ഞങ്ങടെ പടിഞ്ഞാറേ സ്കൂൾ ( നിങ്ങടെ ചിത്തിരവിലാസം സ്കൂൾ )
വിദ്യാധനം സർവ്വ ധനത്താൽ പ്രധാനം. വിദ്യാധനം നാടിൻറെ സംസ്കാരത്തെയും പുരോഗതിയെയും മാറ്റിമറിക്കും. അങ്ങനെ പുരോഗതി നേടിയ നാടാണ് മൈനാഗപ്പള്ളി. കാർഷിക സംസ്കാരമുൾക്കൊള്ളുന്ന ഗ്രാമം പൊതുവിദ്യാലയങ്ങളെ എത്രത്തോളും ഉൾക്കൊള്ളുന്നു എന്നതിന്റെ തെളിവാണ്കൊല്ലം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ മൈനാഗപ്പള്ളിയിൽ 5 ഹൈസ്കൂളുകൾ ഇന്നും നിലനിൽക്കുന്നത്. ഇപ്പോൾ നാടിന്റെ പ്രധാന വരുമാനം ഗവർമെന്റ്ഈ ജോലിക്കാർ ഉൾപ്പെടുന്ന വർക്കിംഗ് ക്ലാസ് ആവണം. പ്രവാസികളെയും ബിസിനസ് കാരേയും IT ക്കാരെയുമൊന്നും മറക്കുന്നില്ല കേട്ടോ. അതിനൊക്കെ കാരണം നാടിന്റെ വിദ്യാഭ്യാസത്തെ മുന്നോട്ടു നയിച്ച വിദ്യാലയങ്ങളും അധ്യാപകരുമാണ്.
അഞ്ചു ഹൈസ്കൂളുകൾ അല്ലാതെ കുറെ ( എണ്ണം വ്യക്തമായി അറിയില്ല ) ലോവർ , അപ്പർ പ്രൈമറി സ്കൂളുകളും ഉണ്ട്. അവയിലെ മുത്തശ്ശി യാണ് ചിത്തിരവിലാസം അപ്പർ പ്രൈമറി സ്കൂൾ. അപ്പുപ്പൻ പഠിപ്പിച്ച 'അമ്മ പഠിച്ച അതെ വിദ്യാലയത്തിലെ വിദ്യാർത്ഥിആയി ജീവിതത്തിലെ ഏറ്റവും സുന്ദരമായ സമയം അവിടെ ചെലവഴിക്കാൻ കഴിഞ്ഞുവെന്നതു ഭാഗ്യമായി കരുതുന്നു. അവിടുത്തെ ഓരോ മരങ്ങൾക്കും ചെടികൾക്കും അവിടെ പഠിച്ച ഓരോരുത്തരുടെയും കഥകൾ പറയാൻ ഉണ്ടാവും. അവയിൽ എന്റെ കഥകളും ഉണ്ടാവും യുറീക്കാ പരീക്ഷയും , ശാസ്ത്ര എക്സിബിഷൻ , ക്വിസ് മത്സരങ്ങൾ , ഓട്ടം , ചാട്ടം കിളിത്തട്ടു കളി , കാര്ബോര്ഡിൽ ഉണ്ടാക്കി വെച്ചിരുന്ന കമ്പ്യൂട്ടർ , റോക്കറ്റ് മോഡലുകൾ ,വെള്ളിയാഴ്ച അവസാനത്തെ മീറ്റിംഗ് പീരീഡിൽ പാടിയ പാട്ടുകൾ ( ഞാൻ മാത്രമേ അതിനെ പാട്ടു എന്ന് വിശേഷിപ്പിക്കാറുള്ളു) അങ്ങനെ എന്തെല്ലാം ഓർമ്മകൾ. ഓർമകൾക്ക് ചൂടുപിടിക്കുമ്പോൾ ഓർത്തെടുക്കുവാൻ ഏറെയുണ്ട്.
ഓർമകളുടെയും അനുഭവങ്ങളുടെയും കലവറ നൽകിയ ഞങ്ങളുടെ പടിഞ്ഞാറേ സ്കൂളിന് ( ചിത്തിര വിലാസം UP ) 100 വയസ്സ് ആകുന്നു. സ്കൂളിന്റെ പടിഞ്ഞാറേ ഭിത്തിയിൽ സ്ഥാപിതം 1923 എന്ന് ഒരു നീല ബോർഡിൽ എഴുതി വെച്ചിരുന്നത് എല്ലാ കാലവും അത്ഭുതത്തോടെ നോക്കിയിട്ടുണ്ട്. മലയാളിയെ മറുനാട്ടിൽ അംഗീകരിക്കാൻ കാരണമായത് വിദ്യാഭ്യാസത്തിലൂടെ അവൻ നേടിയ പുരോഗതിയാണ് അതിനൊക്കെ കാരണക്കാരായതു നമ്മുടെയൊക്ക സ്കൂളുകളും അധ്യാപകരുമൊക്കെ ആണെന്ന് കൂടി ഓർത്തുകൊണ്ട് പടിഞ്ഞാറേ സ്കൂളിൽ നടക്കുന്ന ആഘോഷപരിപാടികൾക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസകളും.
സവീഷ്.