Tuesday, February 28, 2023

ഞങ്ങടെ പടിഞ്ഞാറേ സ്കൂൾ ( നിങ്ങടെ ചിത്തിരവിലാസം സ്കൂൾ )

ഞങ്ങടെ പടിഞ്ഞാറേ സ്കൂൾ ( നിങ്ങടെ ചിത്തിരവിലാസം സ്കൂൾ ) 

വിദ്യാധനം സർവ്വ ധനത്താൽ പ്രധാനം. വിദ്യാധനം നാടിൻറെ സംസ്കാരത്തെയും പുരോഗതിയെയും മാറ്റിമറിക്കും. അങ്ങനെ പുരോഗതി നേടിയ നാടാണ് മൈനാഗപ്പള്ളി. കാർഷിക സംസ്കാരമുൾക്കൊള്ളുന്ന ഗ്രാമം പൊതുവിദ്യാലയങ്ങളെ എത്രത്തോളും ഉൾക്കൊള്ളുന്നു എന്നതിന്റെ തെളിവാണ്കൊല്ലം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ മൈനാഗപ്പള്ളിയിൽ 5 ഹൈസ്കൂളുകൾ ഇന്നും നിലനിൽക്കുന്നത്.  ഇപ്പോൾ നാടിന്റെ പ്രധാന വരുമാനം ഗവർമെന്റ്ഈ ജോലിക്കാർ ഉൾപ്പെടുന്ന വർക്കിംഗ് ക്ലാസ് ആവണം. പ്രവാസികളെയും ബിസിനസ് കാരേയും IT ക്കാരെയുമൊന്നും മറക്കുന്നില്ല കേട്ടോ. അതിനൊക്കെ കാരണം നാടിന്റെ  വിദ്യാഭ്യാസത്തെ മുന്നോട്ടു നയിച്ച വിദ്യാലയങ്ങളും അധ്യാപകരുമാണ്.

അഞ്ചു ഹൈസ്കൂളുകൾ അല്ലാതെ കുറെ ( എണ്ണം വ്യക്തമായി അറിയില്ല )  ലോവർ , അപ്പർ പ്രൈമറി സ്കൂളുകളും ഉണ്ട്. അവയിലെ മുത്തശ്ശി യാണ് ചിത്തിരവിലാസം അപ്പർ പ്രൈമറി സ്കൂൾ.  അപ്പുപ്പൻ പഠിപ്പിച്ച 'അമ്മ പഠിച്ച അതെ വിദ്യാലയത്തിലെ വിദ്യാർത്ഥിആയി ജീവിതത്തിലെ ഏറ്റവും സുന്ദരമായ സമയം അവിടെ ചെലവഴിക്കാൻ കഴിഞ്ഞുവെന്നതു ഭാഗ്യമായി കരുതുന്നു. അവിടുത്തെ ഓരോ മരങ്ങൾക്കും ചെടികൾക്കും അവിടെ പഠിച്ച ഓരോരുത്തരുടെയും കഥകൾ പറയാൻ ഉണ്ടാവും. അവയിൽ എന്റെ കഥകളും ഉണ്ടാവും യുറീക്കാ പരീക്ഷയും , ശാസ്ത്ര എക്സിബിഷൻ , ക്വിസ് മത്സരങ്ങൾ , ഓട്ടം , ചാട്ടം കിളിത്തട്ടു കളി , കാര്ബോര്ഡിൽ ഉണ്ടാക്കി വെച്ചിരുന്ന കമ്പ്യൂട്ടർ , റോക്കറ്റ് മോഡലുകൾ ,വെള്ളിയാഴ്ച അവസാനത്തെ മീറ്റിംഗ് പീരീഡിൽ പാടിയ പാട്ടുകൾ ( ഞാൻ മാത്രമേ അതിനെ പാട്ടു എന്ന് വിശേഷിപ്പിക്കാറുള്ളു)  അങ്ങനെ എന്തെല്ലാം ഓർമ്മകൾ. ഓർമകൾക്ക് ചൂടുപിടിക്കുമ്പോൾ ഓർത്തെടുക്കുവാൻ ഏറെയുണ്ട്. 

ഓർമകളുടെയും അനുഭവങ്ങളുടെയും കലവറ നൽകിയ ഞങ്ങളുടെ പടിഞ്ഞാറേ സ്കൂളിന് ( ചിത്തിര വിലാസം UP )  100 വയസ്സ് ആകുന്നു. സ്കൂളിന്റെ പടിഞ്ഞാറേ ഭിത്തിയിൽ സ്ഥാപിതം 1923 എന്ന് ഒരു നീല ബോർഡിൽ എഴുതി വെച്ചിരുന്നത് എല്ലാ കാലവും അത്ഭുതത്തോടെ നോക്കിയിട്ടുണ്ട്.  മലയാളിയെ മറുനാട്ടിൽ അംഗീകരിക്കാൻ കാരണമായത് വിദ്യാഭ്യാസത്തിലൂടെ അവൻ നേടിയ പുരോഗതിയാണ് അതിനൊക്കെ കാരണക്കാരായതു നമ്മുടെയൊക്ക സ്കൂളുകളും അധ്യാപകരുമൊക്കെ ആണെന്ന് കൂടി ഓർത്തുകൊണ്ട് പടിഞ്ഞാറേ സ്കൂളിൽ നടക്കുന്ന ആഘോഷപരിപാടികൾക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസകളും.

സവീഷ്.

Friday, January 27, 2023

അമ്മുമ്മ വിടപറഞ്ഞിട്ട് ഒരു വർഷം


കഴിഞ്ഞ ദിവസം അമ്മയോട് സംസാരിച്ചപ്പോഴാണ് അമ്മുമ്മ മരിച്ചിട്ട് ഒരുവർഷം ആകുന്നു എന്നോർത്ത്. ചിലരൊക്കെ നമ്മളെ വേർപിരിഞ്ഞു എന്ന് നമുക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. ഭൗതിക ശരീരം നമ്മളിൽ നിന്നും വേർപിരിഞ്ഞു പോയാലും അവർ നമ്മളിലേക്ക് പകർന്നുതന്ന ജീവിത പാഠങ്ങൾ , ശീലങ്ങൾ നന്മകൾ വിശ്വാസ ങ്ങളൊക്കെ നമ്മൾ ഉള്ളേടത്തോളം കാലം നിലനിൽക്കും.

