Monday, December 29, 2025

മൈനാഗപ്പള്ളിയിലെ പറയിടീൽ കാലം.



നിങ്ങൾ എത്ര പേര് മൈനാഗപ്പള്ളിയെ കുറിച്ച് കേട്ടിട്ടുണ്ട് എന്നറിയില്ല. മൈനാഗപ്പള്ളിയെ തൊട്ടറിഞ്ഞവർ ആദ്യത്തെ കുറച്ചു ഭാഗം സ്കിപ് ചെയ്തു വായിക്കുവാൻ ശ്രമിക്കുമല്ലോ. 

കൊല്ലം ജില്ലയുടെ വടക്കു ഭാഗത്തു കരുനാഗപ്പള്ളിക്കും ശാസ്താങ്കോട്ടക്കും ഇടയിലായി കിടക്കുന്ന ഭൂപ്രദേശം മൈനാഗപ്പള്ളി.  കൊല്ലം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്ന്, ഏകദേശം 21 വാർഡ്‌കൾ ഉള്ള കുറെ അധികം ഹിന്ദു കൃസ്തീയ ഇസ്ലാം ആരാധനാലയങ്ങൾ ഉള്ള വളരെ ഉന്നതിയിൽ മതസൗഹാർദം കാത്തു സൂക്ഷിക്കുന്ന എല്ലാ രാഷ്‌ടീയകഷികളുമുള്ള ഒരിടം. മത സൗഹാർദത്തിനപ്പുറം ഒരു രാഷ്ട്രീയ സൗഹാർദവും നിലനിൽക്കുന്ന പച്ചയായ മനുഷ്യർ ജീവിക്കുന്ന ഗ്രാമപ്രദേശം. ജനസംഖ്യയിൽ കൂടുതലും ഗവർമെന്റ് ഉദ്യോഗസ്ഥരും ഉദ്യോഗാര്ഥികളും, നല്ല ഒരു ശതമാനം പ്രവാസികളും , പട്ടാളക്കാരുമൊക്കെയുള്ള കർഷകരും കശുവണ്ടി തൊഴിലാളികളും കൂലിവേലക്കാരും കച്ചവടക്കാരുമടങ്ങുന്ന സമൂഹം. അവിടുത്തെ മേജർ ഫെസ്റിവലുകളിൽ ഒന്നാണ് മണ്ണൂർക്കാവ്‌ ദേവിക്ഷേത്രത്തിലെ ഉത്സവം. ക്ഷേത്രത്തെക്കുറിച്ചും അതിന്റെ ഉല്പത്തിയെക്കുറിച്ചും വളരെ വിശാലമായ ഐദീഹ്യങ്ങൾ നിലവിൽ ഉണ്ടെകിലും അതിലേക്കൊന്നും ഈ കുറിപ്പ് പോകുവാൻ ശ്രമിക്കുന്നില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ മുഴുനീളൻ കഥകളിൽ നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് മണ്ണൂർക്കാവ്‌ ഭഗവതി ക്ഷേത്രം. 

ഓണാട്ടുകരയിലും കേരളത്തിലാകെയും ഉത്സവങ്ങളുടെ തുടക്കം ഓണത്തോടെ ആണെങ്കിലും ഓണാട്ടുകരയിലെ ആദ്യത്തെ ഉത്സവംഇരുപത്തിയെട്ടാമോണം എന്നപേരിൽ അറിയപ്പെടുന്ന ഓച്ചിറയിലെ കാളകെട്ടു മഹോത്സവമായിരിക്കും. അതിന്റെ തുടർച്ച എന്നപോലെ ഓണാട്ടുകരയിലെ ക്ഷേത്രങ്ങളിൽ കേട്ട് ഉത്സവങ്ങൾ തുടങ്ങുകയായി. മണ്ണൂർക്കാവിലെ ഉത്സവം മകരത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ്. അതിന്റെ ഭാഗമായി മൈനാഗപ്പള്ളിയുടെ നാനാഭാഗത്തുനിന്നും പറ  സ്വീകരിക്കുന്നതിനായി ദേവി ക്ഷേത്രം ഭരണസമിതിയുടെയും കരപ്രമാണികളുടെയും നേതൃത്വത്തിൽ 41 വിളക്ക് കഴിഞ്ഞു ഇറങ്ങും. പറ ഇടീൽ ഏകദേശം ഒൻപതു അല്ലെങ്കിൽ പത്തു ദിവസം നീളുന്ന ചടങ്ങാണ്. 

