായി. മണ്ണൂർക്കാവിലെ ഉത്സവം മകരത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ്. അതിന്റെ ഭാഗമായി മൈനാഗപ്പള്ളിയുടെ നാനാഭാഗത്തുനിന്നും പറ  സ്വീകരിക്കുന്നതിനായി ദേവി ക്ഷേത്രം ഭരണസമിതിയുടെയും കരപ്രമാണികളുടെയും നേതൃത്വത്തിൽ 41 വിളക്ക് കഴിഞ്ഞു ഇറങ്ങും. പറ ഇടീൽ ഏകദേശം ഒൻപതു അല്ലെങ്കിൽ പത്തു ദിവസം നീളുന്ന ചടങ്ങാണ്. 

മണ്ണൂർക്കാവിലെ ഉത്സവം ക്ഷേത്രത്തിൽ ആണെങ്കിലും , ഈ പറ ഇടീൽ ഇപ്പോൾ മൈനാഗപ്പള്ളിയുടെ ഓരോ ഭാഗങ്ങളിലും ഉത്സവപ്രതീതിയിലാണ് നടക്കുന്നത്. വിവിധ ക്ഷേത്ര കലകളും ദീപവിസ്മയങ്ങളുമായി കരയിലെ ഓരോഭാഗത്തുള്ളവരും ദേവിയെ സ്വീകരിക്കുന്നതിൽ മത്സരിക്കുന്നു. ആരോഗ്യകരമായ മത്സരങ്ങൾ ഒരു നാടിന്റെ മുഖംതന്നെ മാറ്റുമല്ലോ. മണ്ണൂർക്കാവിലെ പറ പോകുന്നതിനു മുൻപേ നിശ്ചയിച്ച ഒരു റൂട്ട് തന്നെയുണ്ട്. അറിവ് ശരിയാണെങ്കിൽ ആദ്യത്തെ ദിവസം പറയുമായി അനുബന്ധിച് വൈകുന്നേരം നടക്കുന്ന കളം ചവിട്ടു വെട്ടിക്കാട്ട് മഹാദേവർക്ഷേത്രത്തിന്റെ അടുത്ത് വട്ടത്തറയിലെ ഓലിച്ചിറയിലാണ്. സമൂഹസദ്യയുംഒരുക്കും മറ്റു പ്രോഗ്രാമുകളുമായി ഒലിച്ചിറയിൽ ഉള്ളവർ ദേവിയെ സ്വീകരിക്കുന്നു. പറയുടെ രണ്ടാം ദിവസം കെആർസി സിയും കടപ്പാ പൗരാവലിയും ചേർന്ന് സംഘടിപ്പിക്കുന്ന വിളക്ക് അൻപൊലിയാണ്. മൈനാഗപ്പള്ളിയുടെ കളി നിലമായ പഞ്ചായത്തു ഗ്രൗണ്ട് അക്ഷരാർത്ഥത്തിൽ ദീപത്താൽ അലംകൃതവും ഭക്തിസാന്തരവുമാകുന്ന ദിനം. വര്ഷങ്ങൾക്ക് മുൻപ് ഗ്രൗണ്ടിൽ പന്തുകളിച്ചുകൊണ്ടിരുന്ന എല്ലാവരുംകൂടി അതുവഴി പറ പോയപ്പോൾ ഇവിടെ ഒരു പറ ഇടുവാൻ പറ്റുമോ എന്ന് കമ്മിറ്റി കാരോട് പറ ഇടുവാൻ പറ്റുമോ എന്ന് ചോദിക്കുകയും അവർ കെ ആർ സി യുടെ പേരിൽ ഒരു പറ ഇടുകയും ചെയ്തു. അന്നത്തെ ഒറ്റപ്പറ മൂന്നര പതിറ്റാണ്ടുകൾക്കിപ്പുറം പുറംലോകം വന്നുകാണാൻ പാകത്തിൽ വലിയ വിളക്കായി വളർന്നു നിൽക്കുന്നു. ഒരു രേജിസ്റെർഡ് സാംസ്‌കാരിക സംഘട മുന്നിൽ നിന്ന് നടത്തുന്ന പരുപാടി എന്ന നിലയിൽ വിളക്ക് അൻപൊലി കാണുവാൻ  ഓണാട്ടുകരയുടെ അതിർ വരമ്പുകൾക്കപ്പുറത്തുനിന്നു പോലുംആളുകൾ എത്തുന്നു.  കെ ആർ സിയുടെ വിളക്കിനു ശേഷം നടക്കുന്ന കുറ്റിപ്പുറം നിവാസികളുടെ വിളക്കോട് കൂടിയുള്ള പൂമൂടൽ ചടങ്ങും എല്ലാവിളക്കിന്റെയും മാതൃ വിളക്ക് എന്ന് വിളിക്കുവാൻ കഴിയുന്ന ആശാരിമുക്കിലെ വിളക്കും ചിത്തിരവിലാസം ഭാഗത്തു ഭക്തി ഗാനസുധയുടെ അകമ്പടിയോടെ നടക്കുന്ന യുവജനസമിതിയുടെ വിളക്കും മണ്ണൂർക്കാവ്‌ ഭാഗത്തെ തെക്കൻ മൈനാഗപ്പള്ളിക്കാരുടെ വിളക്കും മറ്റുദിവസങ്ങളിൽ മറ്റുഭാഗങ്ങളിൽ നടക്കുന്ന വിളക്കുകളും പേരുകൊണ്ടും പെരുമകൊണ്ടും സംഘാടനംകൊണ്ടും വേറിട്ട് നിൽക്കുന്ന പരിപാടികൾ. 