അമ്മുമ്മയെ കുറിച്ച് പറഞ്ഞു തുടങ്ങണമെങ്കിൽ അങ്ങ് ഡൽഹിയിൽ നിന്ന് തുടങ്ങണം. ജനനം മുതൽ ഞാൻ നാടുവിട്ടു പോകുന്നത് വരെ എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ റൂം മേറ്റ്. പനി വന്നാൽ ചുക്ക് കാപ്പി ഇട്ടുതരുന്ന അമ്മയുടെ കൂടെ വഴക്കിടുമ്പോൾ എന്റെ പക്ഷത്തു നിൽക്കുന്ന എന്നാൽ കുരുത്തക്കേടുകൾ അതിരു വിടുമ്പോൾ കൊതുബും കീറുകൊണ്ട് രണ്ടു അടി തരുന്ന കുളിക്കാൻ വെള്ളം ചൂടാക്കിത്തരുന്ന ആ തീയിൽ തന്നെ പറങ്ങേണ്ടിയും ചീനിയും ചക്കക്കുരുവുമൊക്കെ ചുട്ടു തരുന്ന പഠിച്ചു പത്താം ക്ലാസ് എങ്കിലും പാസ്സാകണം എങ്കിലേ ഒരു കടയിൽ കയറി കണക്കെങ്കിലും എഴുതാൻ പറ്റു എന്ന് പറഞ്ഞു ജോലിയുടെ ആവശ്യത്തെക്കുറിച്ചു എന്നെ പഠിപ്പിച്ച കമ്പ്യൂട്ടർ ജോലിക്കു പോകുന്നു എന്ന് പറഞ്ഞപ്പോൾ കമ്പനിയിൽ കറണ്ട് ഒക്കെ ഉണ്ടാകും സൂക്ഷിക്കണം എന്ന് എന്നെ ഓർമിപ്പിച്ച  അമ്മുമ്മ...

കഥകളിയും മണ്ണൂർക്കാവും അമ്മുമ്മ പറഞ്ഞ ഫാന്റസി കഥകളുമൊക്കെ മനസ്സിന്റെ സങ്കൽപ്പ ശക്തിയെ എത്രത്തോളം വളർത്തിയെന്നോ. ഓരോ വ്യക്തിയെയും മനസിലാക്കി മാത്രം സഹകരിക്കണമെന്നും എല്ലാവരുടെയും നല്ലവശം മാത്രം ഉൾക്കൊള്ളണമെന്നും പറഞ്ഞു പഠിപ്പിച്ചയാൾ.എല്ലാവരോടും സ്നേഹം മാത്രമുണ്ടായിരുന്ന കയ്യിലുള്ളതെല്ലാം എല്ലാവര്ക്കും  കൊടുക്കുന്ന ആരുടേയും ഒന്നും ആഗ്രഹിക്കാത്ത ഒരാൾ. എന്തിനേറെ  വിവാഹം കഴിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ കഴുത്തികിടന്ന മാല ഊരി തന്നിട്ട് ഇതിന്റെ കൂടെ കുറച്ചുകൂടി ചേർത്ത് നീ പെണ്ണിന് ഇടാൻ തന്നു. ജീവിതത്തിൽ ഒരിക്കൽ പോലും  അമ്മുമ്മയെ കുറിച്ച് ഒരാളും മോശം പറഞ്ഞു ഞാൻ കേട്ടിട്ടില്ല. 

എന്റെ അമ്മയുടെ ചെറുപ്പത്തിൽ തന്നെ അപ്പുപ്പൻ മരിച്ചു, അപ്പോൾ അമ്മുമ്മക്ക് 30 വയസ്സ് (1960 കാലഘട്ടം) ആവണം .അന്നുമുതൽ കശുവണ്ടി ആപ്പീസിൽ പോയി ജോലി ചെയ്തു മൂന്നു മക്കളെയും വളർത്തി അമ്മുമ്മക്ക് കിട്ടിയ വസ്തുക്കൾ ഒക്കെ അടുത്ത തലമുറക്കായി കൈമാറിയ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ധീരയായ വനിത , ആ അമ്മുമ്മയുടെ കൊച്ചുമോനായി പിജി കാലഘട്ടം വരെ ഒരേ റൂമിൽ കഴിയാൻ കഴിഞ്ഞത് ഭാഗ്യം. ജീവിതത്തിൽ തകർന്നു പോകുന്ന പല സന്ദര്ഭങ്ങളിലും പിടിച്ചു നിൽക്കാൻ സഹായിച്ചത്അ മ്മുമ്മ നമ്മുടെ മുന്നിൽ ജീവിച്ചു കാണിച്ചു തന്ന ജീവിത രീതിയാണ്. 

അമ്മുമ്മയെ കുറിച്ച് പറയാനും എഴുതാനും ഒന്നും ഒരു പോസ്റ്റ് പോരാ. അമ്മുമ്മ പറഞ്ഞു തന്ന കഥകൾ പകർന്നു തന്ന നന്മകൾ അടുത്ത തലമുറയിലേക്കു കൈമാറാനുള്ള ശക്തി ജഗദീശ്വരൻ നൽകട്ടെ. അമ്മുമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

ഓം ശാന്തിഃ 



Wednesday, February 10, 2021

കോവിഡ് നിങ്ങളെ ഒറ്റപ്പെടുത്തും !!! (അവസാന ഭാഗം)

കോവിഡ് നാട്ടിൽ നിന്ന് തന്നെ പോയി എന്ന രീതിയിൽ എല്ലാവരും പെരുമാറുന്നതിനോടൊപ്പം ഞാനും ചേർന്നു, ട്രിവാന്ഡറുത്തുനിന്നും നാട്ടിലേക്കു പോകുമ്പോൾ നമ്മുടെ ഒരു ഗഡി കൂടെ ഉണ്ടായിരുന്നു, അവനെ വീട്ടിൽ കൊണ്ടാക്കി അവന്റെ അമ്മയുടെ കയ്യിൽ നിന്നും ചായയും കുടിച്ചിട്ടാണ് തിരികെ വീട്ടിലേക്ക് പോയത്, അവന്റെ വീട്ടിൽ കയറിയതും പ്രായമായവരുടെ അടുത്ത് മാസ്ക് ഇല്ലാതെ ഇരുന്ന് സംസാരിച്ചതും പിന്നീടുള്ള ദിവസങ്ങളിൽ വളരെ വിഷമിപ്പിച്ചു. ഭാഗ്യം അവർക്കും അസുഖം കിട്ടിയില്ല.

