കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി സ്കൂൾ യൂണിഫോമിൽ മീൻവിൽക്കുന്നത്തിന്റെ ഫോട്ടോസ് സാമൂഹിക മാധ്യമങ്ങളിലും ഓൺലൈൻ പത്രങ്ങളിലും പ്രചരിച്ചുവല്ലോ. അതിനെ പിന്തുടർന്ന് കുട്ടിക്ക് സിനിമയിൽ അഭിനയിക്കുവാൻ അവസരം കിട്ടിയെന്നും കേട്ടു. ആ വാർത്ത കണ്ടപ്പോൾ ആദ്യം ഓർത്തത് വിളക്കിന്റെ കീഴിൽ പഠിച്ച എബ്രഹാം ലിങ്കന്റെ കഥയാണ് , പിന്നീട് കിലോമീറ്ററുകളോളം നടന്നു സ്കൂൾ വിദ്യാഭ്യാസം നേടി ഇന്ത്യയുടെ പ്രസിഡന്റ് പദത്തിലെത്തിയ കെ ആർ നാരായണനും. ഇപ്പോഴും ഇവരെപ്പോലെ ബുദ്ധിമുട്ടി പഠിക്കുന്നവർ ഉണ്ടല്ലോ, വിദ്യാഭ്യാസമാണ് ലോകത്തെ ഏറ്റവും വലിയ ധനം എന്ന് വിശ്വസിക്കുന്ന ഒരു സമൂഹം ഉള്ളതിലും സന്തോഷിച്ചു. എന്നാൽ അവയെല്ലാം ഞെട്ടിക്കുന്ന വിധമാണ് വൈകുന്നേരത്തെ സിനിമാ കഥ വന്നത്. മനസാക്ഷിയുടെ ഷെയറുകൾ മാർക്കറ്റ് ചെയ്യപ്പെടുകയും ആ പെൺകുട്ടി ഇന്നലെ പോസിറ്റീവ് മാർക്കറ്റിങ്ങിലൂടെ യും ഇന്ന് നെഗറ്റീവ് മാർക്കറ്റിങ്ങിലൂടെയും താരമാക്കുന്നു. പ്രശസ്തി ആഗ്രഹിക്കുന്നവർക്ക് ഏതു വിധേനയും അതുനേടി എടുക്കുവാൻ കഴിഞ്ഞു.
കഴിഞ്ഞ ദിവസം ആഹാരം വാങ്ങുവാൻ പോയപ്പോൾ അവിടുത്തെ കടയിൽ അമ്മയെ സഹായിക്കുന്ന രണ്ടു കുട്ടികളെ കണ്ടു, അവരും സ്കൂൾ യൂണിഫോമിലാണ്, മൊബൈൽ ഫോണിൽ പാട്ടുമൊക്കെ വെച്ച്ഒരാൾ ഗോബി മഞ്ചൂരിയൻ ഉണ്ടാക്കുവാൻ കോളിഫ്ലവർ വറക്കുന്നു, ഇളയ ആൾ അമ്മയുണ്ടാക്കിയ കറി പാക്ക് ചെയ്തു കൊടുക്കുന്നു. വിദേശവാസത്തിനിടെ കണ്ടത് അവിടുത്തെ ഒട്ടുമിക്ക കുട്ടികളും ജോലി ചെയ്താണ് പോക്കറ്റ് മണി ഉണ്ടാക്കുന്നത്. ഇന്ത്യയിൽ നിന്നും മാസ്റ്റേഴ്സ് ചെയ്യുവാൻ പോകുന്നവരും ഇത് തന്നെ ചെയ്യുന്നു. വക്കേഷൻ സമയങ്ങളിൽ ഞങ്ങളും ചെയ്തിട്ടുണ്ട്, അതിനെക്കുറിച്ച് പിന്നീട് എഴുതാം. പഠിക്കുന്നതിനിടക്ക് കുട്ടികൾക്ക് ട്യൂഷൻ എടുക്കുകയും ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കുകയും ചെയ്യുന്ന എത്രയോപേർ ഇപ്പോഴുംനാട്ടിൽ ഉണ്ട്. ഇവിടെ മണ്ടന്മാർആക്കപ്പെട്ട ഷെയർ സപ്പോർട്ട് തൊഴിലാളികളെ ഓർത്തു ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ ഊറി ചിരിക്കുന്നുണ്ടാവാം. സോഷ്യൽ മീഡിയ അങ്ങനെയാണ്. യാഥാർഥ്യത്തിന്റെ പുറകിൽ പോകാതെ ട്രെൻഡിന്റെ പുറകിൽ പോകും. ഇത്തരം നെഗറ്റീവ് മാർക്കറ്റിങ് എല്ലായ്‌പോഴും പിന്നോട്ടടിക്കുക യഥാർത്ഥ ആവശ്യക്കാരെ ആകും. ഇത്തരം വാർത്തകൾ ഷെയർ ചെയ്യുന്നവർ അതിന്റെ സത്യാവസ്ഥ മനസിലാക്കി ചെയ്യുവാൻ ശ്രമിക്കുമല്ലോ.