മൈനാഗപ്പള്ളിയിൽ ഡിസംബറിന്റെ അവസാന ആഴ്ച തുടങ്ങി ജനുവരി മധ്യത്തോടു അവസാനിക്കുന്ന ഈ വിളക്കും ഉത്സവങ്ങളും ഓണാട്ടുകരക്കാർക്ക് പരിചിതമെങ്കിലും ഓണാട്ടുകരക്ക് പുറത്തുള്ളവർക്ക് വളരെ വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും. ഇപ്പോൾ നടക്കുന്ന ഈ പ്രോഗ്രാമുകൾ എല്ലാം തന്നെ അതാതു സ്ഥലങ്ങളിലെ ചെറുപ്പക്കാരും വീട്ടുകാരും ചേർന്ന് പിരിവു നൽകി നടത്തുകയാണ് പതിവ്. എന്നാൽ ഈ പരിപാടികൾകൾക്ക് തൃശൂർ പൂരം മോഡലിൽ അതല്ലങ്കിൽ ഇപ്പോൾ നടക്കുന്ന തെയ്യം ടൂർ മോഡലിൽ  പുറം നാട്ടിൽ പ്രചാരം നൽകുകയും ടൂർ ഓപ്പറേറ്റർസ് , ടൂറിസം ഡിപ്പാർട്മെൻറ് വഴിയോ അതല്ലെങ്കിൽ വലിയ ഹോട്ടലുകൾ വഴിയൊക്കെയോ സ്വദേശികളും വിദേശികളുമായ കലാസ്വാദകരെയും സാസ്കാരിക അന്വേഷകരെയും നമ്മുടെ ഓരോ പ്രോഗ്രാമുകളിലേക്കു എത്തിക്കുവാൻ കഴിയുകയും ചെയ്താൽ  അതുവഴി സ്പോൺസർ ഷിപ്പിനു ശ്രമിക്കുകയും ചെയ്താൽ ഇപ്പോൾ നടക്കുന്നതിലും നല്ല രീതിയിൽ ഓരോ പ്രോഗ്രാമുകളും നടത്തുവാൻ കഴിയും. മൈനാഗപ്പള്ളിയുടെ അഞ്ചുകിലോമീറ്റർ മാത്രം ദൂരെ നിൽക്കുന്ന മൻഡ്രോ തുരുത്തിന്റെ ടൂറിസം അവസരങ്ങളും നമ്മൾ ഇതിനോടൊപ്പം ഉപയോഗിക്കാൻ ശ്രമിക്കണം. അതിനായുള്ള കോ-ഓർഡിനേഷൻ ചെയ്യുവാൻ ക്ഷേത്രഭരണസമിയും ഓരോ പ്രോഗ്രാം സംഘടനാ സമ്മതിയും  കേരളത്തിന്റെ സാംസ്‌കാരിക വകുപ്പിനോട് പോലും ചേർന്ന് പ്രവർത്തിക്കുവാൻശ്രമിക്കണം. 


മുകളിൽ പറഞ്ഞ ആശയത്തിനോട് ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യം ഉള്ളവരും ഇത് എങ്ങനെ സാധ്യമാക്കുവാൻ കഴിയും എന്നത് മാര്ഗ്ഗനിർദേശം നൽകുവാൻ കഴിവുള്ളവരും കമന്റ് ചെയ്യുകയോ അല്ലെങ്കിൽ പേർസണൽ മെസ്സേജ് അയക്കുവാൻ ശ്രമിക്കുകയോചെയ്യുമല്ലോ. മൈനാഗപ്പള്ളിയിൽ മേളം നടക്കില്ല എന്ന് ചിന്തിച്ചിരുന്ന ഒരുകാലം നമുക്ക് ഉണ്ടായിരുന്നു. അതിൽനിന്നും തൃശൂർപൂരം കണക്കെ നമ്മുടെ നാടിന്റെ പെരുമയും കേരളക്കരയാകെ പരക്കുന്ന ഒരുവലിയ സ്വപ്നം കണ്ടു നമുക്ക് ഒരുമിച്ചു പ്രവർത്തിക്കുവാൻ ശ്രമിക്കാം. 

Monday, June 9, 2025

ജയഘോഷ്‌ അണ്ണൻ.

 ജയഘോഷ്‌ അണ്ണൻ. പടിഞ്ഞാറേ സ്കൂളിൽ (ചിത്തിരവിലാസം) പഠിച്ചതുകൊണ്ടു കിട്ടിയ കുറെ ബന്ധങ്ങളിൽ ഊഷ്മളമായ ഒന്ന് , ഇങ്ങേരുമായി കൂടുതൽ  ഇടപഴകിയതു ബസ് ട്രെയിൻ യാത്രകളിലാണ്. പതാരത്തു നിന്ന് ഇടക്കുളങ്ങര വഴി ബസിൽ വരുമ്പോൾ കക്ഷി കരുനാഗപ്പള്ളി എ എം ആശുപത്രിയിൽ ഫിസിയോ ജോലിയും കഴിഞ്ഞു ഞങ്ങളുടെ ബസ്സിൽ ഉണ്ടാവും. ഇത്രയും രസകരമായി സംസാരിക്കുന്ന കൂടെ ഉള്ളവരെ വാരി കളിയാക്കി ചിരിപ്പിച്ചു പണ്ടാരം അടക്കുന്ന ജയഘോഷ്‌ അണ്ണൻ.അതിനു കൌണ്ടർ ഇട്ടുകൊടുക്കുന്ന വിലാസ് (ചന്തു ) , ബിനു.   പ്രായത്തിൽ മൂത്തതാണെകിലും അണ്ണൻ ഞങ്ങളെ ഓരോരുത്തരെക്കാളും  ഇളയതായിരുന്നു സംസാരത്തിലും കളിയാക്കുന്ന കാര്യത്തിലും. മൂന്നാലു വര്ഷം കഴിഞ്ഞു കൊല്ലത്തു പഠിക്കാൻ പോകുന്ന സമയം വഞ്ചിനാടിലും ഇന്റർസിറ്റിയിലും ഉണ്ടാകുമെങ്കിലും ചെറുപ്പത്തിലേ പോലെ അത്ര വലിയ ഓളം ഉണ്ടാക്കില്ലെങ്കിലും പഴയ കളിയാക്കലുകളും സ്വരപറച്ചിലുമായി നമ്മളോടു കൂടുന്ന ശുദ്ധഹൃദയൻ..