ഉത്സവത്തിന് നാട്ടിൽ ഉണ്ടായിരുന്നെങ്കിലും വീട്ടുകാരെയും പരമേശ്വരൻ പിള്ളയുടെ ആശുപത്രിയിലെ ഡോക്ടറെയും മാത്രമേ കാണുവാൻ കഴിഞ്ഞിരുന്നുള്ളൂ. അതിന്റെ കുറവ് ജനുവരി ലാസ്‌റ് വീക്ക് നാട്ടിൽ എത്തിയപ്പോൾ തീർക്കാമെന്നു കരുതി കുറെ പേരെ അവരുടെ വീടുകളിൽ പോയി കണ്ടു.മിക്കവരുടെയും വീടിന്റെ മുറ്റത്തു നിന്നാണ് സംസാരിച്ചത്, അതിനിടയിൽ ഒരുവീട്ടിൽ ചെന്നപ്പോൾ മ്മടെ സീനിയർ ഗെഡികൾ എല്ലാം വീട്ടിനകത്തിരുന്നു ISL കാണുന്നു, നുമ്മയും മെല്ലെ വീടിനകത്തേക്ക് കയറി അവിടെ നിന്ന് കുറച്ചു നേരം കളിയും കണ്ടു ലോക കാര്യങ്ങളും പറഞ്ഞു നിക്കുന്നതിനിടക്ക് ഒരു ഗഡി വല്ലാതെ തുമ്മുന്നത് കണ്ടു വല്ല കോവിടും ആന്നോടെ എന്ന് ചോദിച്ചു മാസ്ക് ഒന്നൂടെ ടൈറ്റ് ചെയ്തു മെല്ലെ അവിടുന്നിറങ്ങി അടുത്ത സ്വീകരണ സ്ഥലത്തേക്ക് പോയി. രാത്രി 10 മണിക്ക് മുമ്പ് വന്നാലേ അത്താഴം തരു എന്ന് 'അമ്മ പറഞ്ഞതിനാൽ ഗേറ്റടക്കുന്നതിനു മുമ്പ് വീട് പിടിച്ചു, അത്താഴവും കഴിച്ചു സുഖമായി ഉറങ്ങി.
രാവിലെ എണീറ്റ് ഷട്ടിൽ കളിയ്ക്കാൻ പോകണമെന്നൊക്കെ ഉണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല, അന്ന് ഒരു സാധാരണ ഓഫീസ് ദിവസം, വലിയ വിഷയങ്ങൾ ഒന്നും ഇല്ലാതെ വൈകുന്നേരം വരെ സമയം പോയി, ഇതിനിടക്ക് ഇന്നലെ പോയ വീട്ടിൽ തുമ്മൽ ഉണ്ടായിരുന്ന വ്യക്തി കോവിഡ് +ve ആണെന്ന വാർത്ത കാട്ടുതീപോലെ നാടാകെ പടർന്നു.ഞാനും അവരുടെ പ്രൈമറി contact ലിസ്റ്റിൽ ഉണ്ടെന്ന വിവരം വീട്ടിൽ പറഞ്ഞു , പറഞ്ഞു തീർന്നതും വീട്ടിലും അയലത്തുള്ള എല്ലാവര്ക്കും MASK ഓൺ. പാവം എന്നെ പിടിച്ചു റൂമിലിട്ടടച്ചു, ആഹാരം റൂമിൽ തരുന്നു, എന്തൊക്കെ സീനായിരുന്നു...അന്നത്തെ ദിവസവും അങ്ങനെ പോയി. പിറ്റേന്നു രാവിലെ 7.45 നു ചിന്നുവിന്റെ മെസ്സേജ് കണ്ടാണ് എണീറ്റത്, 'അമ്മയെ അഡ്മിറ്റ് ചെയ്യണം, പനി കുറയുന്നില്ല. തിരിച്ചു വരാൻ പറ്റുമോ. ഓക്കേ എന്ന് മാത്രം റിപ്ലൈ ചെയ്തു
ക്വാറന്റൈൻ ഹോം ഐസൊലേഷൻ ഡ്രാമകൾ ഒക്കെ അവസാനിപ്പിച്ച് ഞാൻ തിരിച്ചു തിരുവന്തപുരത്തിനു പൊന്നു. ഏകദേശം പത്തരയ്ക്ക് വീട്ടിൽ എത്തി.
വീട്ടിൽ വന്നും ഞാൻ പ്രൈമറി contact നെകുറിച്ചും ഹോം ഐസൊലേഷൻ നെ കുറിച്ചുമൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടക്കാന് അച്ഛന്റെ ഫോൺ വന്നത്, 'അമ്മ യുടെ കോവിഡ് ടെസ്റ്റ് +VE.ആകെ ടെൻഷൻ, ഞാൻ നിന്ന നിൽപ്പിൽ തന്നെ ആശുപത്രിക്ക് വിട്ടു, അവിടെ ചെന്നപ്പോഴേക്കും അമ്മയെ അവർ റൂമിലേക്ക് മാറ്റിയിരുന്നു. കോവിഡ് -VE ആയ ഒരാൾക്കേ bystander ആകാൻ പറ്റു എന്ന് കാഷ്വാലിറ്റിയിൽ നിന്നറിയിച്ചു, അങ്ങനെ അച്ഛനും ടെസ്റ്റ് ചെയ്തു. ദാണ്ടെ അവിടേം +VE ജാങ്കോ ഞങ്ങ പെട്ട്..
ആകെ ടെൻഷൻ സീൻ, വലിയ ആരോഗ്യ പ്രശ്ങ്ങൾ ഇല്ലെങ്കിലും അച്ഛനെയും കൂടി അമ്മയുടെ കൂടെ അഡ്മിറ്റ് ചെയ്യുക എന്ന ഓപ്ഷനെ ഉണ്ടായിരുന്നുള്ളു. അച്ഛനെയും അമ്മയും ആശുപത്രിയിലാക്കി വൈകിട്ട് നാലു മണിയോടെ വീട്ടിൽ എത്തി,അപ്പോൾ അതുവരെ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്ന ചിന്നുവിനും ശ്രീകുട്ടിക്കും കുറെ അധികം പ്രശ്നങ്ങൾ പെട്ടന്ന് പൊങ്ങി വന്നു, അങ്ങനെയെങ്കിൽ ഏതെങ്കിലും ഹോസ്പിറ്റലിൽ പോകാമെന്നായപ്പോൾ അത്രയ്ക്ക് പ്രശനങ്ങൾ ഇല്ല എന്ന് ചിന്നുവും. അപ്പോഴും എനിക്ക് ആദ്യം വന്ന പനി കോവിഡ് ആണെന്ന സത്യത്തിലേക്ക് പൊരുത്തപ്പെടുവാൻ മനസ്സ് എന്നെ അനുവദിക്കുന്നുണ്ടായിരുന്നില്ല.....
ഇടയ്ക്കു ആശാവർക്കറെ വിളിച്ചു പോസിറ്റീവ് ആയ വിവരം പറഞ്ഞു, അങ്ങനെ ഒരു കണക്കിന് ആദിവസം കടന്നുപോയി. പിറ്റേന്ന് അടുത്തുള്ള ഹെൽത്ത് സെന്ററിൽ പോയി ടെസ്റ്റ് ചെയ്യാൻ ആരുന്നു പ്ലാൻ, പക്ഷെ ആഴ്ചയിൽ ഒരു ദിവസം മാത്രമേ അവിടെ ടെസ്റ്റിംഗ് ഉള്ളു. പിന്നെ എവിടെ ടെസ്റ്റ് ചെയ്യും എന്ന അന്വേഷണത്തിൽ അന്നത്തെ ദിവസവും പോയി.ഹോസ്പിറ്റലിൽ അച്ഛന്റെ കൂടെ പോയെങ്കിലും അവിടുത്തെ ഇൻഷുറൻസ് ഉൾപ്പെടയുള്ള പേപ്പർ വർക്ക് ചെയ്യുന്നതിലും അഡ്മിഷൻ പ്രോസസ്സിലുമായിരുന്നു എന്റെ ശ്രദ്ധ. ടെസ്റ്റ് കൾ അച്ഛൻ ആണ് ചെയ്യിച്ചത്. വ്യക്തമായി പറഞ്ഞാൽ എങ്ങനെ ടെസ്റ്റ് ചെയ്യും എന്ന ഐഡിയ അപ്പോഴും എനിക്ക് ഉണ്ടായിരുന്നില്ല.
