Sunday, February 9, 2025

ബിജുസർന്റെ സിൽവർ ജൂബിലി ആഘോഷം

കഴിഞ്ഞ ദിവസം അവിചാരിതമായി ഒരു മെസ്സേജ് കിട്ടി , 

പ്രിയപ്പെട്ട സവീഷ് ഞാൻ പഠിപ്പിക്കാൻ തുടങ്ങിയിട്ട് ഇന്നേ ദിവസം 25 വര്ഷം തികയുന്നു. ഒരു അദ്ധ്യാപകൻ ഇങ്ങനെ ഒരു വിദ്യാർത്ഥിക്ക് മെസ്സേജ് അയക്കുമ്പോൾമാഷിന്റെ  മനസ്സിൽ എന്തായിരിക്കും എന്നായിരുന്നു എന്റെ ചിന്ത. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇത്രയും അധികം കുട്ടികളെ പഠിപ്പിച്ചിട്ടും എന്ത്കൊണ്ട് മാഷ്എനിക്ക് ഒരു മെസ്സേജ് അയച്ചു. ഞാൻ സാറുമായി സംസാരിച്ചിട്ടുപോലും വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു. അവസാനമായി കണ്ടത് എന്റെ കല്യാണ സമയത്താണ് എന്നാണ് ഓര്മ. അതും 13 വര്ഷം മുമ്പ്.

പറഞ്ഞു വരുന്നത് അടൂർ കോളേജ് അപ്പ്ളൈഡ് സയൻസിൽ ഞങ്ങളെ പഠിപ്പിച്ചിരുന്ന ബിജു സാറിനെ കുറിച്ചാണ്. നിങ്ങളിൽ എത്രപേർക്ക്സാർനെ അറിയാം എന്നെനിക്കറിയില്ല, പക്ഷെ ഞാൻ ഉൾപ്പെടെയുള്ള ഒരുകൂട്ടം പേരുടെ ജീവിതത്തിലെ  ഏറ്റവും പ്രധാനപ്പെട്ടതും അപകടകരവുമായ കൗമാരപ്രായത്തിൽ ഞങ്ങളുടെ കൂടെ ഒരു സുഹൃത്തിനെ പോലെ കൂടി അതിനപ്പുറം കമ്പ്യൂട്ടർ എന്ന് കേട്ടിട്ടുപോലും ഇല്ലാത്ത ഒരു കൂട്ടം പേരെ വിവരസാങ്കേതിക വിദ്യ എന്ന മഹാലോകത്തേക്കു കൈപിടിച്ച് നടത്തിയ കൊട്ടാരക്കരക്കാരനായ അധ്യാപകൻ. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു പുറത്തിറങ്ങിയതിന് ശേഷം ആദ്യമായി പഠിപ്പിച്ചത് ഞങ്ങളെ ആയതുകൊണ്ടാണോ അതോ പഠിപ്പിക്കുന്ന ഓരോ ബാച്ചും സാറിനു ഇത്ര പ്രിയപ്പെട്ടതാവുമോ. അറിയില്ല. ചിന്തകൾ കാട് കയറുന്നതു പോലെ. 

വ്യക്തിപരമായി കോളേജ് സമയത്തു ഞാൻ സാറിനെ ഒരു ഫേവറൈറ്റ് സ്റ്റുഡന്റിന്റെ ലിസ്റ്റ് ഉണ്ടായിരുന്നു എന്നൊരു പ്രതീക്ഷ എനിക്കില്ല, സാറിനെ ക്ലാസ്സിലും പുറത്തും ഏറ്റവുംകൂടുതൽ  ശല്യം ചെയ്ത ഞങ്ങളുടെ ക്ലാസ്സിലെ വിദ്യാർത്ഥി ഞാൻ തന്നെ ആയിരിക്കണം. ഡിഗ്രി യുടെ മൂന്നുവർഷവും  ഞങ്ങളുടെ ക്ലാസ് ടീച്ചർ ബിജു സർ ആയിരുന്നു, ക്ലാസ് എല്ലാം കഴിഞ്ഞു അവസാനത്തെ പരീക്ഷയുടെ അന്ന് എല്ലാവരും ക്ലാസ്സിലേക്ക് വരണം എന്ന് ബിജു സാർ പറഞ്ഞു, ഭാരിച്ച മനസാലെ എല്ലാവരും ക്ലാസ്സിൽ ഉണ്ട്, ഏറ്റവും മനോഹരമായ ഒരു കലാലയ ജീവിതത്തോട് വിടപറയുവാന് എല്ലാവരും തയ്യാറെടുക്കുന്നു. ഓരോരുത്തരും അവരവരുടെ ഓർമകൾ അവിടെ പങ്കു വെക്കുന്നു,  പണ്ട് നടന്ന ഏതോ വിഷയത്തിന്റെ പേരിൽ ഒരാൾ ഏതോ ഒരാൾ എന്തോ ഒരു വിമർശനശരം എന്നിലേക്കെന്നപോലെ പറഞ്ഞു എന്നൊരുതോന്നൽ ഇടയ്ക്കു എനിക്ക് ഉണ്ടായി, ആ വിമർശനത്തിനു ഒരു പക്ഷെ ഞാൻ അർഹനും ആയിരുന്നിരിക്കണം, വളരെ ഷോർട് tempered ആയിരുന്ന അല്ലെങ്കിൽ ആയ ഞാൻ പെട്ടെന്ന് ചാടി എണീറ്റ് എന്തോ ഒന്ന് പറഞ്ഞു ക്ലാസ്സിന്റെ ഡോർ പിടിച്ചു അടച്ചിട്ടു ഇറങ്ങി പോയി എന്നാണ് ഓർമ്മ. അന്ന് ചെയ്ത ഞാൻ ചെയ്ത ആ ചെയ്തി സർ എങ്ങനെ കൈകാര്യം ചെയ്തു എന്നെനിക്കറിയില്ല. ഞാൻ ആയിരുന്നു അധ്യാപകൻ എങ്കിൽ പിന്നീട്ഒരിക്കലും ആ വിദ്യാർത്ഥിയുമായി ബന്ധപ്പെടുകയോ അവനെ കോണ്ടച്റ്റ് ലിസ്റ്റിൽ വെക്കുകയോ ചെയ്യില്ല.  അവസാനത്തെ ദിനം ഇങ്ങനെ എങ്കിൽ അതിനു മുമ്പുള്ള കാര്യങ്ങൾ ഊഹിക്കാമല്ലോ, ചുക്ക് ചേരാത്ത കഷായം ഇല്ലല്ലോ. ഒരു മിഡ്‌ഡിൽ ക്ലാസ് ഫാമിലിയുടെ പ്രതീക്ഷ ആണ് എന്ന തിരിച്ചറിവാകണം ഒരു ബഹളി ആയ എന്റെ എല്ലാ കുറവുകളും കുറ്റങ്ങളും തിരിച്ചറിഞ്ഞു പഠിത്തത്തിൽ എന്നെ കുറെ ഏറെ സഹായിച്ചത്.