കാലം യവനികക്കുള്ളിൽ ഓടിമറയുന്നതിനിടക്ക് കോവിഡ് സമയത്തു ജയഘോഷ്‌ അണ്ണനെ തിരുവന്തപുരത്തു  സെക്രട്ടറിയേറ്റിന്റെ മുന്നിൽ വച്ച് കണ്ടു. ജീവിതം എല്ലാവരെയും മറ്റും എന്നത് ജയഘോഷ് അണ്ണനിലും കാണുവാൻ കഴിഞ്ഞ നിമിഷങ്ങൾ. അണ്ണനെ അവിടെ കാണുമ്പോഴും എന്റെ ഓർമയിൽ അങ്ങേർ എ എമിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന പഴയ ഫിസിയോ ആണ്. എന്നാൽ സംസാരത്തിൽ നിന്നും ഗവര്മെന്റ് ജോലിയിൽ ആണെന്നും നാട്ടിലേക്കു അങ്ങനെ പോകാറില്ല, പോയാൽ കുഞ്ഞിനെ കുറിച്ചുളള ചോദ്യങ്ങൾക്കു മറുപടി പറയാൻ പറ്റുന്നില്ല എന്നൊക്കെ കുറെ വിഷമങ്ങൾ ഒരു അഞ്ചു മിനിറ്റിനുള്ളിൽ പറഞ്ഞു. ആസംസാരത്തിനിടയിൽ ഒരിടത്തും ആ പഴയ ജയഘോഷ്‌ അണ്ണനെ കാണുവാൻ കിട്ടിയില്ല. എടേ അവൻ റെഡി ആവും. അതൊന്നും കാര്യം ഇല്ല, നിങ്ങൾ ചെയ്യാനുളളത് ചെയ്യൂ, നമ്മുടെ നാടൊരു നാട്ടിൻ പുറമല്ലേ, ചോദിക്കുന്നവർ ചോദിക്കുകയും പറയുന്നവർ പറയുകയും ചെയ്യും, നിങ്ങൾ അതൊന്നും കാര്യമാക്കേണ്ടാ എന്ന്  പറഞ്ഞു പിരിയുമ്പോൾ ഇങ്ങനെ ഒരു കറുപ്പ്  എഴുതേണ്ടി വരും എന്ന് ഒരിക്കലും ചിന്തിച്ചില്ല.

എന്നാലും ഇത് വേണ്ടിയിരുന്നില്ല അണ്ണാ.. ആദരാഞ്ജലികൾ ... 

Monday, March 3, 2025

Drugs, that's a dirty business ( Marlon Brando, Move - Godfather , 1975)

 Narcotics a dirty business  ഇരുപതാം നൂറ്റാണ്ടിൽ Jacky ആയി 1987 ഇൽ മോഹൻലാൽ പറഞ്ഞ ഡയലോഗ് അതിനും പതിനഞ്ചു വര്ഷം മുമ്പ്  Drugs, that's a dirty business എന്ന് Marlon Brando ഗോഡ് ഫാദർ എന്ന അമേരിക്കൻ സിനിമയിൽ പറഞ്ഞു. ഇത് രണ്ടും തെരഞ്ഞു പിടിച്ചു  പറയേണ്ട അവസ്ഥയിലേക്ക് കേരളം മാറി.മലയാളനാട്ടിന്റെ ഇപ്പോഴുത്തെ അവസ്ഥയെ കുറിച്ച് എങ്ങനെ വിവരയ്ക്കും എന്ന് ചിന്തിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. എഴുതുന്നത് ലഹരി വ്യവസായത്തെ കുറിച്ചാണ്, ചെറിയ വിഷയം അല്ല എന്ന ചിന്ത എന്തെങ്കിലുമൊക്കെ പറയുന്നതിൽ നിന്നും പലതവണപിന്തിരിപ്പിച്ചു എന്നതാണ് സത്യം. 2000 ത്തിനു ശേഷം മാത്രം  ലഹരിക്കെതിരെ എഴുതിയ നൂറുകണക്കിന് പത്ര പ്രവർത്തകരാണ് മെക്സിക്കോ പോലെയുള്ള രാജ്യങ്ങളിൽ കൊല്ലപ്പെട്ടിരിക്കുന്നതു. കേരളം ആരീതിയിൽ ഇതുവരെ എത്തിയില്ല എന്നത് ആശാവഹമാണ്.