മണ്ണൂർക്കാവിലെ ഉത്സവം ക്ഷേത്രത്തിൽ ആണെങ്കിലും , ഈ പറ ഇടീൽ ഇപ്പോൾ മൈനാഗപ്പള്ളിയുടെ ഓരോ ഭാഗങ്ങളിലും ഉത്സവപ്രതീതിയിലാണ് നടക്കുന്നത്. വിവിധ ക്ഷേത്ര കലകളും ദീപവിസ്മയങ്ങളുമായി കരയിലെ ഓരോഭാഗത്തുള്ളവരും ദേവിയെ സ്വീകരിക്കുന്നതിൽ മത്സരിക്കുന്നു. ആരോഗ്യകരമായ മത്സരങ്ങൾ ഒരു നാടിന്റെ മുഖംതന്നെ മാറ്റുമല്ലോ. മണ്ണൂർക്കാവിലെ പറ പോകുന്നതിനു മുൻപേ നിശ്ചയിച്ച ഒരു റൂട്ട് തന്നെയുണ്ട്. അറിവ് ശരിയാണെങ്കിൽ ആദ്യത്തെ ദിവസം പറയുമായി അനുബന്ധിച് വൈകുന്നേരം നടക്കുന്ന കളം ചവിട്ടു വെട്ടിക്കാട്ട് മഹാദേവർക്ഷേത്രത്തിന്റെ അടുത്ത് വട്ടത്തറയിലെ ഓലിച്ചിറയിലാണ്. സമൂഹസദ്യയുംഒരുക്കും മറ്റു പ്രോഗ്രാമുകളുമായി ഒലിച്ചിറയിൽ ഉള്ളവർ ദേവിയെ സ്വീകരിക്കുന്നു. പറയുടെ രണ്ടാം ദിവസം കെആർസി സിയും കടപ്പാ പൗരാവലിയും ചേർന്ന് സംഘടിപ്പിക്കുന്ന വിളക്ക് അൻപൊലിയാണ്. മൈനാഗപ്പള്ളിയുടെ കളി നിലമായ പഞ്ചായത്തു ഗ്രൗണ്ട് അക്ഷരാർത്ഥത്തിൽ ദീപത്താൽ അലംകൃതവും ഭക്തിസാന്തരവുമാകുന്ന ദിനം. വര്ഷങ്ങൾക്ക് മുൻപ് ഗ്രൗണ്ടിൽ പന്തുകളിച്ചുകൊണ്ടിരുന്ന എല്ലാവരുംകൂടി അതുവഴി പറ പോയപ്പോൾ ഇവിടെ ഒരു പറ ഇടുവാൻ പറ്റുമോ എന്ന് കമ്മിറ്റി കാരോട് പറ ഇടുവാൻ പറ്റുമോ എന്ന് ചോദിക്കുകയും അവർ കെ ആർ സി യുടെ പേരിൽ ഒരു പറ ഇടുകയും ചെയ്തു. അന്നത്തെ ഒറ്റപ്പറ മൂന്നര പതിറ്റാണ്ടുകൾക്കിപ്പുറം പുറംലോകം വന്നുകാണാൻ പാകത്തിൽ വലിയ വിളക്കായി വളർന്നു നിൽക്കുന്നു. ഒരു രേജിസ്റെർഡ് സാംസ്‌കാരിക സംഘട മുന്നിൽ നിന്ന് നടത്തുന്ന പരുപാടി എന്ന നിലയിൽ വിളക്ക് അൻപൊലി കാണുവാൻ  ഓണാട്ടുകരയുടെ അതിർ വരമ്പുകൾക്കപ്പുറത്തുനിന്നു പോലുംആളുകൾ എത്തുന്നു.  കെ ആർ സിയുടെ വിളക്കിനു ശേഷം നടക്കുന്ന കുറ്റിപ്പുറം നിവാസികളുടെ വിളക്കോട് കൂടിയുള്ള പൂമൂടൽ ചടങ്ങും എല്ലാവിളക്കിന്റെയും മാതൃ വിളക്ക് എന്ന് വിളിക്കുവാൻ കഴിയുന്ന ആശാരിമുക്കിലെ വിളക്കും ചിത്തിരവിലാസം ഭാഗത്തു ഭക്തി ഗാനസുധയുടെ അകമ്പടിയോടെ നടക്കുന്ന യുവജനസമിതിയുടെ വിളക്കും മണ്ണൂർക്കാവ്‌ ഭാഗത്തെ തെക്കൻ മൈനാഗപ്പള്ളിക്കാരുടെ വിളക്കും മറ്റുദിവസങ്ങളിൽ മറ്റുഭാഗങ്ങളിൽ നടക്കുന്ന വിളക്കുകളും പേരുകൊണ്ടും പെരുമകൊണ്ടും സംഘാടനംകൊണ്ടും വേറിട്ട് നിൽക്കുന്ന പരിപാടികൾ. 


