വർഷങ്ങൾക്കു മുമ്പുള്ള കഥയാണ്, 2004 ഡിഗ്രി പരീക്ഷ കഴിഞ്ഞു നിൽക്കുന്നസമയം , എന്ത് ചെയ്യണം എന്ന ചോദ്യ മുന്നിൽ നിഴലിച്ചു നിൽക്കുന്നു , സുഹൃത്തുക്കളിൽ പലരും നെറ്റ്‌വർക്ക് കോഴ്സ് ചെയ്തു ജോലി അന്വേഷിക്കുവാനായി തീരുമാനിച്ചു. അച്ഛൻ എനിക്ക് മുന്നിൽ രണ്ടു ഓപ്ഷൻ മുന്നോട്ടു വെച്ചു ,ഒന്നുകിൽ ജോലിക്കു പോകാം, സ്വന്തം കാലിൽ നിൽക്കാം അല്ലെങ്കിൽ പിജി ചെയ്യാം, വീട്ടുകാരുടെ ആഗ്രഹം രണ്ടാമത്തേത് ആണ്.ഏതു സെലക്ട് ചെയ്താലും MCA യുടെയും MBA യുടെയും കേരള എൻട്രൻസ് എഴുതണം. റിസൾട്ട് വരുന്നതിനു മുമ്പാണ് ഈ ചർച്ചകൾ എല്ലാം നടന്നത്. എല്ലാ പേപ്പറും കിട്ടുവോ എന്നുള്ള പേടി മനസിലുണ്ടെങ്കിലും എൻട്രൻസ് റിസൾട്ട് വന്നിട്ട് തീരുമാനിക്കാംഎന്നായി ഞാൻ . റിസൾട്ട് വന്നപ്പോൾ പേപ്പർ എല്ലാം കിട്ടി, ഭാഗ്യം. ലോട്ടറി എൻട്രൻസ് ആയിരുന്നു, റാങ്ക് 250 , ലിസ്റ്റിൽ പോലും വരുമെന്ന് കരുതിയ അല്ല. ആ വർഷത്തെ കേരള ഗവർമെന്റിന്റെ വിദ്യാഭ്യാസ നയം ഭാരിച്ച ഫീസ് ആണ് മുന്നോട്ടു വെക്കുന്നത്, ചെലവുകൾ അച്ഛൻചെയ്താൽ മതി , ഫീസ് ലോൺ എടുത്തു പഠിച്ചിട്ടു , ജോലി കിട്ടിയതിനു ലോൺ ശേഷം തിരിച്ചടക്കാം അതായിരുന്നു എന്റെ തീരുമാനം.
ഇതിനിടക്ക് MBA യുടെ എൻട്രൻസ് റിസൾട്ട് വന്നു അതിന്റെ ലിസ്റ്റിൽ ഉണ്ട്, പഠിക്കുന്നെങ്കിൽ ടെക്നിക്കൽ പഠിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം, അങ്ങനെ MBA വിട്ടുപിടിച്ചു, പിന്നീട് MCA , എന്റെ റാങ്കു 250 , എന്നാൽ അത് ഗവർമെന്റ് ഫീസിലെ റിസർവേഷൻ ഇല്ലാത്ത സീറ്റിൽ എത്തിപ്പെടുവാൻ പര്യാപ്തമായിരുന്നില്ല. അന്നത്തെ കുറെ കോളേജുകൾ സ്കോളർഷിപ് ആയി ആദ്യത്തെ കുറെ റാങ്കുകാർക്കു അഡ്മിഷൻ നൽകിയിരുന്നു അതറിഞ്ഞത്
സീറ്റ് അലോട്ട്മെന്റ് തിരുവന്തപുരത്തെ അലോട്ട്മെന്റ് ഓഫീസിൽ ചെന്നപ്പോഴും , അഡ്മിഷൻ എടുത്തത് സുഹൃത്തിന്റെ കൂടെ അങ്കമാലി ഡീപോൾ കോളേജിൽ, കോളേജിൽ പോകുവാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ ഞാൻ ആകെ ഡിപ്രസ്ഡ് ആയി, നാടുവിട്ടു നിൽക്കുക എന്നത് എന്റെ ചിന്തകൾക്കും അപ്പുറമായിരുന്നു.കൂടാതെ കൊല്ലത്തു എവിടെയെങ്കിലും അഡ്മിഷൻ കിട്ടിയാൽ ഹോസ്റ്റൽ ഫീ എങ്കിലും കുറഞ്ഞിരിക്കുചിന്ത വീട്ടുകാർക്കും ഉണ്ട് . കൊല്ലത്തു ആകെ രണ്ടു കോളേജ് ആണ് ഉള്ളത്, TKM , അവിടെ കിട്ടണമെങ്കിൽ 50 റാങ്കിനകത്തു വേണം, പിന്നീടുള്ളത് ആയത്തിലെ SNIT.