ലഹരിയുടെ ഒഴുക്കത്തെ കുറിച്ചോ വിപണനത്തെ കുറിച്ചോ അതിന്റെ പിന്നിലെ മോട്ടീവ് നെ കുറിച്ചോ പറഞ്ഞാൽ പറഞ്ഞുവരുന്ന വിഷയത്തിന്റെ ഫോക്കസ് മാറിപോകുമെന്നതിനാൽ അതിനെ കുറിച്ചൊന്നും പറയാൻ ശ്രമിക്കുന്നില്ല. ഇപ്പോൾ കേരളത്തിൽ നടക്കുനാണ് ലഹരി കച്ചവടം കക്ഷി രാഷ്ട്രീയമോ  ജാതിമതചിന്തയോ ഒന്നും നോക്കാതെ നടക്കുന്ന തീവ്രവാദ പ്രവർത്തനം എന്ന് മാത്രമേ വിളിക്കുവാൻ കഴിയുന്നുള്ളു. എല്ലാ മതത്തിലുള്ളവരും രാഷ്ട്രീയത്തിലുള്ളവരും ലഹരിയുടെ ദൂഷ്യവശങ്ങളുടെ ഇരകളായി മാറുന്നു. ഒരു കുട്ടിയെ കേരളിത്തിൽ വലതുകൈ എന്നത് രക്ഷകർത്താക്കളെ സംബന്ധിച്ചെടുത്തോളും തീരാ തലവേദനയും.

ലഹരിയുടെ കഥ കൂടുതലായി അറിയണണമെങ്കിൽ നെറ്ഫ്ലിസ്റ്റിൽ പോയി പാബ്ലോ എസ്കോബാർ , എൽച്ചാപ്പോ പോലെയുള്ളവരെ കുറിച്ചുള്ള ഡോക്യൂമെന്ററികൾ കണ്ടാൽ മതി.  അമേരിക്കയും കൊളംബിയയും മെക്സിക്കോയും മാറ്റി അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ചൈനയും ഇന്ത്യയുമൊക്കെ ആക്കി ആ സീരീസുകൾ കണ്ടാൽ വരും നാളുകളിൽ നിയന്ത്രണമില്ലാതെ ലഹരി കച്ചവടം നടന്നാൽ നമ്മുടെ നാട്ടിൽ എന്ത് സംഭവിക്കുംമെന്നതിനെ കുറിച്ച് ഒരു ഏകദേശ ധാരണലഭിക്കും . ലഹരി കച്ചവടത്തിലൂടെ കിട്ടുന്ന വലിയ സാമ്പത്തികം ( പാബ്ലോ എസ്കോബാർ വെടിവെച്ചു കൊല്ലപ്പെടുന്നതിന് മുമ്പ്  ലോകത്തിലെ ഏറ്റവും വലിയ സമ്പത്തിനു ഉടമയായിരുന്നു ) നമ്മുടെ രാഷ്ട്രീയവും പോലീസ് സംവിധാനവുമൊക്കെ വിലക്ക് വാങ്ങുന്നതിനു വരെ വഴി ഒരുക്കും. അതൊക്കെ യാണ് മറ്റു രാജ്യങ്ങളിൽ സംഭവിച്ചിട്ടുള്ളത്. 

കേരളത്തിന്‌ മുന്നിൽ ലഹരിക്കെതിരെ പൊരുതാൻ പല വഴികൾ ഉണ്ട്, ഒന്നുകിൽ ഗവർമെന്റ് ലഹരി മാഫിയക്കെതിരെ ശക്തമായ പോരാട്ടം നടത്തുക, കഴിഞ്ഞ കുറെ കാലമായി അത് നടക്കുന്നില്ല, ലോക്കൽ രാഷ്ട്രീയക്കാർ വളം വെച്ച് കൊടുത്തിട്ടാണ് ഇത്രത്തോളും ഇത് വളർന്നത്, അതല്ലെങ്കിൽ ലഹരിക്ക്‌ കീഴടങ്ങി കേരളവും ലോക നിലവാരത്തിലേക്ക് ഉയരുക. ( പല രാജ്യങ്ങളിലും കഞ്ചാവ് നിയമപരമായി വാങ്ങുവാൻ കഴിയും , 2018 ഇൽ കാനഡയും 2023 ഇൽ അമേരിക്കയിലെ 24 സ്റ്റേറ്റ്കളും cannabis (marijuana) നിയമപരമായി ലഭിക്കുന്ന നിയമം പാസാക്കി.)

2007 മുതൽ ബാംഗ്ലൂർ ജീവിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ചുരുക്കം ചിലപ്പോൾ പലരും മദ്യം അല്ലാത്ത ലഹരി ഉപയോഗിക്കുന്നത് കാണുവാൻ അവസരം ലഭിച്ചിട്ടുണ്ട്. അതിൽ IT ക്കാരും സ്റുഡന്റ്സും ഒക്കെ വരും. കൂടെ ജോലി ചെയ്യുന്നവർ അവരുടെ പാർട്ടികളിൽ ഇത് ഉപയോഗിച്ചതിനെ പറഞ്ഞു കേട്ടപ്പോഴൊന്നും ഒരിക്കൽ പോലും ( മുൻപിലേക്ക് വെച്ച് നീട്ടിയിട്ടുള്ളപ്പോഴും ) റൂമിൽ നിന്നും ഇറങ്ങി പോകുവാൻ പറഞ്ഞതല്ലാതെ അതിന്റെ രുചി അറിയണം എന്ന് തോന്നിയിട്ടില്ല.  അതിന്റെ പ്രധാന കാരണം ഉള്ളിന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കായികതാരം എന്ന ചിന്തയാവും. ഒരു പക്ഷെ ലഹരിക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം കായിക വിനോദങ്ങളോട് കുട്ടികളിൽ അഭിരുചി വളർത്തുക എന്നത് മാത്രമാണ്. ശരീരത്തിൽ ഒരു ടാറ്റൂ പോലും വരക്കാത്ത എല്ലാ മൂന്നു മാസം കൂടുമ്പോഴും രക്തം ദാനം ക്രിസ്റ്റിയാനോ റൊണാൾഡോയും മെസ്സിയും  ഡേവിഡ് ബേക്കമുമൊക്കെ കുട്ടികളുടെ ഹീറോകൾ ആകേണ്ടതിന്റെ ആവശ്യകത കാലഘട്ടത്തിന്റേതു കൂടിയാണ്.  പണ്ടൊക്കെ സ്കൂളിൽ പോകുമ്പോ 'അമ്മ പറയുമായിരുന്നു, റോഡിൽ ആരെങ്കിലും നിന്ന് മിഠായി തന്നാൽ വാങ്ങി കഴിക്കരുതെന്ന്, അതിൽ മയക്കു മരുന്ന് ഉണ്ടാകും, നമ്മളെ തട്ടിക്കൊണ്ടുപോയി  കണ്ണും കിഡ്‌നിയുമൊക്കെ ചൂഴ്‌ന്നെടുക്കുമെന്നു  . എന്നാൽ ഇന്ന് കൂട്ടുകാർ തരുന്ന മിഠായി പോലും വിശ്വസ്തയോടെ വാങ്ങി കഴിക്കാൻ പറ്റാത്ത അവസ്ഥയിൽ നമ്മുടെ നാട് എത്തി എന്നതൊരു ഞെട്ടിക്കുന്നവസ്തുതയും. ഈ ദുരവസ്ഥയിൽ നിന്നും കര കയറുവാൻ കേരളത്തിന് ആവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചുകൊണ്ട്. 

