ജയഘോഷ് അണ്ണൻ. പടിഞ്ഞാറേ സ്കൂളിൽ (ചിത്തിരവിലാസം) പഠിച്ചതുകൊണ്ടു കിട്ടിയ കുറെ ബന്ധങ്ങളിൽ ഊഷ്മളമായ ഒന്ന് , ഇങ്ങേരുമായി കൂടുതൽ ഇടപഴകിയതു ബസ് ട്രെയിൻ യാത്രകളിലാണ്. പതാരത്തു നിന്ന് ഇടക്കുളങ്ങര വഴി ബസിൽ വരുമ്പോൾ കക്ഷി കരുനാഗപ്പള്ളി എ എം ആശുപത്രിയിൽ ഫിസിയോ ജോലിയും കഴിഞ്ഞു ഞങ്ങളുടെ ബസ്സിൽ ഉണ്ടാവും. ഇത്രയും രസകരമായി സംസാരിക്കുന്ന കൂടെ ഉള്ളവരെ വാരി കളിയാക്കി ചിരിപ്പിച്ചു പണ്ടാരം അടക്കുന്ന ജയഘോഷ് അണ്ണൻ.അതിനു കൌണ്ടർ ഇട്ടുകൊടുക്കുന്ന വിലാസ് (ചന്തു ) , ബിനു. പ്രായത്തിൽ മൂത്തതാണെകിലും അണ്ണൻ ഞങ്ങളെ ഓരോരുത്തരെക്കാളും ഇളയതായിരുന്നു സംസാരത്തിലും കളിയാക്കുന്ന കാര്യത്തിലും. മൂന്നാലു വര്ഷം കഴിഞ്ഞു കൊല്ലത്തു പഠിക്കാൻ പോകുന്ന സമയം വഞ്ചിനാടിലും ഇന്റർസിറ്റിയിലും ഉണ്ടാകുമെങ്കിലും ചെറുപ്പത്തിലേ പോലെ അത്ര വലിയ ഓളം ഉണ്ടാക്കില്ലെങ്കിലും പഴയ കളിയാക്കലുകളും സ്വരപറച്ചിലുമായി നമ്മളോടു കൂടുന്ന ശുദ്ധഹൃദയൻ..
കാലം യവനികക്കുള്ളിൽ ഓടിമറയുന്നതിനിടക്ക് കോവിഡ് സമയത്തു ജയഘോഷ് അണ്ണനെ തിരുവന്തപുരത്തു സെക്രട്ടറിയേറ്റിന്റെ മുന്നിൽ വച്ച് കണ്ടു. ജീവിതം എല്ലാവരെയും മറ്റും എന്നത് ജയഘോഷ് അണ്ണനിലും കാണുവാൻ കഴിഞ്ഞ നിമിഷങ്ങൾ. അണ്ണനെ അവിടെ കാണുമ്പോഴും എന്റെ ഓർമയിൽ അങ്ങേർ എ എമിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന പഴയ ഫിസിയോ ആണ്. എന്നാൽ സംസാരത്തിൽ നിന്നും ഗവര്മെന്റ് ജോലിയിൽ ആണെന്നും നാട്ടിലേക്കു അങ്ങനെ പോകാറില്ല, പോയാൽ കുഞ്ഞിനെ കുറിച്ചുളള ചോദ്യങ്ങൾക്കു മറുപടി പറയാൻ പറ്റുന്നില്ല എന്നൊക്കെ കുറെ വിഷമങ്ങൾ ഒരു അഞ്ചു മിനിറ്റിനുള്ളിൽ പറഞ്ഞു. ആസംസാരത്തിനിടയിൽ ഒരിടത്തും ആ പഴയ ജയഘോഷ് അണ്ണനെ കാണുവാൻ കിട്ടിയില്ല. എടേ അവൻ റെഡി ആവും. അതൊന്നും കാര്യം ഇല്ല, നിങ്ങൾ ചെയ്യാനുളളത് ചെയ്യൂ, നമ്മുടെ നാടൊരു നാട്ടിൻ പുറമല്ലേ, ചോദിക്കുന്നവർ ചോദിക്കുകയും പറയുന്നവർ പറയുകയും ചെയ്യും, നിങ്ങൾ അതൊന്നും കാര്യമാക്കേണ്ടാ എന്ന് പറഞ്ഞു പിരിയുമ്പോൾ ഇങ്ങനെ ഒരു കറുപ്പ് എഴുതേണ്ടി വരും എന്ന് ഒരിക്കലും ചിന്തിച്ചില്ല.
എന്നാലും ഇത് വേണ്ടിയിരുന്നില്ല അണ്ണാ.. ആദരാഞ്ജലികൾ ...