വീട്ടുകാർക്കും നാടുവിട്ടു പഠിക്കുവാൻ പോകുന്നതിൽ വലിയ താല്പര്യം ഇല്ല, അങ്ങനെ എങ്ങനെയും കൊല്ലത്തുള്ള കോളേജിൽ എനിക്ക് അഡ്മിഷൻ വാങ്ങിത്തരുവാനുള്ള നീക്കുപോക്കുകൾ തുടങ്ങി, ആ കാലഘട്ടത്തിൽ RSP ക്കാരനായ ശ്രീ അരവിന്ദാക്ഷൻപിള്ള ചേട്ടൻ ആണ് ഞങ്ങളുടെ വാർഡ് മെമ്പർ, കഷിയുമായി വീട്ടുകാർ വിഷയം ചർച്ച ചെയ്തു, നമ്മുടെ എംപി ശ്രീ NK പ്രേമചന്ദ്രൻ അല്ലെ കൊല്ലത്തുള്ളത്, ഒരു എഴുത്തു തരാം, മോനുമായി പോയി സംസാരിച്ചാൽ എംപി എല്ലാം ചെയ്തു തരും, ഇടയ്ക്കു പ്രേമചന്ദ്രനെ വിളിച്ചു സംസാരിച്ചുകൊള്ളാം എന്നും പറഞ്ഞുവീട്ടുകാരുടെ കയ്യിൽ ഒരു എഴുത്തും കൊടുത്തു.
വലിയ കുഴപ്പം ഇല്ലാത്ത ഒരു റാങ്ക് ഉണ്ട്, ഒരിടത്തു അഡ്മിഷൻ കിട്ടി, കൊല്ലത്തു കോളേജിലേക്ക് മാറിയാൽ നല്ലതാണ്, എന്നാൽ അതിനായി രാഷ്ട്രീയക്കാരുടെ മുന്നിലേക്ക് പോകുവാൻ എന്റെ മനസാക്ഷി അനുവദിക്കുന്നുണ്ടായിരുന്നില്ല .എന്തായാലും ഞാൻ അങ്കമാലിയിൽ പോയി കോളേജിനെ കുറിച്ച് ഒന്ന് അന്വേഷിച്ചു വരാം അതിനു ശേഷം നമുക്ക് തീരുമാനിക്കാം, അങ്ങനെ ഞാൻ അങ്കമാലിയിലേക്കു പോയി, പ്രിൻസിപ്പാളിനെ കണ്ടു സിലബസും വാങ്ങി, പുറത്തിറങ്ങി ഹോസ്റ്റലിൽ പോകുവാൻ പോയപ്പോൾ ദൈവദൂതനെ പോലെ മൈനാഗപ്പള്ളി സ്കൂളിൽ പഠിച്ച ഒരു സുഹൃത്തു എന്നെ വന്നു കണ്ടു, പുതിയ അഡ്മിഷന്റെ ലിസ്റ്റ് ഇട്ടപ്പോൾ മൈനാഗപ്പള്ളിക്കാരന്റെ പേരുകണ്ടതിനാൽ നോക്കി ഇരുന്നതാണ് പോലും, സംസാരിച്ചു വന്നപ്പോൾ ഞങ്ങൾക്ക് പല കോമൺ ഫ്രണ്ട്‌സും ഗ്രൗണ്ടിൽ വെച്ച് കണ്ടു പരിജയവുമുണ്ട്, ഭയങ്കര സ്ട്രിക്‌ട് എന്റെ സ്വഭാവത്തിനും നമ്മുടെ നാട്ടിലെ രീതിക്കും പറ്റില്ല, പറ്റുമെങ്കിൽ മറ്റൊരിടം നോക്കുന്നതാണ് നല്ലതെന്നു അവൻ പറഞ്ഞു. ഇതും കേട്ടുകൊണ്ട് ഞാൻ നാട്ടിലേക്കു വണ്ടി കയറി.