സവീഷ്.

Sunday, February 9, 2025

ബിജുസർന്റെ സിൽവർ ജൂബിലി ആഘോഷം

കഴിഞ്ഞ ദിവസം അവിചാരിതമായി ഒരു മെസ്സേജ് കിട്ടി , 

പ്രിയപ്പെട്ട സവീഷ് ഞാൻ പഠിപ്പിക്കാൻ തുടങ്ങിയിട്ട് ഇന്നേ ദിവസം 25 വര്ഷം തികയുന്നു. ഒരു അദ്ധ്യാപകൻ ഇങ്ങനെ ഒരു വിദ്യാർത്ഥിക്ക് മെസ്സേജ് അയക്കുമ്പോൾമാഷിന്റെ  മനസ്സിൽ എന്തായിരിക്കും എന്നായിരുന്നു എന്റെ ചിന്ത. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇത്രയും അധികം കുട്ടികളെ പഠിപ്പിച്ചിട്ടും എന്ത്കൊണ്ട് മാഷ്എനിക്ക് ഒരു മെസ്സേജ് അയച്ചു. ഞാൻ സാറുമായി സംസാരിച്ചിട്ടുപോലും വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു. അവസാനമായി കണ്ടത് എന്റെ കല്യാണ സമയത്താണ് എന്നാണ് ഓര്മ. അതും 13 വര്ഷം മുമ്പ്.

പറഞ്ഞു വരുന്നത് അടൂർ കോളേജ് അപ്പ്ളൈഡ് സയൻസിൽ ഞങ്ങളെ പഠിപ്പിച്ചിരുന്ന ബിജു സാറിനെ കുറിച്ചാണ്. നിങ്ങളിൽ എത്രപേർക്ക്സാർനെ അറിയാം എന്നെനിക്കറിയില്ല, പക്ഷെ ഞാൻ ഉൾപ്പെടെയുള്ള ഒരുകൂട്ടം പേരുടെ ജീവിതത്തിലെ  ഏറ്റവും പ്രധാനപ്പെട്ടതും അപകടകരവുമായ കൗമാരപ്രായത്തിൽ ഞങ്ങളുടെ കൂടെ ഒരു സുഹൃത്തിനെ പോലെ കൂടി അതിനപ്പുറം കമ്പ്യൂട്ടർ എന്ന് കേട്ടിട്ടുപോലും ഇല്ലാത്ത ഒരു കൂട്ടം പേരെ വിവരസാങ്കേതിക വിദ്യ എന്ന മഹാലോകത്തേക്കു കൈപിടിച്ച് നടത്തിയ കൊട്ടാരക്കരക്കാരനായ അധ്യാപകൻ. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു പുറത്തിറങ്ങിയതിന് ശേഷം ആദ്യമായി പഠിപ്പിച്ചത് ഞങ്ങളെ ആയതുകൊണ്ടാണോ അതോ പഠിപ്പിക്കുന്ന ഓരോ ബാച്ചും സാറിനു ഇത്ര പ്രിയപ്പെട്ടതാവുമോ. അറിയില്ല. ചിന്തകൾ കാട് കയറുന്നതു പോലെ. 