ഇനി മടിച്ചിട്ട് കാര്യമില്ല, എന്തായാലും ടെസ്റ്റ് ചെയ്തേ മതിയാകു എന്ന് കരുതി പിറ്റേന്ന് പട്ടത്തെ SUT യിലേക്ക് പോയി. അവിടെ ചെയ്‌യപ്പോഴാണ് ആന്റിജൻ ടെസ്റ്റ് ഇത്രയും എളുപ്പമുള്ള മുന്നൂറു രൂപയ്ക്കു ചെയ്യാവുന്ന ഒരു കാര്യമാണെന്ന് മനസിലായത്. അവിടെ പുറത്തു ഒരു ഷാമിയാന ഷെഡ് അവർ തയ്യാറാക്കിയിരുന്നു, അവിടെ ആധാറും ഫോൺ നമ്പറും കൊടുത്തു ഓ/പി പേഷ്യന്റ് ആയി രജിസ്റ്റർ ചെയ്തു ബില്ലടച്ചാൽ 20 മിനിറ്റിനുള്ളിൽ ടെസ്റ്റ് ചെയ്തു നിങ്ങൾ ഇൻഫെക്ട് ആണോ എന്ന് അറിയിക്കും. ഈ ഒരു ടെസ്റ്റ് ആണല്ലോ ലെഗസി ഹോസ്പിറ്റലായ കരുനാഗപ്പള്ളി പരമേശ്വരൻ പിള്ളയുടെ അടുത്ത് പനിയുമായി ചെന്നപ്പോൾ അവർ ചെയ്യാഞ്ഞതെന്നു ഒരുനിമിഷം ചിന്തിച്ചു. അന്നവിടെ ആ ടെസ്റ്റ് ചെയ്തിരുന്നെങ്കിൽ .... പറഞ്ഞിട്ട് കാര്യമില്ല, സംഭവിച്ചതെല്ലാം നല്ലതിന്..
SUTയിൽ കേശു ഒഴിച്ച് ഞങ്ങളുടെ എല്ലാരുടെയും സ്വാബ് , (എന്റേത് രണ്ടു തവണ ) എടുത്ത് ടെസ്റ്റ് ചെയ്തു. റിസർട്ട് ചിന്നുവും ശ്രീകുട്ടിയും വീക്കിലി പോസിറ്റീവ്. ഞാൻ -VE , ടെസ്റ്റ് ചെയ്ത നേഴ്സ് രണ്ടു മൂന്ന് ദിവസം കഴിഞ്ഞു നിങ്ങൾ ഒന്നുകൂടെ ടെസ്റ്റ് ചെയ്താൽ എല്ലാവരും -VE ആകുമെന്ന് പറഞ്ഞു ആശ്വസിപ്പിച്ചു വീട്ടിലേക്കു വിട്ടു.
വീട്ടിൽ വന്ന വഴിക്കു ഞങ്ങളുടെ ആശാവർക്കാറെയും തലേന്ന് വിളിച്ച ഗവർമെന്റ് ഹെഡ് നേഴ്സ്നെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു. നിങ്ങൾ ഒരു കാരണവശാലും പുറത്തു പോകരുത്, കൂടെ യുള്ള ആൾ -VE ആയതു അയാൾക്ക്‌ ഇത് വരെ വരാത്തതിനാലാണ്, ഇനി വരാൻ പോകുന്നതേ ഉള്ളു, വീക്കിലി പോസിറ്റിവ് എന്നാൽ നിങ്ങൾക്ക് അസുഖം തുടങ്ങുന്നതേ ഉള്ളു... കൂനിന്മേൽ കുരു എന്നരീതിയിൽ ഫുൾ ടെൻഷൻ ആക്കുന്ന കുറെ ജൽപ്പന്നങ്ങൾ. ആദ്യം കുറെ നേരം ഇതൊക്കെ ചിന്നു കേട്ടിരുന്നു. ഗതികെട്ട് അവൾ ഫോൺ കട്ട് ചെയ്തു. പിന്നീട് ചേച്ചി വിളിച്ചപ്പോൾ വീക്കിലി +VE ന്റെ ഡഫനിഷനും നിങ്ങൾ ഈ ടെസ്റ്റിംഗ്സ്വാബ്‌ കണ്ടിട്ടാണൊ ഈ അഭിപ്രായം പറയുന്നേതു ചോദിച്ചപ്പോൾ അവർ ഫോൺ വെച്ചിട്ടോടി. പിന്നീട് അവർ വിളിച്ചപ്പോഴൊക്കെ മനപ്പൂർവ്വം ഞാൻ തന്നെ സംസാരിക്കാൻ ശ്രമിച്ചു.
അച്ഛൻ 'അമ്മ ആശുപത്രിയിൽ, വീട്ടിൽ രണ്ടു +VE കേസ്, ഇതിനിടക്ക് നഴ്സും ആശാവർക്കാരും കൂടെ തരുന്ന ടെൻഷൻ, ഇതൊന്നും പോരാഞ്ഞിട്ട് പുറത്തു കടയിലോ മറ്റോ പോയി ഒന്നും വാങ്ങുവാൻ കഴിയാത്ത ക്വാറന്റൈൻ സംവിധാനം.എന്നിരുന്നാലും നല്ലവരായ ഒന്ന് രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെ ദിവസങ്ങൾ തള്ളി നീക്കി. നാല് ദിവസം കഴിഞ്ഞു ഞങ്ങൾ വീണ്ടും SUT യിൽ പോയി ടെസ്റ്റ് ചെയ്തു. ഇത്തവണ എല്ലാവരും -VE , അവിടെ നിന്ന് തന്നെ ഞങ്ങളെ വിളിച്ചു പേടിപ്പിച്ചുകൊണ്ടിരുന്ന നഴ്സമ്മയെ വിളിച്ചു വിവരം പറഞ്ഞു. വീക്കിലി +VE എന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അവർ ഫോൺ കട്ട് ചെയ്തു.
ദിവസങ്ങൾ പിന്നെയും കടന്ന് പോയി. ആശുപത്രീയിൽ അഡ്മിറ്റ് ആയിരുന്നവരുടെയും ടെസ്റ്റ് റിസൾട്ട് -VE ആയി. സാമാന്യം മോശമല്ലാത്ത ഒരു ബില്ലും നല്ല ടെൻഷനും തന്നിട്ട് കുറെ ആരോഗ്യവും കാർന്നെടുത്തു കോവിഡ് സീസൺ ഒന്ന് അരങ്ങൊഴിഞ്ഞു.
പാളിയ പ്രതിരോധത്തിൽ നിന്നും പഠിച്ച പാഠങ്ങൾ..
* കോവിഡ് വരില്ല എന്നുകരുതി ജീവിക്കാതിരിക്കുക!!! ഒരിക്കൽ നമ്മൾ അറിയാതെ ഇത് നമ്മുടെ ഇടയിലേക്ക് അവൻ വരും... അപ്പോൾ എങ്ങനെ ഡീൽ ചെയ്യണമെന്ന് ഒന്ന് പ്ലാൻ ചെയ്തു വെച്ചേക്കുക.
* പാൻഡെമിക് സിറ്റുവേഷൻ ആയതിനാൽ അത്യാവശ്യമെങ്കിൽ ഹോസ്പിറ്റലിൽ പോകാൻ മടിക്കരുത്
* കോവിഡ് വന്നാൽ കുറച്ചു ദിവസത്തേക്കെങ്കിലും സമൂഹത്തിൽ ഒറ്റപ്പെടും, അത് ഡീൽ ചെയ്യാനുള്ള contact ഒക്കെ കരുതി വെക്കുക.
*എപ്പോൾ പനിവന്നാലും ക്ലിനിക്കിൽ പോകുന്നതിനു പകരം കഴിയുമെങ്കിൽ ഒരു കോവിഡ് ടെസ്റ്റ് ചെയ്തതിനു ശേഷം മെഡിസിൻ എടുക്കുക.
*ആശ വർക്കാരൻമാരെയും ഗവർമെന്റ് സംവിധാനത്തെയും അധികം ഡിപെൻഡ് ചെയ്യാതിരിക്കാൻ ശ്രമിക്കുക. അവർ നമ്മുടെ ആരോഗ്യത്തെക്കാൾ നമ്പർ എങ്ങനെ കുറച്ചു കാണിക്കാം എന്നതിലാണ് ശ്രദ്ധിക്കുക.
*പ്രായമായവർക്ക് കോവിഡ് വന്നാൽ കാര്യങ്ങൾ കൈ വിടും, മെഡിക്കൽ കണ്ടിഷൻസ് ഉള്ളവർ ആണെകിൽ അവരുടെ അവസ്ഥ തീരെ മോശമായിരിക്കും ( From Our experiece, I dont want to reveal much on this.)
* ഈ അസുഖം സാമൂഹിക അകലവും മാസ്കുമൊക്കെ ഉപയോഗിച്ചാൽ നമ്മൾ ഉദ്ദേശിക്കുന്ന അത്ര വേഗം പകരും എന്ന് തോന്നുന്നില്ല, വീട്ടുകാർക്കല്ലാതെ എന്റെ കൂടെ സഹകരിച്ച ഒരാൾക്കും എന്നിൽ നിന്നും കോവിഡ് കിട്ടിയില്ല എന്നതാണ് എന്റെ അനുഭവം.
* കോവിഡിന്റേതായ ലക്ഷണങ്ങൾ ഇല്ലാതെ പലർക്കും ഇത് വന്നു പോകുന്നുണ്ട്, ശ്രദ്ധിക്കുക.
GoodLuck!!!
Saveesh.S.