ആകെ കൺഫ്യൂഷൻ, വീട്ടുകാർ എംപി യെ കാണുവാൻ നിർബന്ധിക്കുന്നു, എനിക്കതിൽ ഒരു പ്രതീക്ഷയുമില്ല, രാഷ്ട്രീയ പരമായി ഒരു രീതിയിലും ഒന്നിക്കുവാൻ പറ്റാത്ത ഒരാളുടെ സഹായം വാങ്ങുവാൻ രാഷ്ട്രീയ ബോധവും അനുവദിക്കുന്നതുമില്ല , എന്നാൽ മൂന്ന് വർഷംകൂടി നാട്ടിൽ നിന്നും പോയി വരുവാൻ ഒരു അവസരം കിട്ടിയാൽ അതും നല്ലതാണ്, ചെകുത്താനിനും കടലിനും ഇടയിൽ പെട്ട അവസ്ഥ, അങ്ങനെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പ്രേമചന്ദ്രനെ കാണുവാനായി പോകുവാൻ തീരുമാനിച്ചു. അഡ്മിഷൻ കിട്ടിയാലും എന്റെ രാഷ്ട്രീയമൊന്നും മാറാൻ പോകുന്നില്ല എന്നും പറഞ്ഞു മനസില്ലാ മനസോടെ ഒരു ഞായറാഴ്ച നാട്ടിൽ നിന്നും ഓട്ടോയും വിളിച്ചു കൊല്ലത്തെ അദ്ദേഹത്തിന്റെ വീട്ടിൽ അതിരാവിലെ കാണുവാനായി പോയി . ഒരു പഴയ ഓടിട്ട വീട്, ബെല്ലടിച്ചപ്പോൾ പുറത്തേക്കു വന്നത് ജോലിക്കാരനാണ്, ഇന്നലെ താമസിച്ചാണ് പാർട്ടി പരുപാടികഴിഞ്ഞു വന്നത്, എണീറ്റതെ ഉള്ളു , വെയിറ്റ് ചെയ്യൂ, ഇപ്പോൾ വരും, ഞങ്ങൾ അവിടെ കിടന്ന പ്ലാസ്റ്റിക് വിരിഞ്ഞകസേരയിൽ ഇരുന്നു, ആദ്യമായാണ് ഞാൻ ഒരു ഹൈപ്രൊഫൈൽ ഉള്ള രാഷ്ട്രീയക്കാരനെ കാണുവാനായി പോകുന്നത്, അച്ഛൻ പുറത്തു നിന്നെതേയുള്ളു,അകത്തേക്ക് വന്നില്ല. ഒരു പട്ടാളക്കാരനു ശുപാർശക്കായി ആരുടെ മുന്നിലും പോകുവാൻ കഴിയില്ലെന്ന വസ്തുത എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത്. കൊല്ലം ജില്ലയിൽ കേന്ദ്ര മന്ത്രി ആയിരുന്ന IAS കാരനായ കെ കരുണാകരന്റെ അടുത്ത അനുയായി S കൃഷ്ണകുമാറിനെ തോൽപ്പിച്ച LLB പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങിയ വളരെ മനോഹരമായി ഏതൊരു വിഷയത്തെ കുറിച്ചും സംസാരിക്കുന്ന ഒരാളോട് എങ്ങനെ ഞാൻ അഡ്മിഷന്റെ കാര്യം സംസാരിക്കും, കക്ഷിയുടെ പ്രതികരണം എന്തായിരിക്കും. ചിന്തകൾ പലതായിരുന്നു.