വ്യക്തിപരമായി കോളേജ് സമയത്തു ഞാൻ സാറിനെ ഒരു ഫേവറൈറ്റ് സ്റ്റുഡന്റിന്റെ ലിസ്റ്റ് ഉണ്ടായിരുന്നു എന്നൊരു പ്രതീക്ഷ എനിക്കില്ല, സാറിനെ ക്ലാസ്സിലും പുറത്തും ഏറ്റവുംകൂടുതൽ  ശല്യം ചെയ്ത ഞങ്ങളുടെ ക്ലാസ്സിലെ വിദ്യാർത്ഥി ഞാൻ തന്നെ ആയിരിക്കണം. ഡിഗ്രി യുടെ മൂന്നുവർഷവും  ഞങ്ങളുടെ ക്ലാസ് ടീച്ചർ ബിജു സർ ആയിരുന്നു, ക്ലാസ് എല്ലാം കഴിഞ്ഞു അവസാനത്തെ പരീക്ഷയുടെ അന്ന് എല്ലാവരും ക്ലാസ്സിലേക്ക് വരണം എന്ന് ബിജു സാർ പറഞ്ഞു, ഭാരിച്ച മനസാലെ എല്ലാവരും ക്ലാസ്സിൽ ഉണ്ട്, ഏറ്റവും മനോഹരമായ ഒരു കലാലയ ജീവിതത്തോട് വിടപറയുവാന് എല്ലാവരും തയ്യാറെടുക്കുന്നു. ഓരോരുത്തരും അവരവരുടെ ഓർമകൾ അവിടെ പങ്കു വെക്കുന്നു,  പണ്ട് നടന്ന ഏതോ വിഷയത്തിന്റെ പേരിൽ ഒരാൾ ഏതോ ഒരാൾ എന്തോ ഒരു വിമർശനശരം എന്നിലേക്കെന്നപോലെ പറഞ്ഞു എന്നൊരുതോന്നൽ ഇടയ്ക്കു എനിക്ക് ഉണ്ടായി, ആ വിമർശനത്തിനു ഒരു പക്ഷെ ഞാൻ അർഹനും ആയിരുന്നിരിക്കണം, വളരെ ഷോർട് tempered ആയിരുന്ന അല്ലെങ്കിൽ ആയ ഞാൻ പെട്ടെന്ന് ചാടി എണീറ്റ് എന്തോ ഒന്ന് പറഞ്ഞു ക്ലാസ്സിന്റെ ഡോർ പിടിച്ചു അടച്ചിട്ടു ഇറങ്ങി പോയി എന്നാണ് ഓർമ്മ. അന്ന് ചെയ്ത ഞാൻ ചെയ്ത ആ ചെയ്തി സർ എങ്ങനെ കൈകാര്യം ചെയ്തു എന്നെനിക്കറിയില്ല. ഞാൻ ആയിരുന്നു അധ്യാപകൻ എങ്കിൽ പിന്നീട്ഒരിക്കലും ആ വിദ്യാർത്ഥിയുമായി ബന്ധപ്പെടുകയോ അവനെ കോണ്ടച്റ്റ് ലിസ്റ്റിൽ വെക്കുകയോ ചെയ്യില്ല.  അവസാനത്തെ ദിനം ഇങ്ങനെ എങ്കിൽ അതിനു മുമ്പുള്ള കാര്യങ്ങൾ ഊഹിക്കാമല്ലോ, ചുക്ക് ചേരാത്ത കഷായം ഇല്ലല്ലോ. ഒരു മിഡ്‌ഡിൽ ക്ലാസ് ഫാമിലിയുടെ പ്രതീക്ഷ ആണ് എന്ന തിരിച്ചറിവാകണം ഒരു ബഹളി ആയ എന്റെ എല്ലാ കുറവുകളും കുറ്റങ്ങളും തിരിച്ചറിഞ്ഞു പഠിത്തത്തിൽ എന്നെ കുറെ ഏറെ സഹായിച്ചത്.

ഇപ്പോഴിപ്പോ ഇടയ്ക്കു ജോലിക്കായുള്ള ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്യുമ്പോൾ കുഴപ്പിക്കുന്ന ഒരു ചോദ്യം ഉണ്ട്, നിങ്ങൾ ഹാൻഡിൽ ചെയ്തതിൽ ഏറ്റവും കുഴപ്പം പിടിച്ച പ്രൊജക്റ്റ് ഏതാണ് , ഒന്ന് വിവരിക്കാമോ എന്ന്, ഒരു പക്ഷെ അദ്ധ്യാപകൻ എന്ന നിലയിൽ  കരിയറിന്റെ തുടക്കത്തിൽ ബിജു സർ കൈകാര്യം ചെയ്ത ഏറ്റവും കുഴപ്പക്കാരനായ കുട്ടി എന്ന പരിഗണയാവാം എനിക്ക് സാറിൽ നിന്നും കിട്ടിയിട്ടുള്ളത്. അതോ ഇതുപോലെ ഒരുവനെ റെഡി ആക്കിയാൽ വേറെ ആരെയും റെഡി ആക്കം എന്ന ചിന്തയോ... അറിയില്ല. . ജീവിതത്തിൽ വലിയ വിജയിയോ വ്യവസായ പ്രമുഖനോ ഒന്നും ആയില്ലെങ്കിലും മൈനാഗപ്പള്ളി പോലെ ഒരു ഗ്രാമത്തിൽ  ഒരു സാധാരണ കുടുംബത്തു  ജനിച്ചു ഇപ്പോൾ ജീവിക്കുന്നതുപോലെയുള്ള ഒരു ജീവിതം നയിക്കുവാൻ സഹായിച്ചത് ബിജുസാറിനെ പോലെയുള്ള ഒരു കൂട്ടം അദ്ധ്യാപകരും അതിന്റെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത വീട്ടുകാരും സമൂഹവുമൊക്കെയാണ്. 