കോവിഡ് ചെറിയ പനിയല്ല!!! (ഭാഗം 2)

പാൻഡെമിക് സിറ്റുവേഷനായതിനാൽ ഏതൊരു പനിയും ചെറിയ പരിഭ്രാന്തി പരത്തുമെങ്കിലും, ഞാൻ വൈറൽ ഫീവർ എന്ന് കരുതിയിരുന്ന പനി ദിവസങ്ങൾക്കുള്ളിൽ എന്നെ വിട്ടുപോയി. പനിവന്നാൽ വേണമെങ്കിലും വേണ്ടെങ്കിലും കാര്യമായി ആഹാരം കഴിക്കുക ശീലമാണ്. പനി നമ്മളെ തൊപ്പിക്കുന്നതിനു മുൻപ് പനിയെ തിന്നു തൊപ്പിക്കുക എന്നാണല്ലോ!!!

അങ്ങനെ അടുത്ത വീക്കെൻഡ് ആയി , ഓഫീസിലെ ജോലിയും പനിയുടെ ക്ഷീണവുമൊക്കെ മാറ്റാൻ കാര്യമായി എന്തെങ്കിലും ഉണ്ടാക്കി കഴിക്കാനായിരുന്നു പ്ലാൻ, ബ്രേക്ഫാസ്റ്റിനു ബർഗർ ഉണ്ടാക്കി കഴിക്കാൻ ഞാനും ചിന്നുവും കൂടെ പ്ലാൻ ചെയ്തു. ലെറ്റൂസ് ബ്രഡ് ഉൾപ്പടെയുള്ള സാധനങ്ങൾ ഒക്കെ വാങ്ങി വന്നു, ഉണ്ടാക്കി കൊണ്ടിരിക്കുന്നതിനിടക്ക് ചിന്നുവിനും ചെറിയ തലവേദനയും ക്ഷീണവുമൊക്കെ തോന്നി തുടങ്ങി. പണി പാളിയോ ഈശ്വര!!! എന്ന ചിന്തയിൽ അവളോടും ആശുപത്രിയിൽ പോകണോ എന്ന് ചോദിച്ചപ്പോൾ , ഹേ വേണ്ട, ചേട്ടനുവന്നതുപോലെ വൈറൽ ഫീവർ ആയിരിക്കും...
വോ... പോകാൻ പറ.. ഈസി മട്ടിൽ ഞാനും.
കുഞ്ഞിനെ ഫീഡ് ചെയ്യുന്നതിനാൽ അയാളും ഡോളോയും കൊണ്ട് പനി കണ്ട്രോൾ ചെയ്തുനിന്നു. മിഡ് വീക്ക് ആയപ്പോൾ കേശുവിനും ചൂട് കാണിച്ചു , അവൻ ഒന്ന് ഛര്ദിക്കുകയും ചെയ്തു. അവൻ ഒരു രീതിയിലും കയ്യിൽ ഒതുങ്ങാത്ത അവസ്ഥ. ആറുമണിക്കൂർ ഇടവിട്ട് ഒരു ദിവസം ക്രോസിൻ കൊടുത്തപ്പോൾ അവന്റെ ചൂടും കണ്ട്രോൾ ആയി, എന്നാലും കുഞ്ഞല്ലേ, ഒരു ഡോക്ടറെ കാണിച്ചു, കക്ഷിയും രണ്ടു ദിവസംകൂടി ക്രോസ്സിൻ കൊടുക്കാൻ പറഞ്ഞു. അങ്ങനെ അവന്റെയും പനി മാറി, നിർബന്ധം രണ്ടു ദിവസംകൂടി നിന്നു. ഇതിനിടക്ക് ശ്രീകുട്ടിക്കും ചൂടുവന്നു. അവൾക്കും ഉണ്ടായിരുന്ന ക്രോസ്സിൻ തന്നെ കൊടുത്തു, രണ്ടു ദിവസംകൊണ്ടു അവളും പഴയപടി. അപ്പോഴും എല്ലാവര്ക്കും വൈറൽ വന്നുപോകുന്നു എന്നായിരുന്നു ഞങ്ങളുടെ ധാരണ.
ഇതിനിടക്ക് എപ്പോഴോ അച്ഛനും അമ്മക്കും പനി ആയി, വീട്ടിലെ സീനും മാറി, അച്ഛനും അമ്മയ്ക്കും ഞാൻ കഴിച്ച അതെ ആന്റിബൈക്കോടിക് ഒക്കെ കൊടുത്തു നോക്കി, പക്ഷെ ഗുണം ഉണ്ടായില്ല, അവരുടെ ആരോഗ്യസ്ഥിതി, കുഞ്ഞുങ്ങളെ നോട്ടം വീട്ടിലെ കാര്യങ്ങൾ ഒക്കെ അവതാളത്തിൽ, ഇടക്ക് ആശാവർക്കറെ അച്ഛൻ വിളിച്ചു, അവർ ഒരു രീതിയിലും ടെസ്റ്റ് ചെയ്യുവാൻ പ്രേരിപ്പിക്കുന്നില്ല, ടെസ്റ്റ് ചെയ്താൽ എല്ലാവര്ക്കും പോസിറ്റീവ് ആകും പോലും. കൂടാതെ അസുഖം ഇല്ലാതെ ടെസ്റ്റ് ചെയ്യാൻ ചെന്നാൽ അവിടെ നിന്നും കിട്ടുമെന്നും.... അവർക്ക് രോഗിയോടും സർക്കാരിനോടും വല്ലാത്ത കരുതൽ!
അമ്മയുടെ പനി ഒട്ടും കുറയാത്തതിനാൽ അച്ഛൻ അടുത്തൊരു ഡോക്ടറെ consult ചെയ്തു. അവിടുന്ന് രണ്ടു ദിവസത്തേക്ക് മരുന്ന് കൊടുത്തു, അതുകൊണ്ടു വല്യ കാര്യം ഉണ്ടായില്ല. ഇടക്ക് എനിക്ക് മൈനാഗപ്പള്ളിയിൽ വീണ്ടും വരേണ്ട ആവശ്യം ഉണ്ടായി....
( വീട്ടിൽ എല്ലാർക്കും പനി കൊണ്ടു കൊടുത്തതിന് ചിന്നു വീട്ടിൽ നിന്നും പുറത്താക്കിയതല്ല ആ ആവശ്യമെന്ന് പറയാൻ പറഞ്ഞു ) 🤐😜
അങ്ങനെ പെട്ടിയും കെടക്കയുമൊക്കെയായി നുമ്മ വീണ്ടും മൈനാഗപ്പള്ളിക്ക്.....
Date - 27/1
(തുടരും)