ഇപ്പോഴിപ്പോ ഇടയ്ക്കു ജോലിക്കായുള്ള ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്യുമ്പോൾ കുഴപ്പിക്കുന്ന ഒരു ചോദ്യം ഉണ്ട്, നിങ്ങൾ ഹാൻഡിൽ ചെയ്തതിൽ ഏറ്റവും കുഴപ്പം പിടിച്ച പ്രൊജക്റ്റ് ഏതാണ് , ഒന്ന് വിവരിക്കാമോ എന്ന്, ഒരു പക്ഷെ അദ്ധ്യാപകൻ എന്ന നിലയിൽ  കരിയറിന്റെ തുടക്കത്തിൽ ബിജു സർ കൈകാര്യം ചെയ്ത ഏറ്റവും കുഴപ്പക്കാരനായ കുട്ടി എന്ന പരിഗണയാവാം എനിക്ക് സാറിൽ നിന്നും കിട്ടിയിട്ടുള്ളത്. അതോ ഇതുപോലെ ഒരുവനെ റെഡി ആക്കിയാൽ വേറെ ആരെയും റെഡി ആക്കം എന്ന ചിന്തയോ... അറിയില്ല. . ജീവിതത്തിൽ വലിയ വിജയിയോ വ്യവസായ പ്രമുഖനോ ഒന്നും ആയില്ലെങ്കിലും മൈനാഗപ്പള്ളി പോലെ ഒരു ഗ്രാമത്തിൽ  ഒരു സാധാരണ കുടുംബത്തു  ജനിച്ചു ഇപ്പോൾ ജീവിക്കുന്നതുപോലെയുള്ള ഒരു ജീവിതം നയിക്കുവാൻ സഹായിച്ചത് ബിജുസാറിനെ പോലെയുള്ള ഒരു കൂട്ടം അദ്ധ്യാപകരും അതിന്റെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത വീട്ടുകാരും സമൂഹവുമൊക്കെയാണ്. 

ഇടയ്ക്കു വീണുകിട്ടുന്ന ഇത്തരം മെസ്സേജുകൾ സംഭാഷണങ്ങൾ ഒക്കെ നമ്മളെ ജീവിതത്തിന്റെ പഴയ ഏടുകളിലേക്കു കൊണ്ടുപോകും. ആകാശം മുട്ടെ ഉയർന്നു നിന്നിരുന്ന അപ്പ്ളൈഡ് സയൻസ് എന്ന  ആ വിദ്യാലയ മുത്തശ്ശിയുടെ മുന്നിൽ നിന്ന ആ മരങ്ങളും അതിന്റെ ഇടയിൽ നടന്ന വാശിയേറിയകായികമത്സരങ്ങളും മാഗസിൻ ഉൾപ്പെടെയുള്ള കലാപ്രവർത്തനങ്ങളും... എന്റെ അനുഭവവും ഓർമയും ഇതൊക്കെ ആണെങ്കിൽ ഇതിനേക്കാൾ മനോഹരമായ ഓർമ്മകൾ ഉള്ള എത്രയോ വലിയ ഒരു വിദ്യാർത്ഥി സമൂഹം സാറിന്റെ ചുറ്റിലും ഉണ്ടാവും. എത്ര എത്ര പേരുടെ ജീവിതത്തിനു വഴികാട്ടി ആയിട്ടുണ്ടാവും. ബിജു സർ നിങ്ങളെ പോലെയുള്ള ഹീറോകൾ ആണ് ഞങ്ങളെ പോലെയുള്ളവരെ പാകപ്പെടുത്തിയെടുത്ത്. ഇനിയുംവളരെ കാലം  വരുവാനിരിക്കുന്ന വിദ്യാർത്ഥി സമൂഹത്തിനു ഉദാത്തമായ ദിശാബോധം നൽകുവാൻ ഒരു അധ്യാപകൻ എന്ന നിലയിൽ സാറിനു മുന്നോട്ടും കഴിയട്ടെ, പഠിക്കുന്ന കാലത്തു ക്ലാസ്സിൽ ചെയ്ത ചെയ്തികൾക്കെല്ലാം ക്ഷമ ചോദിച്ചുകൊണ്ട്, എല്ലാവിധപ്രാർത്ഥനയും ആശംസകളോടെയും  

സവീഷ് 

No comments:

Post a Comment