ഇടയ്ക്കു വീണുകിട്ടുന്ന ഇത്തരം മെസ്സേജുകൾ സംഭാഷണങ്ങൾ ഒക്കെ നമ്മളെ ജീവിതത്തിന്റെ പഴയ ഏടുകളിലേക്കു കൊണ്ടുപോകും. ആകാശം മുട്ടെ ഉയർന്നു നിന്നിരുന്ന അപ്പ്ളൈഡ് സയൻസ് എന്ന  ആ വിദ്യാലയ മുത്തശ്ശിയുടെ മുന്നിൽ നിന്ന ആ മരങ്ങളും അതിന്റെ ഇടയിൽ നടന്ന വാശിയേറിയകായികമത്സരങ്ങളും മാഗസിൻ ഉൾപ്പെടെയുള്ള കലാപ്രവർത്തനങ്ങളും... എന്റെ അനുഭവവും ഓർമയും ഇതൊക്കെ ആണെങ്കിൽ ഇതിനേക്കാൾ മനോഹരമായ ഓർമ്മകൾ ഉള്ള എത്രയോ വലിയ ഒരു വിദ്യാർത്ഥി സമൂഹം സാറിന്റെ ചുറ്റിലും ഉണ്ടാവും. എത്ര എത്ര പേരുടെ ജീവിതത്തിനു വഴികാട്ടി ആയിട്ടുണ്ടാവും. ബിജു സർ നിങ്ങളെ പോലെയുള്ള ഹീറോകൾ ആണ് ഞങ്ങളെ പോലെയുള്ളവരെ പാകപ്പെടുത്തിയെടുത്ത്. ഇനിയുംവളരെ കാലം  വരുവാനിരിക്കുന്ന വിദ്യാർത്ഥി സമൂഹത്തിനു ഉദാത്തമായ ദിശാബോധം നൽകുവാൻ ഒരു അധ്യാപകൻ എന്ന നിലയിൽ സാറിനു മുന്നോട്ടും കഴിയട്ടെ, പഠിക്കുന്ന കാലത്തു ക്ലാസ്സിൽ ചെയ്ത ചെയ്തികൾക്കെല്ലാം ക്ഷമ ചോദിച്ചുകൊണ്ട്, എല്ലാവിധപ്രാർത്ഥനയും ആശംസകളോടെയും  

സവീഷ് 

Monday, January 13, 2025

അമ്മക്ക് ഒരു മേളത്തിന് എല്ലാവിധ ആശംസകളും.

അമ്മക്ക് ഒരു മേളം,  ചരിത്രം പേറുന്ന അമ്മക്കൊരു മേളം എന്ന ടാഗ് ലൈൻ മേളം പ്രമോഷന്റെ ഭാഗമായി അവർ  ഉപയോഗിച്ചത് ഒരുനിമിത്തമായി . ടാഗ് ലൈൻ അനർഥമാകണമെങ്കിൽ കുറച്ചു ചരിത്രം കൂടി പറയണമെല്ലോ, അതിൽ കുറച്ചു വ്യക്തികളെ പരാമർശിച്ചില്ലെങ്കിൽ ഗുരുത്വദോഷം ആകുമെന്നതിൽനാൽ കുറിക്കുന്നു. 


വർഷങ്ങൾക്കു മുൻപുള്ള ,  2014 ലോ മറ്റോ ആണെന്നാണ് ഓർമ്മ ,   സിബി സാറിന്റെ വീട്ടിലെ ഉത്സവ സംബന്ധമായ  അന്തി ചർച്ചയിൽ മൈനാഗപ്പള്ളിയുടെ കലാ ബോധത്തെ കുറിച്ചും കലാ സംഘാടനത്തെ കുറിച്ചുമൊക്കെ പരാമർശം വരികയുണ്ടായി. തൃശൂർ പൂരത്തെ കുറിച്ചും അവിടുത്തെ ഇലഞ്ഞിത്തറ മേളത്തെ കുറിച്ചുമൊക്കെ ചർച്ചകൾവന്നു. ഇലഞ്ഞിത്തറ മേളം പോലെ  ഒന്ന് മൈനാഗപ്പള്ളിക്ക് പറയാൻ ഇല്ല എന്ന കുറവ് ആ ചർച്ചയിൽ മുഴുവൻ  മുഴുത്തു നിന്നു.  ആ കുറവു നികത്താൻ ഇപ്പോഴുത്തെ തലമുറയ്ക്ക് ആകും എന്ന ഒരു വിശ്വാസവും അന്ന് ഉണ്ടായിരുന്നില്ല. നമുക്കും മേളം സംഘടിപ്പിക്കാം  എന്ന് മുത്തിയണ്ണനോടും അവിടെ കൂടിയിരുന്ന വരോടും പറയുമ്പോൾ ഇന്നത്തെ രീതിയിൽ മേളം സംഘാടനം മാറുമെന്ന്അവിടെ ഇരുന്ന ഞാൻ ഉൾപ്പെടെയുള്ള ആരും ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല. ഒരു തവണയെങ്കിലും  മേളം നടത്തുക എന്നതായിരുന്നു എന്റെ ചിന്ത, എന്നാൽ രണ്ടു തവണ എങ്കിലും നടത്തണം എന്നായിരുന്നു സിബി സാറിന്റെപ്ലാൻ . (എന്നാൽ സിബി സാറും ഞങ്ങളുമടങ്ങുന്ന  സംഘവും മൂന്നു മേജര്സെറ്റ് പരിപാടികൾ നടത്തി എന്നാണ് ഓര്മ. ). മിഷൻ പാണ്ടി മേളം എന്ന ഗ്രൂപ്പും ഗ്രാമം മൈനാഗപ്പള്ളി എന്ന സംഘടനയും മുന്നോട്ടു വെച്ച  - ഓരോരുത്തരുടെയും സംഭാവനയുടെ എക്സൽ ഷീറ്റും, സുതാര്യമായ  പിഡിഫ് കാണാക്കവതരണവും ഗ്രൂപ്പ് ഡിസ്കഷനുമൊക്കെയായി ഡിജിറ്റലൈസ്‌ഡ്‌ ആയ പുതിയ ഒരു സംഘടനാ രീതി മറ്റു പല സംഘനകളും മാതൃകയാക്കുന്നത് കാണാൻ കഴിയുന്നുണ്ട്. ടെക്നോളജി നമ്മുടെ നാട്ടിലെ ഓരോ കൊച്ചു കൊച്ചു കാര്യങ്ങളെ വരെ എത്രത്തോളം മാറ്റിയെന്ന് നോക്കു. ആദ്യത്തെ മേളത്തെകുറിച്ചു പറയുമ്പോൾ പറയുവാൻ ഏറെയുണ്ട്, കുരുംബേലിലെ ശ്രീകുമാർ സാറും ആദ്യ സംഭാവന നൽകിയ  മേളം രാധാകൃഷ്‌ണൻ ചേട്ടനെയും മേളം സംഘാടനത്തിന്റെ ഭാഗമായി ഓരോരുത്തരെയും എങ്ങനെ മറക്കും. പേരുപറയാൻ നിന്നാൽ ഈ പോസ്റ്റ് അതിനു മാത്രം ആകും എന്നതിനാൽ അതിലേക്കു കടക്കുന്നില്ല , എന്നാൽ ഇതിനെല്ലാം കിടന്നു ഓടിക്കളിച്ച ഒരു കൊച്ചു പയ്യൻ ആദർശ് രാജ്. ഇപ്പോഴുത്തെ മേളത്തിന്റെ കൺവീനർ. ഒരു പക്ഷെ ആദ്യത്തെ മേളത്തിന്റെ കണ്ടുപിടുത്തം ആദർശ് ആവണം. 