പാഴായിപോയ പ്രതിരോധം!! (ഭാഗം - 1)

ഏകദേശം ഒരു വർഷം മുമ്പാണ് ഫെസ്ബുക്കിൽ കോവിഡിനെ കുറിച്ച് വീഡിയൊ ചെയ്തത്. ഏകദേശം 2.5 M ആളുകൾ കാണുകയും അതിനാൽ അവർ കോവിഡിനെതിരെ പ്രതിരോധവും അവയർനെസ്സാവുകയുമൊക്കെ ചെയ്തിട്ടുണ്ടാവണം.എന്നാൽ 2021 പിറന്നത് ബാഡ്ലക്കോടെയാണ്. ജനുവരി പത്തിനകത്ത് അറിയാത്ത ഉറവിടത്തിൽ നിന്നും ഞാനും ഇൻഫെക്ടഡ് ആയി.

ജനുവരി പതിനാറാം തീയതി ഉച്ചക്ക് ശേഷം സമീപകാലത്തെങ്ങും ഇതുവരെ അനുഭവിച്ചില്ലാത്ത ക്ഷീണത്തോടെ തലവേദനയും ചൂടുമായി പനി വന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാലും അധികം ആൾകൂട്ടത്തിൽ പോകാത്തതിനാലും എവിടെ പോയാലും സാനിട്ടൈസറും മാസ്കും ഉപയോഗിക്കുന്നതിനാലും കോവിഡ് ആകുമെന്ന് ഒരിക്കലും കരുതിയില്ല. മാത്രവുമല്ല ഒരു പാരസെറ്റമോൾ കഴിച്ച് കുറച്ച് നേരം മയങ്ങിയ ശേഷം ഒരുണർവ് കിട്ടി , അപ്പോൾ പിറ്റേന്നത്തെ മണ്ണൂർക്കാവ് ഉത്സവത്തിന് പങ്കെടുക്കാനായി തിരുവനന്തപുരത്ത് നിന്നും നാട്ടിലേക്ക് കാറെഡുത്ത് ഇറങ്ങി.വളരെ പണിപ്പെട്ട് എനർജി ഡ്രിങ്കിൻ്റെ ഒക്കെ സഹായത്താൽ സാധാരണ രണ്ടര മണിക്കൂറിൽ മൈനാഗപ്പള്ളി പിടിക്കുന്ന ഞാൻ ഏകദേശം നാല് മണിക്കൂറെഡുത്ത് നാട്ടിലെത്തി.
ഒൻപതാം ഉത്സവം കഥകളിയുടെ ദിവസമായതിനാൽ കുറച്ച് നേരം കളി കാണാൻ മോഹമുണ്ടായിരുന്നു. പുറംവേദന കിടന്നെടുത്ത് നിന്ന് ഒന്നു തിരിയാൻ പോലും അനുവദിക്കുന്നുണ്ടായിരുന്നില്ല. അസഹ്യമായ ദേഹം വേദനകാരണം അന്ന് രാത്രി ഉറങ്ങുവാൻ കഴിഞ്ഞില്ല. പിന്നല്ലെ കഥകളി!!!
പിറ്റേന്ന് തന്നെ തിരികെ വരേണ്ട ആവശ്യമുണ്ടായിരുന്നു. പതിനൊന്ന് മണിക്ക് കഞ്ഞി കുടിച്ചിട്ട് പനി വന്നാൽ എപ്പോഴും പോകുന്ന പരമേശ്വരൻ പിള്ളയുടെ ആശുപത്രിയിൽ പോയി, കോവിഡ് സീസണായതിനാൽ അവർ ഒരിഞ്ചക്ഷനും ഒരു ദിവസത്തേക്കുള്ള മരുന്നും തന്നു.പണ്ടൊക്കെ എപ്പോൾ പനി വന്നാലും പോയെടുക്കാറുള്ള പരമേശ്വരൻ പിള്ള സ്പെഷ്യൽ ഇഞ്ചക്ഷൻ ഉൻമേഷം തിരികെ തന്നു.
അങ്ങനെ ഉച്ചക്ക് ഉത്സവഊണും ഉണ്ട് വൈകുന്നേരം അമ്പലത്തിൽ സകുടുംബം കയറി തൊഴുത് തിരികെ പട്ടമെത്തി.
തിങ്കളാഴ്ചയും നല്ലക്ഷീണമനുഭവപ്പെട്ടു, പാരസെറ്റമോളും കഴിച്ച് കുറെ നേരം കിടന്നുറങ്ങിയപ്പോൾ വല്ലാത്ത ആശ്വാസം.
തൊട്ടടുത്ത ദിവസം മുതൽ ചെറിയ ക്ഷീണമുണ്ടായിരുന്നെങ്കിലും അത് വകവെക്കാതെ സുഹുത്ത് സജസ്റ്റ് ചെയ്ത ഒരു ആൻ്റിബയോട്ടിക്കുമെടുത്ത് ജോലിക്ക് കയറി.
ഒന്ന് രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോൾ എൻ്റെ പനി വിട്ടു. ഞാൻ ബാഡ്മിൻ്റണും കുറച്ച് നടത്തയുമൊക്കെയായി പതിയെ നോർമൽ ജീവിതത്തിലേക്ക് തിരികെ വന്നു...
(Date - 21/1)
അപ്പോഴൊന്നും ഞാനറിയുന്നുണ്ടായിരുന്നില്ല ഞാൻ ഇൻഫെക്റ്റഡ് ആയിരുന്നുവെന്ന്...
(കുട്ടി കോവിഡ് സ്റ്റോറി തുടരും...)