മൈനാഗപ്പള്ളിയിൽ ഡിസംബറിന്റെ അവസാന ആഴ്ച തുടങ്ങി ജനുവരി മധ്യത്തോടു അവസാനിക്കുന്ന ഈ വിളക്കും ഉത്സവങ്ങളും ഓണാട്ടുകരക്കാർക്ക് പരിചിതമെങ്കിലും ഓണാട്ടുകരക്ക് പുറത്തുള്ളവർക്ക് വളരെ വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും. ഇപ്പോൾ നടക്കുന്ന ഈ പ്രോഗ്രാമുകൾ എല്ലാം തന്നെ അതാതു സ്ഥലങ്ങളിലെ ചെറുപ്പക്കാരും വീട്ടുകാരും ചേർന്ന് പിരിവു നൽകി നടത്തുകയാണ് പതിവ്. എന്നാൽ ഈ പരിപാടികൾകൾക്ക് തൃശൂർ പൂരം മോഡലിൽ അതല്ലങ്കിൽ ഇപ്പോൾ നടക്കുന്ന തെയ്യം ടൂർ മോഡലിൽ  പുറം നാട്ടിൽ പ്രചാരം നൽകുകയും ടൂർ ഓപ്പറേറ്റർസ് , ടൂറിസം ഡിപ്പാർട്മെൻറ് വഴിയോ അതല്ലെങ്കിൽ വലിയ ഹോട്ടലുകൾ വഴിയൊക്കെയോ സ്വദേശികളും വിദേശികളുമായ കലാസ്വാദകരെയും സാസ്കാരിക അന്വേഷകരെയും നമ്മുടെ ഓരോ പ്രോഗ്രാമുകളിലേക്കു എത്തിക്കുവാൻ കഴിയുകയും ചെയ്താൽ  അതുവഴി സ്പോൺസർ ഷിപ്പിനു ശ്രമിക്കുകയും ചെയ്താൽ ഇപ്പോൾ നടക്കുന്നതിലും നല്ല രീതിയിൽ ഓരോ പ്രോഗ്രാമുകളും നടത്തുവാൻ കഴിയും. മൈനാഗപ്പള്ളിയുടെ അഞ്ചുകിലോമീറ്റർ മാത്രം ദൂരെ നിൽക്കുന്ന മൻഡ്രോ തുരുത്തിന്റെ ടൂറിസം അവസരങ്ങളും നമ്മൾ ഇതിനോടൊപ്പം ഉപയോഗിക്കാൻ ശ്രമിക്കണം. അതിനായുള്ള കോ-ഓർഡിനേഷൻ ചെയ്യുവാൻ ക്ഷേത്രഭരണസമിയും ഓരോ പ്രോഗ്രാം സംഘടനാ സമ്മതിയും  കേരളത്തിന്റെ സാംസ്‌കാരിക വകുപ്പിനോട് പോലും ചേർന്ന് പ്രവർത്തിക്കുവാൻശ്രമിക്കണം. 


മുകളിൽ പറഞ്ഞ ആശയത്തിനോട് ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യം ഉള്ളവരും ഇത് എങ്ങനെ സാധ്യമാക്കുവാൻ കഴിയും എന്നത് മാര്ഗ്ഗനിർദേശം നൽകുവാൻ കഴിവുള്ളവരും കമന്റ് ചെയ്യുകയോ അല്ലെങ്കിൽ പേർസണൽ മെസ്സേജ് അയക്കുവാൻ ശ്രമിക്കുകയോചെയ്യുമല്ലോ. മൈനാഗപ്പള്ളിയിൽ മേളം നടക്കില്ല എന്ന് ചിന്തിച്ചിരുന്ന ഒരുകാലം നമുക്ക് ഉണ്ടായിരുന്നു. അതിൽനിന്നും തൃശൂർപൂരം കണക്കെ നമ്മുടെ നാടിന്റെ പെരുമയും കേരളക്കരയാകെ പരക്കുന്ന ഒരുവലിയ സ്വപ്നം കണ്ടു നമുക്ക് ഒരുമിച്ചു പ്രവർത്തിക്കുവാൻ ശ്രമിക്കാം.