കാലം മുന്നോട്ടു പോകുമ്പോൾ  മാറ്റങ്ങൾ പലതും സംഭവിക്കുംമല്ലോ. സംഘാടകർമാറിയും  മേളപ്രമാണികൾ മാറിയും മൈനാഗപ്പള്ളിയിൽ മേളം പലകുറി ആയി നടക്കുന്നു. ചെറുശ്ശേരി കുട്ടൻ മാരാർ പഞ്ചാരി മേളമായി വന്നതും, സുഭാഷ് നാരായണ മാരാർ രണ്ടു തവണയോളം മേജർ സെറ്റ് പഞ്ചവാദ്യം നയിച്ചതും , തായമ്പകയുമായി ശുകപുരം ദിലീപേട്ടൻ , കൽ‌പാത്തി ബാലകൃഷ്ണൻ, രഹിത ശോഭിതാ കൃഷ്‌ണകുമാർ സഹോദരിമാർ വന്നതും  പണ്ട് തൃശൂരുകാരുടെ മാത്രം അഹങ്കരമായിരുന്ന കുട്ടേട്ടൻ , ഇപ്പോൾ മൈനാഗപ്പള്ളിക്കാരുടെ കൂടെ മേളപ്രമാണി ആയതും , പദ്മശ്രീ പെരുവനം കുട്ടന്മാരാരും സംഘവും മൂന്നാമൂഴത്തിൽ മണ്ണൂർക്കാവിലേക്കു വരുന്നതും സന്തോഷം. ഭാരിച്ച സാമ്പത്തിക ചെലവുള്ള ഇത്തരം പ്രോഗ്രാമുകൾ crowd ഫണ്ടിംഗിലൂടെ നടത്തുക എന്നത് വളരെ ശ്രമകരമായഒരു ഉദ്യമമാണ് . ഓരോരുത്തരോടും പലതവണ ബന്ധപ്പെട്ടു സ്വന്തം ബന്ധങ്ങളും ബന്ധുമിത്രാതികളെയും പരമാവധി connect ചെയ്തു ഇത്തരം പ്രോഗ്രാമുകൾ നടത്തുക എന്നത് എളുപ്പം ഉള്ള കാര്യമല്ല. വളരെ സമയവും ക്ഷമയും എല്ലാവരെയും കേൾക്കുവാനും ഉൾകൊള്ളാനുമുള്ള സന്മനസ്സുമുണ്ടങ്കിലേ ഇത്തരം പ്രോഗ്രാമുകൾയാഥാർഥ്യമാകു,  അതിനായി പരിശ്രമിക്കുന്ന എല്ലാ അനുജൻമാർക്കും മേളം സംഘാടകർക്കും  സംഭാവന നൽകുന്ന എല്ലാ സുഹൃത്തുകൾക്കും അഭ്യുതാകാംക്ഷികൾക്കും നന്ദി.  ഇനിയും മുന്നോട്ടു ഇത്തരം പ്രോഗ്രാമുകൾ മൈനാഗപ്പള്ളിയിൽ സംഭവിക്കട്ടെ  എല്ലാവര്ക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ.

ഇത്തവണ മേളം സംഘടാകർ മറ്റൊരു നല്ലകാര്യം കൂടി ചെയ്യുന്നുണ്ട് എന്നറിഞ്ഞു, കുറച്ചു നിർധന കുടുംബങ്ങളെ സഹായിക്കാനുള്ള സന്മനസുകൂടെ അവർ കാണിക്കുന്നു. ഒരു കൈ കൊടുക്കുമ്പോൾ മറു കൈ അറിയരുത് എന്നാണെങ്കിലും നാട് ഉത്സവാഘോഷ തിമിർപ്പിൽ ആകുമ്പോൾ ദുരിതം അനുഭവിക്കുന്നവരെയും ഓർക്കുക എന്നത് ചെറിയ കാര്യമല്ല. 
മൈനാഗപ്പള്ളിയുടെ 'അമ്മ, മണ്ണൂർക്കാവിലമ്മ , 'അമ്മ എന്നവാക്കിനോളം അർത്ഥമുള്ള മറ്റൊരു വാക്കില്ലല്ലോ ,   അമ്മക്ക് ഒരു മേളത്തിന് എല്ലാവിധ ആശംസകളും. 

സവീഷ്