ഒരു ടീഷർട്ടും ഒരു കാവി കൈലിയും ഉടുത്തു എംപി വീട്ടിലെ ഓഫീസ് റൂമിൽ വന്നിരുന്നു, അമ്മയാണ് കാര്യം അവതരിപ്പിച്ചത്, എന്റെ പ്രതീക്ഷ ഇല്ലായ്മയും രാഷ്ട്രീയത്തിന് ഈവിഷയത്തിൽ എന്ത് ചെയ്യുവാൻ കഴിയുമെന്ന കാര്യവും ഞാൻ ചോദിച്ചു, നിങ്ങൾ വന്നത് ഡൽഹിയിലേക്ക് ഒരു ട്രെയിൻ ടിക്കറ്റിന് വേണ്ടി ആയിരുന്നു വെങ്കിൽ എന്റെ ലെറ്റർ പാഡിൽ ഒരു അപേക്ഷ നൽകിയാൽ നടക്കും എന്നാൽ അഡ്മിഷൻ മെറിറ്റ് അനുസരിച്ചു നടക്കേണ്ടതാണ്, അതിൽ ഒരാളുടെയും ഇടപെടൽ ഉണ്ടായിക്കൂടാ, ഹയർ ഓപ്ഷൻ ഫോം യൂണിവേഴ്സിറ്റിയിൽ കൊടുക്കു , വാക്കൻസി ഉണ്ടെങ്കിൽ അവർ തന്നെ വിളിച്ചു അഡ്മിഷൻ തരും. ഞാൻ നേരുത്തെ തന്നെ ഹയർ ഓപ്ഷൻ കൊടുത്തിരുന്ന വിവരം പറഞ്ഞിട്ട് അമ്മയുടെ മുഖത്തേക്ക് നോക്കി, അമ്മക്ക് ഇനിയും വിശ്വാസം ആയിട്ടില്ല, എന്തെങ്കിലും ചെയ്യണം എന്ന് 'അമ്മ , പ്രേമചന്ദ്രൻ എന്നെ നോക്കി ചിരിച്ചു, നിങ്ങൾ വന്നതല്ലേ വേണമെങ്കിൽ ഞാൻ ഒരു എഴുത്തു തരാം, പക്ഷെ അതുകൊണ്ടു ഒരു ഗുണവും ഉണ്ടാകില്ല. കഴിയതും ഇത് യൂണിവേഴ്സിറ്റിയിൽ കൊടുക്കാതിരിക്കുവാൻ ശ്രമിക്കുക. എന്ന് പറഞ്ഞു ലെറ്റർപാടിൽ ഒരു ലെറ്റർ ടൈപ്പ് ചെയ്യുവാൻ സഹായിയോട് പറഞ്ഞു, അപ്പോഴേക്കും ഒരുജോലിക്കാരൻ ഞങ്ങൾക്ക് ചായയുമായി എത്തിയിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയക്കാരൻ ഒരു വിഷയത്തിൽ കക്ഷി തരുന്ന ലെറ്റർ ഗുണം ചെയ്യില്ല എന്ന് പറഞ്ഞു ഞാൻ കേട്ടത്. രാഷ്ട്രീയക്കാർക്ക് എന്തും ചെയ്യുവാൻ കഴിയും എന്ന ചിന്ത അമ്മയിൽ നിന്നും പോയിട്ടുണ്ടാവണം. അതിനു ശേഷം ഒരു കാര്യത്തിനും 'അമ്മ രാഷ്ട്രീയക്കാരുടെ അടുത്ത് പോകണം എന്ന് പറഞ്ഞു കേട്ടിട്ടില്ല.
ഭാഗ്യത്തിന്ഒ രാഴ്ചക്കുള്ളിൽ യൂണിവേഴ്സിറ്റിയിൽ നിന്നും വിളി വന്നു, ഞാൻ കൊല്ലത്തു SNIT യിൽ MCA ക്കു ജോയിൻ ചെയ്തു, വീട്ടിലെ ഡോക്യൂമെന്റസ് വെച്ചിരിക്കുന്ന അലമാരിയിൽ ഇപ്പോഴും ആ ലെറ്റർ കാണണം. അഞ്ചു വർഷങ്ങൾക്കു മുമ്പ് NK പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ച നിലപാടിൽ ഇപ്പോഴും നമ്മുടെ മുഖ്യമന്ത്രി ഉറച്ചു നിൽക്കുന്നുവെന്നുപറയുമ്പോൾ ഞാൻ ആദ്യവും അവസാനവുമായി എന്റെ ഒരു വിഷയത്തിൽ സംസാരിച്ച ഒരു നെറിയുള്ള രാഷ്ട്രീയക്കാരാണ് NK പ്രേമചന്ദ്രൻ. കൊല്ലത്തു നിന്നും NK ജയിച്ചാൽ കൊല്ലത്തിനു അതൊരു മുതൽകൂട്ടായിരിക്കും എന്നാണ് എന്റെ പക്ഷം.
Saveesh