ചങ്ക് ബസ്...
കാറും കോളുംകൊണ്ട് പ്രെഷുബ്ധമായിരിക്കുന്ന അന്തരീക്ഷത്തിൽ കാറെല്ലാം മാറി കുറച്ചു നേരം വെയിൽ തെളിഞ്ഞ പ്രതീതിയായിരുന്നു ആ പെൺകുട്ടിയുടെ ശബ്ദത്തിനു.. ആലുവ ഡിപ്പോയല്ലേ , ഇവിടെനിന്നും കൊണ്ടുപോയ ഞങ്ങളുടെ ചങ്ക് ബസ്സിനെ തിരിച്ചു തരു സർ, എവിടെയാണ് പരാതിപ്പെടേണ്ടത് , ആ ആത്മാർത്ഥതയുടെ മുൻപിൽ ഉദ്യോഗസ്ഥർ കനിഞ്ഞുവെന്നും താമസിയാതെ തന്നെ അവരുടെ ചങ്കു ബസ് തിരിച്ചു ഈരാറ്റുപേട്ടയിലേക്കു എത്തുമെന്നും വായിച്ചു. സന്തോഷം
ഡിഗ്രി കാലഘട്ടം അടൂർ ആയിരുന്നു, മൈനാഗപ്പള്ളിയിൽ നിന്നും ഏകദേശം 26 കിലോമീറ്റർ ദൂരം. രാവിലത്തെ ബാഡ്മിന്റൺ കളി കഴിഞ്ഞു എട്ടു അപ്പു ബസിനു ശാസ്താംകോട്ട ഇറങ്ങിയാൽ അനിയൻ അല്ലെങ്കിൽ MKK കിട്ടും. അനിയൻ പഴയ ലൈലാൻഡ് , MKK പുതിയ ടാറ്റാ. അഞ്ചു മിനിട്ടു ഇടവേളയിൽ വിടുന്ന വണ്ടികൾ തമ്മിലുള്ള മത്സരം ഒരു ആവേശം തന്നെ ആയിരുന്നു. ആദ്യം പോകുന്ന MKK യെ കല്ലുകുഴിയിലോ കടമ്പനാടോ വെച്ച് ഓർവെർട്ടക്ക് ചെയ്തിട്ട് ഡ്രൈവർ പുറകിലേക്ക് ഞങ്ങളെ നോക്കി ചിരിക്കുന്നതൊക്കെ ഇപ്പോഴും ഓര്മ. വർഷങ്ങൾക്കിപ്പുറം ഹരീഷ് കുമാർ എന്നപേരിൽ ഒരു ഫിബ് ഫ്രണ്ട് റിക്വസ്റ്റ്, അടുത്തറിയാവുന്നവരെ മാത്രമേ ഫ്രണ്ട് ലിസ്റ്റിൽ ഉൾപ്പെടുത്തൂ എന്നതിനാൽ മുഖപരിചയം കാരണം എവിടെവെച്ചാണ് പരിചയം എന്ന് ചോദിക്കുമ്പോൾ അനിയൻ ബസ് ഓർമയില്ലേ എന്നായിരുന്നു മറുചോദ്യം. മിക്ക ദിവസങ്ങളിലും നാല് കോളേജ് കഴിഞ്ഞു കലാപരുപാടികൾക്കെല്ലാം ശേഷം വൈകുന്നേരം അഞ്ചരക്ക് അവസാനമായി കോൺസെഷൻ കിട്ടുന്ന അനിയനിൽ തന്നെ ആയിരിക്കും മടക്കവും. വൈകുന്നേരത്തെ യാത്രയിൽ അധികം ആളുണ്ടാവില്ല റോഡിലെ തിരക്കും കുറഞ്ഞിരിക്കും.... അതിവേഗത്തിൽ ഓടുന്ന ബസ്സിൽ ഇരമ്പിക്കൽക്കുന്ന ഷട്ടറുകളുടെ ശബ്ദത്തിനിടയിലും തൊണ്ണൂറുകളിലെ പാട്ടുകൾ പാടുന്നുണ്ടാവും.... ആ പാട്ടും ദൂരേയ്ക്ക് നോക്കിയിരുന്നു കണ്ട എത്രയോ സ്വപ്‌നങ്ങൾ....
പിന്നീട് പിജി ചെയ്തത് കൊല്ലത്താണ്... അവിടേക്കുള്ള യാത്ര 364 പാസഞ്ചർ ട്രെയിനിലും... ഇതെല്ലം ഗൃഹാതുരതകളാണെങ്കിലും നമ്മുടെ tax കൊടുത്തു വാങ്ങുന്ന പൊതുമുതൽ നശിപ്പിക്കുന്നത് \കാണുമ്പോഴുള്ള വേദന മറുവശത്തും....