മലയാളിക്കും മൈനാഗപ്പള്ളിക്കാർക്കും ഫുട്ബോൾ എന്നും ആവേശമാണ്. കാൽപ്പന്തു പരിചയപ്പെടുന്നത് കുഞ്ഞുന്നാളിൽ തെക്കേ വീട്ടിലെ ഒഴിഞ്ഞുകിടക്കുന്ന വസ്തുവിൽ ഉണ്ണിയേട്ടനും കൂട്ടരും കെട്ടുപന്തിൽ കളിക്കുന്നത് കണ്ടാണ് , ആകാലത്തു ഇന്നത്തെ മൈനാഗപ്പള്ളി പഞ്ചായത്തു ഗ്രൗണ്ട് നെല്ലുവിളയുന്ന കരപ്പാടവും. അന്ന് കളിക്കാൻ വരുന്നവരിൽ പ്രമുഖർ രാജേന്ദ്രണ്ണൻ , ജയകുമാറണ്ണൻ , ശ്യാം സാറും , അനിലണ്ണൻ , സജിയണ്ണൻ , അശോകൻ സർ ( സജിയണ്ണൻ നമ്മളെ വിട്ടുപോയി) താളവട്ടം അനിലണ്ണൻ .. .അങ്ങനെ എത്ര പേർ . ഇതിൽ പലരും ഇപ്പോൾ അന്പതിനോട് അടുക്കുന്നുണ്ടാവും അന്നൊക്ക അവരുടെ ഇടയിൽ പറഞ്ഞുകേട്ട മിന്നും താരങ്ങളായിരുന്നു സത്യനും പാപ്പച്ചനും വിജയനും ഷെറഫ്അലിയും അഞ്ചേരിയുമൊക്കെ. അതിൽ സത്യന്റെ കഥ സിനിമ ആയി , കാണുവാൻ കഴിഞ്ഞത് കഴിഞ്ഞ ദിവസവും.ഒരുകാലത്തു സന്തോഷ് ട്രോഫി ഇന്ത്യൻ ഫുട്ബോളിൽ എത്ര വിലപ്പെട്ടതായിരുന്നുവെന്നും ഓരോ സംസ്ഥാനങ്ങളും എത്രത്തോളം സന്തോഷ് ട്രോഫിക്ക് വേണ്ടി മത്സരിവെന്നും രാഷ്ട്രീയ നേതാക്കൾ പോലും ഫുട്ബോളിൻറെ ആവേശം ഉൾക്കൊണ്ടതിന്റെ സാക്ഷ്യ പത്രമാണ് ക്യാപ്റ്റൻ.
80 കളികളിലധികം ഇന്ത്യക്കുവേണ്ടി ബൂട്ട് കെട്ടുകയും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായി പല വിജയങ്ങളും നേടിയെടുക്കുകയും ചെയ്ത സത്യന്റെ കഥ കഴിഞ്ഞ കാലം വരെയുള്ള ഇന്ത്യൻ ഫുട്ബോളിന്റെ മുഖമാണ് തുറന്നുകാട്ടുന്നത്. ഫുട്ബോളിൽ എല്ലാകാലത്തും അറിയപ്പെടുന്നവർ മുനിരക്കാരാണ് , അവരുടെ പിന്നിൽ നിന്ന് മുനിരയിലുള്ളവർക്കായി പന്തുകളെത്തിക്കുകയും അതിലുപരി എതിർ ടീമിന്റെ മുന്നേറ്റത്തിന്റെ മുനയൊടിക്കുകയും ചെയ്യുന്ന വളരെ കുറച്ചുപേരെ മാത്രമേ ചരിത്രം രേഖപ്പെടുത്താറുള്ളു.സത്യൻ കളിയിൽ മാത്രമായിരുന്നില്ല ഡിഫൻഡർ, ജീവിതത്തിൽ മുഴുവൻ സമയ ഡിഫെൻഡറായിരുന്ന സത്യൻ ഇനി ഒരിക്കലും കളിക്കുവാൻ കഴിയില്ലെന്ന് മനസ്സിലാക്കുകയും തന്റെ എല്ലാമായിരുന്നു ഇടതുകാൽ തന്നിൽനിന്നും വിഛേദിക്കപ്പെടേണ്ടി വരുകയും ചെയ്യുമെന്ന് മനസിലാക്കിയപ്പോൾ ജീവിതം അവസാനിപ്പിക്കുന്നു. ഈ വർഷത്തെ (2018 ) സന്തോഷ് ട്രോഫി നേടിയത് കേരളമാണ്, അവരിൽ എത്രപേരെ നമ്മൾ അറിയുന്നു. പരിമിതമായ സൗകര്യങ്ങൾക്കിടയിലും ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റിലെ കിരീടം നേടിയവരെ സർക്കാരും വേണ്ടപോലെ പരിഗണിച്ചതായി ഓർക്കുന്നില്ല. സത്യൻ ഭൂതകാല ഫുട്ബോളിന്റെ മറക്കാത്ത ഓർമ്മയാണ്, ക്യാപ്റ്റൻ ചരിത്രത്തിന്റെ രേഖപ്പെടുത്തലും, ചരിത്രം അവർത്തിക്കപ്പെടാതിരിക്കട്ടെ, താമസിയാതെ ലോകം ഒരു പന്തിനു പുറകിൽ ഓടുവാൻ തുടങ്ങും, അപ്പോൾ നമ്മുടെ താരങ്ങളെയും നമുക്ക് മറക്കാതിരിക്കാം, അവർക്കുവേണ്ട പിന്തുണ നൽകാം..
ഇന്റർനെറ്റിലാണ് സിനിമ കണ്ടതെങ്കിലും സിനിമയുടെ DVD വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യ എന്നെങ്കിലുംവേൾഡ് കപ്പിൽ യോഗ്യത നേടുകയോ വേൾഡ് കപ്പ് നേടുകയോ ചെയ്താൽ ഫുട്ബോളിനോട് വിടപയേണ്ടിവന്ന നേരം ജീവിതത്തോട് തന്നെ വിടപറഞ്ഞ ഒരു ക്യാപ്റ്റന്റെ ( വി പി സത്യന്റെ) നാടാണ് കേരളമെന്നു നമ്മൾ മലയാളികൾ അഭിമാത്തോടെ തന്നെ പറയണം.
No comments:
Post a Comment