Tuesday, December 22, 2020

മൈനാഗപ്പള്ളി പതിനെട്ടാം വാർഡ് തെരെഞ്ഞെടുപ്പ് അവലോകനം - 2020

മൈനാഗപ്പള്ളി പതിനെട്ടാം വാർഡ്  തെരെഞ്ഞെടുപ്പ് അവലോകനം - 2020 

മുൻവർഷത്തെ പോലെത്തന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പും കുറെ അറിവുകൾ തന്നു, വ്യക്തിപരമായി പതിറ്റാണ്ടുകൾക്ക്  ശേഷമാണ് വീണ്ടും ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയായത്. സ്ഥാനാർഥി നിർണയം മുതൽ നോട്ടീസ് എഴുതുന്നതിലും പോസ്റ്റർ ഒട്ടിക്കുന്നതിലുൾപ്പടെ പ്രചരണ വിഭാഗങ്ങളിൽ ഒക്കെ പങ്കാളിയായി. അതിലെല്ലാം ഉപരി മൈനാഗപ്പള്ളിയുടെ ഹൃദയഭാഗമായ കടപ്പാ പതിനെട്ടാം വാർഡിന്റെ അവസ്ഥകളും ആവശ്യങ്ങളും മനസിലാക്കുവാനും കഴിഞ്ഞു.  സാധാരണക്കാരിൽ സാധാരണക്കാരായ ദിവസക്കൂലി മാത്രം വരുമാന മാർഗമുള്ള ഭൂരിപക്ഷ  സമൂഹം, അത്യാവശ്യ കാര്യങ്ങൾ മാത്രം സ്വപ്നം കാണുന്ന ഒരു കൂട്ടം കുടുംബങ്ങൾ, ബിജെപി മെമ്പർ വരെയുണ്ടായിട്ടും എല്ലാവര്ക്കും കെട്ടുറപ്പുള്ള വീട് എന്ന സ്വപ്നം ഇനിയും വിദൂരം. പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട യുവത്വത്തിന് നാടിന്റെ ആവശ്യം മനസിലാക്കി പ്രവർത്തിക്കാൻ കഴിയട്ടെ,ആശംസകൾ.


എങ്കിലും കണ്ടത് ചിലതൊക്കെ പറയാതെ വയ്യ. നമ്മുടെ ജനാധിപത്യത്തിന്റെ നെടുംതൂൺ ജാതീയ സാമൂദായിക മതപരമായ വ്യവസ്ഥകൾ ആണെന്ന വസ്തുത മനസിലാക്കി കൊണ്ടാണ് ജനറൽ വിഭാഗത്തിൽ ഈ വ്യവസ്ഥകൾക്ക് വിഭിന്നമായ ഒരു സ്ഥാനാർത്ഥിയെ നിർണത്തണമെന്നു വ്യക്തിപരമായി എന്നോട് അഭിപ്രായം ചോദിച്ചവരോടൊക്കെ അറിയിച്ചത്. കഴിഞ്ഞ അഞ്ചുവർഷം ചെയ്ത പ്രവർത്തനങ്ങളുടെ ഒരു വിലയിരുത്തൽ ഉണ്ടാകണം അതിനനുസരിച്ചു മുന്നോട്ടുള്ള കാര്യങ്ങൾ വ്യവസ്ഥ ചെയ്യണം എന്നൊക്കെയായിരുന്നു കണക്കു കൂട്ടലുകൾ. ഒരു ഫെയർ പ്ലേ ആണ് പ്രതീക്ഷിച്ചത് , എന്നാൽ കിട്ടിയതോ ഒരു ഡേർട്ടി ഗെയിമും.  ചർച്ചചെയ്യപ്പെടേണ്ടത് വികസനവും ജനങ്ങളുടെ ആവശ്യങ്ങളുമായിരുന്നെങ്കിൽ ചർച്ച ചെയ്യപ്പെട്ടത് സ്ഥാനാർത്ഥികളുടെ ജാതിയും വർഗ്ഗവും വർണ്ണവുമൊക്കെയും. 


വികസനമോ ജനക്ഷേമവുമെല്ലാം മാറ്റിവെച്ചു വീട് വീടാന്തരം പൂരിപക്ഷ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുവാൻ എതിർപക്ഷം വ്യക്തമായി ശ്രമിച്ചു. ഏതൊരു മത്സരത്തിലും എതിരാളിയെ തറപറ്റിക്കുവാൻ കിട്ടുന്ന അവസരം ഉപയോഗിക്കണം എന്ന് തന്നെയാണ്, എന്നാലും അതിനു വർണ്ണവെറിയുടെ കൂട്ടുപിടിക്കുന്നത് ഞാനും കൂടെ ഉൾപ്പെടുന്ന സമൂഹത്തിൽ നിന്ന് നോക്കുമ്പോൾ വളരെ അപരിഷ്കൃതമായി തോന്നി. ഇളക്കിവിട്ട വർണ്ണവെറി കാട്ടുതീപോലെ പടർന്നുവെന്നു സൂചിപ്പിക്കുന്നതാണ് കണക്കുകൾ. വർണ്ണവും വർഗ്ഗവും പറഞ്ഞു വേർതിരിച്ചവർ തന്നെ പുറത്തേക്കു മാറിനിന്നു മാനവീയത പറയുമ്പോൾ അവർ മാനവീയതയുടെ മുഖമൂടി അണിയുമ്പോൾ അവരോടുള്ള പുച്ഛം കൂടി വരുന്നു. അവർ പിടിക്കുന്ന കോടിയുടെ നിറം ചുവപ്പാണ് പോലും, മനുഷ്യനെ ജാതീയമായി തമ്മി തല്ലിക്കുവാൻ അവർ കാട്ടിയ കുശലതക്ക് ജനാധിപത്യത്തിൽ വിജയമെന്നാണ് പോലും പേര്. 

ചരിത്രം നോക്കിയാൽ പോലും ആദ്യമായാണ് കഴിഞ്ഞ തവണ ഒരു താഴെത്തട്ടിലുള്ള ഒരാൾ അവിടെ ജനപ്രതിനിധി ആയതു, അതിനു മുമ്പും പിമ്പും ഇനി ഒരു പക്ഷെ മുന്നോട്ടും അവിടെ സവർണ്ണ മേധാവിത്വ൦ മാത്രമേ നിലനിൽക്കൂ , അതിനെ വിത്തുകൾ വളരെ ശക്തമായി തന്നെ  അവർ വളർത്തിയെടുത്തിട്ടുണ്ട്.ഇനി വരുന്ന തവണയെങ്കിലും പതിനെട്ടാം വാർഡ് പിന്നോക്ക റിസർവേഷൻ വാർഡ് ആകണമെന്നാണ് എന്റെ വ്യക്തിപരമായ ആഗ്രഹം. അങ്ങനെയെങ്കിലുമവരിലൊരാൾ ജനപ്രതിനിധി ആകുമല്ലോ, അപ്പോഴുണ്ടാകുന്ന വോട്ടിങ് ശതമാനത്തെ കുറിച്ച നമുക്ക് അന്ന് ചർച്ചചെയ്യാം. 


