പാൻഡെമിക് സിറ്റുവേഷനായതിനാൽ ഏതൊരു പനിയും ചെറിയ പരിഭ്രാന്തി പരത്തുമെങ്കിലും, ഞാൻ വൈറൽ ഫീവർ എന്ന് കരുതിയിരുന്ന പനി ദിവസങ്ങൾക്കുള്ളിൽ എന്നെ വിട്ടുപോയി. പനിവന്നാൽ വേണമെങ്കിലും വേണ്ടെങ്കിലും കാര്യമായി ആഹാരം കഴിക്കുക ശീലമാണ്. പനി നമ്മളെ തൊപ്പിക്കുന്നതിനു മുൻപ് പനിയെ തിന്നു തൊപ്പിക്കുക എന്നാണല്ലോ!!!
അങ്ങനെ അടുത്ത വീക്കെൻഡ് ആയി , ഓഫീസിലെ ജോലിയും പനിയുടെ ക്ഷീണവുമൊക്കെ മാറ്റാൻ കാര്യമായി എന്തെങ്കിലും ഉണ്ടാക്കി കഴിക്കാനായിരുന്നു പ്ലാൻ, ബ്രേക്ഫാസ്റ്റിനു ബർഗർ ഉണ്ടാക്കി കഴിക്കാൻ ഞാനും ചിന്നുവും കൂടെ പ്ലാൻ ചെയ്തു. ലെറ്റൂസ് ബ്രഡ് ഉൾപ്പടെയുള്ള സാധനങ്ങൾ ഒക്കെ വാങ്ങി വന്നു, ഉണ്ടാക്കി കൊണ്ടിരിക്കുന്നതിനിടക്ക് ചിന്നുവിനും ചെറിയ തലവേദനയും ക്ഷീണവുമൊക്കെ തോന്നി തുടങ്ങി. പണി പാളിയോ ഈശ്വര!!! എന്ന ചിന്തയിൽ അവളോടും ആശുപത്രിയിൽ പോകണോ എന്ന് ചോദിച്ചപ്പോൾ , ഹേ വേണ്ട, ചേട്ടനുവന്നതുപോലെ വൈറൽ ഫീവർ ആയിരിക്കും...
വോ... പോകാൻ പറ.. ഈസി മട്ടിൽ ഞാനും.
കുഞ്ഞിനെ ഫീഡ് ചെയ്യുന്നതിനാൽ അയാളും ഡോളോയും കൊണ്ട് പനി കണ്ട്രോൾ ചെയ്തുനിന്നു. മിഡ് വീക്ക് ആയപ്പോൾ കേശുവിനും ചൂട് കാണിച്ചു , അവൻ ഒന്ന് ഛര്ദിക്കുകയും ചെയ്തു. അവൻ ഒരു രീതിയിലും കയ്യിൽ ഒതുങ്ങാത്ത അവസ്ഥ. ആറുമണിക്കൂർ ഇടവിട്ട് ഒരു ദിവസം ക്രോസിൻ കൊടുത്തപ്പോൾ അവന്റെ ചൂടും കണ്ട്രോൾ ആയി, എന്നാലും കുഞ്ഞല്ലേ, ഒരു ഡോക്ടറെ കാണിച്ചു, കക്ഷിയും രണ്ടു ദിവസംകൂടി ക്രോസ്സിൻ കൊടുക്കാൻ പറഞ്ഞു. അങ്ങനെ അവന്റെയും പനി മാറി, നിർബന്ധം രണ്ടു ദിവസംകൂടി നിന്നു. ഇതിനിടക്ക് ശ്രീകുട്ടിക്കും ചൂടുവന്നു. അവൾക്കും ഉണ്ടായിരുന്ന ക്രോസ്സിൻ തന്നെ കൊടുത്തു, രണ്ടു ദിവസംകൊണ്ടു അവളും പഴയപടി. അപ്പോഴും എല്ലാവര്ക്കും വൈറൽ വന്നുപോകുന്നു എന്നായിരുന്നു ഞങ്ങളുടെ ധാരണ.
ഇതിനിടക്ക് എപ്പോഴോ അച്ഛനും അമ്മക്കും പനി ആയി, വീട്ടിലെ സീനും മാറി, അച്ഛനും അമ്മയ്ക്കും ഞാൻ കഴിച്ച അതെ ആന്റിബൈക്കോടിക് ഒക്കെ കൊടുത്തു നോക്കി, പക്ഷെ ഗുണം ഉണ്ടായില്ല, അവരുടെ ആരോഗ്യസ്ഥിതി, കുഞ്ഞുങ്ങളെ നോട്ടം വീട്ടിലെ കാര്യങ്ങൾ ഒക്കെ അവതാളത്തിൽ, ഇടക്ക് ആശാവർക്കറെ അച്ഛൻ വിളിച്ചു, അവർ ഒരു രീതിയിലും ടെസ്റ്റ് ചെയ്യുവാൻ പ്രേരിപ്പിക്കുന്നില്ല, ടെസ്റ്റ് ചെയ്താൽ എല്ലാവര്ക്കും പോസിറ്റീവ് ആകും പോലും. കൂടാതെ അസുഖം ഇല്ലാതെ ടെസ്റ്റ് ചെയ്യാൻ ചെന്നാൽ അവിടെ നിന്നും കിട്ടുമെന്നും.... അവർക്ക് രോഗിയോടും സർക്കാരിനോടും വല്ലാത്ത കരുതൽ!
അമ്മയുടെ പനി ഒട്ടും കുറയാത്തതിനാൽ അച്ഛൻ അടുത്തൊരു ഡോക്ടറെ consult ചെയ്തു. അവിടുന്ന് രണ്ടു ദിവസത്തേക്ക് മരുന്ന് കൊടുത്തു, അതുകൊണ്ടു വല്യ കാര്യം ഉണ്ടായില്ല. ഇടക്ക് എനിക്ക് മൈനാഗപ്പള്ളിയിൽ വീണ്ടും വരേണ്ട ആവശ്യം ഉണ്ടായി....
( വീട്ടിൽ എല്ലാർക്കും പനി കൊണ്ടു കൊടുത്തതിന് ചിന്നു വീട്ടിൽ നിന്നും പുറത്താക്കിയതല്ല ആ ആവശ്യമെന്ന് പറയാൻ പറഞ്ഞു ) 

അങ്ങനെ പെട്ടിയും കെടക്കയുമൊക്കെയായി നുമ്മ വീണ്ടും മൈനാഗപ്പള്ളിക്ക്.....
Date - 27/1
(തുടരും)
No comments:
Post a Comment