വ്യക്തികളുടെ സ്വാർത്ഥ താല്പര്യത്തിനായി അവർക്കാവശ്യം ഉള്ളെടുത്തു മതവും വർഗ്ഗവും വർണ്ണവും പറയുമ്പോൾ കഴിയുന്നെടുത്തു സാമ്പത്തികവും ലഹരിയും നൽകി വോട്ടുറപ്പിക്കുമ്പോൾ അവർ രാഷ്ട്രീയക്കാരനാകുന്നു. രാഷ്ട്രീയം രാഷ്ട്രത്തിനു വേണ്ടിയുള്ളതാണെന്നും അവിടെ രാഷ്ട്ര പുരോഗതിയും ഒരുമയും ചർച്ചചെയ്യപ്പെടണമെന്നു ആഗ്രഹിക്കുമ്പോൾ അവർ സംഘികളും കൂടെ കൂട്ടാൻ പറ്റാത്തവനും.ഡൊണാൾഡ് ട്രംഫ് എങ്ങനെ പ്രസിഡണ്ട് ആയി എന്ന ചോദ്യത്തിന് മറുപടിയായി ഒബാമ കുറിച്ചതിങ്ങനെയാണ് , ഒരു കറുത്തവർഗക്കാരൻ അമേരിക്കൻ പ്രസിഡണ്ട് ആയതിനോടുള്ള ചൊരുക്ക് അമേരിക്കയിലെ ഒരു വലിയ വിഭാഗം തീർത്തതാണ് ട്രംഫിന്റെ പ്രസിഡന്റ് സ്ഥാനം. (Americans spooked by black man in Whie House led to Donald Trumph's presidency, Barack Obama) അതുപോലെ ഒരു അഗസ്‌ഥിത വർഗ്ഗത്തിൽ പെട്ട ഒരാൾ അവരുടെ ജനപ്രതിനിധിയായപ്പോൾ ഉൾക്കൊള്ളുവാൻ കഴിയാതെ പോയതിന്റെ പ്രതിഫലനമാണ് ഇത്തവണ മൈനാഗപ്പള്ളി പതിനെട്ടാം വാർഡിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

വേണ്ട എന്ന് പലതവണ കരുതിയതാണ് എന്നിരുന്നാലും കേവലം  സ്വാർത്ഥ താല്പര്യത്തിനായി അഭ്യസ്തവിദ്യരുൾപ്പെടുന്ന സമൂഹത്തെ ബന്ധുത്വത്തിന്റെയും ജാതിയുടെയും പേരിൽ ഇത്രയും പിന്നോട്ട് വലിച്ചവരെ ഒന്നടയാളപ്പെടുത്തിയില്ലെങ്കിൽ പിന്നെ എന്തിനു ഈ പൊതു ഇടങ്ങൾ.

[കോൺഗ്രസ്സ് കാരനായ സ്ഥാനാർഥിക്കു ഇതൊന്നും ബാധകമല്ലേ എന്ന മറുചോദ്യം ഉണ്ടായേക്കാം ,  ഒരു പക്ഷെ കക്ഷി തോക്കേണ്ടിയിരുന്നത് അവരുടെ പാർട്ടിക്കാരുടെ തന്നെ ആവശ്യമായിരുന്നുവെന്നുമാണ് ഞാൻ മനസിലാക്കിയത്.  ബിജെപിക്കാരുടെ പാലം വലിയും അധികാരമോഹവും സംഘടനാ ചട്ടക്കൂടിന്റെ കഴിവുമൊക്കെ അവർ ചർച്ചചെയ്യട്ടെ.]


സവീഷ് 

Saturday, August 10, 2019

സംഗീത സാന്ദ്രമായ കർക്കിടകം

ശ്രീരാമ സംഗീതസാഗരം

ശ്രീരാമ നാമം മുഴങ്ങുന്ന കർക്കിടകം, എവിടെയും മഴയുടെ ആരവം ഇതിനിടയിൽ മൈനാഗപ്പള്ളി വെട്ടിക്കാട്ട് മഹാദേവരുടെ തിരുമുന്നിൽ സംഗീതപ്പെരുമഴ ഇരുപത്തിയഞ്ച് ദിവസം പിന്നിടുന്നു. ശ്രീരുന്ദ്രം സംഘടിപ്പിക്കുന്ന ശ്രീരാമസംഗീത സാഗരം ഓണാട്ടുകരയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഗീതാരാധനയാവണം. കഴിഞ്ഞ ഇരുപത്തിയഞ്ച് ദിവസമായി വെട്ടിക്കാട്ട് നടന്നുവരുന്ന സംഗീതാർച്ചന കഥകളി സംഗീതത്തിന്റെ ഈറ്റില്ലമായ മൈനാഗപ്പള്ളിയെ അക്ഷരാർദ്ധത്തിൽ ക്ലാസിക്കൽ സംഗീത സാഗരത്തിൽ ആറാടിക്കുകയാണ്. തെക്കേഇന്ത്യയിലെ പ്രമുഖ സംഗീതജ്ഞർ വെട്ടിക്കാട്ടപ്പന്റെ മുന്നിൽ രാഗങ്ങളുടെ പേമാരി പെയ്യിക്കുമ്പോൾ സംഗീതാസ്വാദകർക്ക് മറ്റൊരനുഭവമാണ് ലഭിക്കുന്നത്.

ഇരുപത്തിയഞ്ചാം ദിവസമായ ഇന്ന്
(10.8.19) വോക്കൽ: കുമാരി. വേദാ പ്രദീപ്, അമ്പലപ്പുഴ , വയലിൻ: ശ്രീ. അമ്പലപ്പുഴ പ്രദീപ്
മ്യദംഗം: ശ്രീ.മുതുകുളം ശ്രീരാഗ് എന്നിവർ സംഗീതപ്പെരുമഴ തീർത്തു.ഇരുപത്തിയാറാം ദിവസമായ നാളെ(11.8.19) സുഹൃത്ത് പാർവ്വതിയും മറ്റ് കലാകാരൻമാരും വെട്ടിക്കാട്ട് അവരുടെ സംഗീതാർച്ചയുമായി എത്തുന്നു.

സമാപന ദിവസമായ കർക്കിടകം മുപ്പത്തിയൊന്ന് വൈകുന്നേരം അഞ്ചിന് കർണ്ണാടക സംഗീതത്തിലെ അതി eശ്രഷ്ടമായ കൃതികളിൽ ഒന്നായ, രാമായണം ചുരുക്കി ബാലകാണ്ഡം അയോദ്ധ്യാകാണ്ഡം ആരണ്യകാണ്ഡം കിഷ്കിന്ധാകാണ്ഡം സുന്ദരകാണ്ഡം യുദ്ധകാണ്ഡം എന്നീ ആറ് കണ്ഡങ്ങളിലെ കഥാസാരം ഉൾപ്പെടുത്തി കൊണ്ട് മഹാരാജാ സ്വാതിതിരുന്നാൾ രജിച്ച 'ഭവയാമി രഘുരാമം' എന്ന കീർത്തനം സംഗീതസാഗരത്തിൽ പങ്കെടുത്ത പ്രശസ്ത സംഗീതജ്ഞർ സംഗീതാർച്ചനയായി ആലപിക്കുന്നു. തുടർന്ന് ശ്രീമതി ബാലാമണി ഈശ്വർ നയിക്കുന്ന സംഗീതസദസ്സ്.

കർക്കിടകത്തിൽ വെട്ടിക്കാട്ടപ്പന്റെ തിരുമുന്നിൽ ലഭിച്ച സംഗീതപ്പെരുമഴ - ശ്രീരാമസംഗീതസാഗരമാസ്വദിക്കുവാൻ ഓണാട്ടുകരയിലെ ഓരോ സംഗീത പ്രേമികളും മൈനാഗപ്പള്ളിയിൽ ഉണ്ടാകുമല്ലൊ.